ADVERTISEMENT

നിലമ്പൂർ / മലപ്പുറം ∙ നിലമ്പൂർ ടൗണിലെ ‘ആര്യാടൻ’ വീട്ടിൽ ആ മുറിയിൽ എന്നും സന്ദർശകരുടെ തിരക്കായിരുന്നു. മേശപ്പുറത്തെ കൊച്ചു ഗാന്ധി പ്രതിമയെ സാക്ഷിയാക്കി അവരെ കേൾക്കാൻ ആര്യാടൻ മുഹമ്മദ് എന്ന കാരണവരുണ്ടാകും. ഇന്നലെ ആ കസേര ഒഴിഞ്ഞു കിടന്നു. വീട്ടിലെത്തിയ ആയിരങ്ങൾ, തൊട്ടപ്പുറത്തെ വലിയ തീൻമുറിയിലേക്കാണ് എത്തിയത്. ‘കുഞ്ഞീ’ എന്നു ഭാര്യയെ വിളിച്ച്, അതിഥികളെ ഭക്ഷണം നൽകി സന്തോഷിപ്പിച്ചയയ്ക്കാറുള്ള ആ മുറിയിൽ പ്രിയ നേതാവ് അവസാന ഉറക്കത്തിലാണ്.

മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ മൃതദേഹം മലപ്പുറം ഡിസിസി ഓഫിസിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മകനും കെപിസിസി ജനറൽ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്തിനെ ആശ്വസിപ്പിക്കുന്നു. ചിത്രം: മനോരമ

പ്രിയ നേതാവിന് ആദരാഞ്ജലികൾ അർപ്പിച്ച് അവർ നിറകണ്ണുകളോടെ മടങ്ങി. ജില്ലയുടെ ആദ്യ ഡിസിസി അധ്യക്ഷനെ മലപ്പുറത്തെ നേതാക്കൾ അവസാനം വരെ ‘പ്രസിഡന്റ്’ എന്നുതന്നെ വിളിച്ചു. മറ്റു നേതാക്കൾക്കും പ്രവർത്തകർക്കും ‘ആര്യാടൻ സാർ’. എല്ലാവർക്കും നോവായിരുന്നു ആ രാഷ്ട്രീയ മഹാവൃക്ഷത്തിന്റെ വിടവാങ്ങലെന്ന് നിലമ്പൂരിലും മലപ്പുറത്തുമായി അദ്ദേഹത്തെ കാണാനെത്തിയവർ ഹൃദയം കൊണ്ടു തെളിയിച്ചു. ഭൗതിക ശരീരം രാവിലെ 10.30ന് ആണ് നിലമ്പൂരിലെ വീട്ടിലെത്തിച്ചത്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, കെ.എം.ഷാജി എന്നിവർ ആര്യാടൻ മുഹമ്മദിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തൃശൂരിലായിരുന്ന രാഹുൽ ഗാന്ധി ഇവിടെയെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. രാഷ്ട്രീയ, മത, സാംസ്കാരിക സംഘടനകളുടെ നേതാക്കളും പ്രവർത്തകരും പിന്നാലെയെത്തി. വീട്ടിലെ 5 മണിക്കൂർ നീണ്ട പൊതു ദർശനത്തിനു ശേഷം 3.30ന് മൃതദേഹം മലപ്പുറത്തേക്ക് കൊണ്ടു പോയി. 4.45 മുതൽ മലപ്പുറം ഡിസിസി ഓഫിസിൽ പൊതുദർശനത്തിനു വച്ചു. ഇവിടേക്കും പ്രവർത്തകരും നേതാക്കളും കൂട്ടത്തോടെയെത്തി. 6.30ന് വീട്ടിലേക്ക് തിരിച്ചു കൊണ്ടു പോയി.

ആര്യാടന്റെ അടുത്ത സുഹൃത്തുകൂടിയായ ഉമ്മൻ ചാണ്ടി ഡിസിസി ഓഫിസിലെത്തി അന്തിമോപചാരമർപ്പിച്ചശേഷം നിലമ്പൂരിലേക്കു പോയി. ഇന്ന് കബറടക്കം കഴിഞ്ഞേ അദ്ദേഹം മടങ്ങൂ. ആര്യാടന് വിട നൽകാൻ ഡിസിസി ഓഫിസിൽ എത്തിയത് നിരവധി പ്രവർത്തകർ. വൈകിട്ട് ഒന്നേ മുക്കാൽ മണിക്കൂറോളം മാത്രമാണ് ഇവിടെ പൊതു ദർശനമുണ്ടായിരുന്നത്. 

കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.എം.വാരിയർ, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ്, ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത്, ബെന്നി ബഹനാൻ എംപി, എംഎൽഎമാരായ കെ.ബാബു, ഷാഫി പറമ്പിൽ, പി.ഉബൈദുല്ല, പി.നന്ദകുമാർ തുടങ്ങിയവർ ഡിസിസി ഓഫിസിലെത്തി അന്ത്യോപചാരമർപ്പിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com