രാഷ്ട്രീയത്തിൽ ‘ക്രൗഡ് പുള്ളർ’, ഭരണത്തിൽ ‘ടാസ്ക് മാസ്റ്റർ’; ഫയൽ പഠിച്ച് മുന്നേറിയ ഭരണാധികാരി

HIGHLIGHTS
  • കേരളത്തിന് മുതൽക്കൂട്ടായി ആര്യാടൻ എന്ന മന്ത്രിയുടെ ദീർഘവീക്ഷണം
ആര്യാടൻ മുഹമ്മദിന്റെ കുടുംബ ചിത്രം. (ഫയൽ ചിത്രം)
SHARE

മലപ്പുറം ∙ രാഷ്ട്രീയത്തിലെ ആര്യാടൻ മുഹമ്മദ് ‘ക്രൗഡ് പുള്ളറായിരുന്നെങ്കിൽ’ ഭരണത്തിൽ അദ്ദേഹം ‘ടാസ്ക് മാസ്റ്ററായിരുന്നു’. വിദ്യാർഥികൾ പരീക്ഷയ്ക്കു പഠിക്കുന്നതു പോലെ ഫയലുകൾ പഠിക്കും. വിഷയത്തിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കും. നാലു തവണ മന്ത്രിയായി അദ്ദേഹത്തിന്റെ നേട്ടങ്ങളുടെയെല്ലാം പിന്നിൽ ദീർഘവീക്ഷണമുള്ള ഭരണാധികാരിയെ കാണാം. 1980ൽ ഇടതുസർക്കാരിൽ തൊഴിൽ മന്ത്രിയായിരിക്കെ അദ്ദേഹമാണു കർഷകത്തൊഴിലാളി പെൻഷൻ പദ്ധതി നടപ്പാക്കിയത്.

മുൻമന്ത്രി ആര്യാടൻ മുഹമ്മദിന് നിലമ്പൂരിലെ വീട്ടിൽ രാഹുൽ ഗാന്ധി എംപി അന്തിമോപചാരം അർപ്പിക്കുന്നു. കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, പി.കെ.ബഷീർ, ആര്യാടൻ മുഹമ്മദിന്റെ മക്കളായ ആര്യാടൻ ഷൗക്കത്ത്, ഡോ. റിയാസ് അലി തുടങ്ങിയവർ സമീപം. ചിത്രം:ഫഹദ് മുനീർ∙മനോരമ

ആദ്യ ബജറ്റിൽ തന്നെ വകുപ്പിന്റെ നിർദേശമായി അദ്ദേഹം ഇതു മുന്നോട്ടുവച്ചു.  അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന വി.എസ്.അച്യുതാനന്ദൻ പൂർണ പിന്തുണയുമായി ഒപ്പം നിന്നു. പദ്ധതിക്കു നല്ലൊരു തുക ധനവകുപ്പ് വകയിരുത്താൻ അച്യുതാനന്ദന്റെ ഇടപെടലും സഹായകരമായി. മുഖ്യമന്ത്രി നായനാരും പിന്തുണച്ചു. ആര്യാടൻ തയാറാക്കിയ നോട്ടിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ ധനമന്ത്രി കെ.എം.മാണി പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചത്.

എ.കെ.ആന്റണി മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് കൈകാര്യം ചെയ്ത 1995ൽ ആണ് തോട്ടം തൊഴിലാളികളുടെ വേതനം വർധിപ്പിച്ചത്. തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കാൻ ഓടി നടന്ന ചരിത്രമുള്ള ആര്യാടൻ മുതലാളിമാരുടെ സംഘടനയുടെ എതിർപ്പ് മറികടന്നാണു വേതന വർധന നടപ്പാക്കിയത്. സംഘടന കോടതിയിൽ വരെ പോയെങ്കിലും പദ്ധതി നടപ്പായി. സ്ത്രീ തൊഴിലാളികൾക്കു സർക്കാർ വിഹിതത്തോടെ പെൻഷൻ പദ്ധതി നടപ്പാക്കിയതും അക്കാലത്താണ്.

2004–06 ഉമ്മൻ ചാണ്ടി സർക്കാരിൽ വൈദ്യുതി മന്ത്രിയായിരിക്കെ ഗ്രാമീണ വൈദ്യുതീകരണത്തിനുള്ള കേന്ദ്ര പദ്ധതിയായ ആർജിജിവിവൈയിൽ കേരളത്തെ ഉൾപ്പെടുത്തിയതിൽ ഒരു ആര്യാടൻ ടച്ചുണ്ട്. കേരളവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പി.എം.സഈദാണ് അന്നു കേന്ദ്ര വൈദ്യുതി മന്ത്രി. കേന്ദ്രം തയാറാക്കിയ ആദ്യ മാനദണ്ഡപ്രകാരം ഈ പദ്ധതിയിൽ കേരളം ഉൾപ്പെടില്ലായിരുന്നു. ആര്യാടന്റെ അഭ്യർഥന പ്രകാരം കേരളത്തിന്റെ വൈദ്യുതി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സഈദ് യോഗം വിളിച്ചു.

ഗ്രാമീണ മേഖലയിലേക്കു വൈദ്യുതി എത്തിക്കുന്നതിനുള്ള ആർജിജിവിവൈ പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്തണമെന്ന നിർദേശം ആര്യാടൻ യോഗത്തിൽ മുന്നോട്ടുവച്ചു. എന്നാൽ, പദ്ധതിയിലെ മാനദണ്ഡപ്രകാരം കേരളത്തെ ഉൾപ്പെടുത്താനാവില്ലെന്നു ഉദ്യോഗസ്ഥർ നിലപാടെടുത്തു. എന്നാൽ, ജനസാന്ദ്രതയും ഗ്രാമീണ ജനസംഖ്യയും കേരളത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമാണെന്നു ആര്യാടൻ ഉദാഹരണ സഹിതം അവതരിപ്പിച്ചു.

ഇതു മന്ത്രി അംഗീകരിച്ചു. എന്നാൽ, ഭേദഗതി വേണമെങ്കിൽ ആസൂത്രണ കമ്മിഷന്റെ അനുമതി വേണമെന്നും സമയമെടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ആസൂത്രണ കമ്മിഷൻ അനുമതി വേണ്ടെന്നും യോഗ തീരുമാനമായി ഉൾപ്പെടുത്തിയാൽ മതിയെന്നും ആര്യാടൻ സമർഥിച്ചു. കേരളത്തിന്റെ സമ്പൂർണ വൈദ്യുതീകരണത്തിലേക്കു വഴിവെട്ടിയതു ആര്യാടന്റെ അന്നത്തെ നീക്കമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}