ജോഡോ ‘ജോറാകും’; ഉജ്വല സ്വീകരണമൊരുക്കാൻ കോൺഗ്രസ