ഇളയ സഹോദരിമാർ വിളിച്ചു, നാട്ടുകാർ ആ പേര് ഏറ്റെടുത്തു; അങ്ങനെ ആര്യാടൻ കുഞ്ഞാക്കയായി

SHARE

നിലമ്പൂർ ∙ ആ മൂന്നക്ഷരബലത്തിൽ താങ്ങിയായിരുന്നു നിലമ്പൂരിന്റെ നിൽപ്. ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തോടെ നിലമ്പൂരുകാരുടെ അത്താണിയാണ് നഷ്ടമായത്. ഏതാവശ്യങ്ങൾക്കും നിലമ്പൂരുകാർ ആദ്യം ഓർക്കുക കുഞ്ഞാക്ക എന്ന മൂന്നക്ഷരമായിരുന്നു. തന്നെ സമീപിക്കുന്നവരുടെ പ്രശ്നങ്ങൾക്ക് മത, ജാതി, രാഷ്ട്രീയ വ്യത്യാസമില്ലാതെ അദ്ദേഹം പരിഹാരം കണ്ടു. അതിനായി നിലമ്പൂരിൽ ആര്യാടൻ ഹൗസിന്റെ ഗേറ്റും വാതിലും എപ്പോഴും തുറന്നു കിടന്നു. തർക്ക വിഷയങ്ങളിൽ അവസാന വാക്ക് ആര്യാടന്റേതായിരുന്നു.

മന്ത്രിയായപ്പോൾ എല്ലാ ശനിയാഴ്‌ചകളിലും അദ്ദേഹം നിലമ്പൂരിലെത്തും. വിവിധ പ്രശ്നങ്ങളുമായി എത്തുന്നവരെ സ്വീകരിക്കും. എല്ലാറ്റിനും പോംവഴി കണ്ട് രാത്രി വൈകിയേ ഉറങ്ങൂ. പിറ്റേന്ന് നേരത്തേ ഉണർന്ന് വീണ്ടും സന്ദർശകർക്കിടയിലേക്ക്. മണ്ഡലത്തിൽ വിവാഹ, മരണ വീടുകൾ സന്ദർശിക്കും. പരിപാടികളിലും പങ്കെടുത്ത് രാത്രി വൈകി തിരുവനന്തപുരത്തേക്കു മടക്കം.

തിരുവനന്തപുരത്ത് ആർസിസിയിൽ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ എന്നും ശ്രദ്ധിച്ചു. താമസ, വാഹന സൗകര്യം ക്രമീകരിച്ചു നൽകാനും സഹായത്തിന് പഴ്സനൽ സ്റ്റാഫിനെ അയയ്ക്കാനും അദ്ദേഹം മടി കാണിച്ചില്ല. പലപ്പോഴും സാമ്പത്തികമായും സഹായിച്ചു. തിരഞ്ഞെടുപ്പ് രാഷ്ടീയത്തിൽനിന്ന് വിരമിച്ച ശേഷവും ശീലങ്ങൾക്കു മാറ്റമുണ്ടായില്ല. വീട്ടിൽ രോഗക്കിടക്കയിലും അദ്ദേഹം സന്ദർശകരെ സ്വീകരിച്ചു. പ്രശ്നങ്ങൾക്കു പരിഹാരം നിർദേശിച്ചു. 

വികസന നായകൻ

∙ 1977ൽ ആദ്യമായി എംഎൽഎ ആകുമ്പോൾ റോഡുകളും പാലങ്ങളും കുറവായിരുന്നു. മണ്ഡലം ചുറ്റി സഞ്ചരിക്കണമെങ്കിൽ ദിവസങ്ങൾ വേണ്ടിവരും. മൈലാടി, മുപ്പിനി, കൈപ്പിനി, പനങ്കയം, പാലാങ്കര പാലങ്ങൾ, മുട്ടിക്കടവ് കോസ്‌വേ തുടങ്ങിയവ അദ്ദേഹത്തിന്റെ സംഭാവനകളാണ്. മലയോര മേഖലയിൽ ഉടനീളം റോഡുകൾ നിർമിച്ചു.

പിഎംജിഎസ്‌വൈ പദ്ധതിയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റോഡുകൾ നിർമിച്ചത് ആര്യാടന്റെ കാലത്ത് നിലമ്പൂരിലാണ്. ചുങ്കത്തറ മാർത്തോമ്മ കോളജ്, എല്ലാ പഞ്ചായത്തുകളിലും ഹയർ സെക്കൻഡറി സ്കൂളുകൾ എന്നിവ ആര്യാടന്റെ ഇടപെടലുകളുടെ ഫലമാണ്. നിലമ്പൂർ ഗവ.കോളജിന് അനുമതി നേടിയത് അദ്ദേഹം മന്ത്രിയായിരിക്കെയാണ്. 

വെളിച്ച വിപ്ലവം

∙ വൈദ്യുതി മന്ത്രിയായിരിക്കെ മണ്ഡലത്തിൽ വെളിച്ച വിപ്ലവം നടപ്പാക്കി. മലയോര, കുടിയേറ്റ മേഖലകളിലും ഉൾവനത്തിലെ ആദിവാസി കോളനികളിലും വരെ വൈദ്യുതി എത്തിച്ചു. നിലമ്പൂരിൽ മിനി വൈദ്യുതി ഭവൻ നിർമിച്ചു. സെക്‌ഷൻ ഓഫിസിനെ ഡിവിഷൻ, സർക്കിൾ തലത്തിലേക്ക് ഉയർത്തി. നിലമ്പൂർ വെളിയംതോട്, പാലുണ്ട സബ്സ സ്റ്റേഷനുകളുടെ ശേഷി കൂട്ടി. പൂക്കോട്ടുംപാടം, പോത്തുകൽ  എന്നിവിടങ്ങളിൽ പുതിയ സബ് സ്റ്റേഷനുകൾ സ്ഥാപിച്ചു.

ജില്ലയിലെ ആദ്യ ചെറുകിട ജലവൈദ്യുത പദ്ധതിയായ ആഢ്യൻപാറയുടെ സ്ഥാപകനും ആര്യാടനാണ്. നിലമ്പൂർ ജില്ലാ ആശുപത്രിയെ ഇന്നത്തെ നിലയിലേക്ക് ഉയർത്തിയതും ആര്യാടനാണ്. അദ്ദേഹം എംഎൽഎ പദവിയിലെത്തുമ്പോൾ കൈവിരലിൽ എണ്ണാവുന്ന ഡോക്ടർമാർ പോലും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. ക്രമേണ ഈ ആശുപത്രിയെ താലൂക്ക്തലത്തിലേക്കും ഒടുവിൽ മന്ത്രിയായിരിക്കെ ജില്ലാ ആശുപത്രിയായും ഉയർത്തി. പുതിയെ കെട്ടിടങ്ങൾ നിർമിച്ചു.

വഴിതെളിച്ച നേതാവ് 

∙ നിലമ്പൂർ ബൈപാസ് റോഡ് നിർമാണം തുടങ്ങിവച്ചത് ആര്യാടനാണ്. നാടുകാണി- പരപ്പനങ്ങാടി റോഡ് വികസനത്തിന് 425 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നേടിയെടുത്തതും മറ്റാരുമല്ല. 1996ൽ നിലമ്പൂർ താലൂക്ക് നിലവിൽ വന്നത് ആര്യാടന്റ ശ്രമഫലമാണ്. നിലമ്പൂർ സിവിൽ സ്റ്റേഷൻ കെട്ടിടം നിർമാണത്തിന് ഭരണാനുമതി ലഭിച്ചത് അദ്ദേഹം ഒടുവിൽ മന്ത്രിയായിരിക്കെയാണ്. 

അങ്ങനെ ആര്യാടൻ കുഞ്ഞാക്കയായി

∙ ഇളയ സഹോദരിമാരാണ് ആര്യാടൻ മുഹമ്മദിനെ കുഞ്ഞാക്ക എന്ന് ആദ്യം വിളിച്ചത്. പിന്നീട് നാട്ടുകാർ ആ പേര് ഏറ്റെടുത്തു. ആര്യാടൻ ഉണ്ണീൻ, കദീജ ദമ്പതികളുടെ 9 മക്കളിൽ രണ്ടാമനായ മുഹമ്മദിനെ വീട്ടിൽ കുഞ്ഞാൻ എന്നാണ് വിളിച്ചിരുന്നത്. ആറാമത്തെ സഹോദരി ആസ്യ മുതൽ താഴോട്ടുളവർ ബഹുമാനിച്ച് കുഞ്ഞാക്ക എന്ന് വിളിച്ചു. വിവാഹിതനായപ്പോൾ ഭാര്യ മറിയുമ്മയും കുഞ്ഞാക്ക എന്ന് വിളിച്ചു. സഹോദരങ്ങളുടെ മക്കൾക്കും ആര്യാടൻ കുഞ്ഞാക്കയായി. എല്ലാവരും കുഞ്ഞാക്ക എന്ന് വിളിക്കുന്നതുകേട്ട് മക്കളും കുഞ്ഞാക്ക എന്ന് വിളിച്ചു. ഒപ്പം നാട്ടുകാരും.

തിരക്കിനിടെയും കുടുംബത്തെ ചേർത്തുപിടിച്ച നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്. രാഷ്ട്രീയ പ്രവർത്തകനായിരിക്കെ അതിനു സമയം ലഭിക്കാത്ത സ്ഥിതിയും ആര്യാടനുണ്ടായിരുന്നു. രസകരമായ കഥകൾ അതേക്കുറിച്ചുണ്ട്. ഡിസിസി ഭാരവാഹിയായിരിക്കെ ഭാര്യയുടെ പ്രസവവിവരം അറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടു. പൊതുജനാവശ്യവുമായി ബന്ധപ്പെട്ട വിവരം ലഭിച്ചപ്പോൾ വഴി മധ്യേ മടങ്ങുകയും ചെയ്തത്രെ. കാലം കടന്നു പോയപ്പോൾ സ്ഥിതി മാറി. ഭാര്യയെയും മക്കളെയും പേരക്കുട്ടികളെയും ചേർത്തുപിടിച്ചു. സഹോദരങ്ങളുടെ മക്കളുടെ ക്ഷേമത്തിലും ശ്രദ്ധ ചെലുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}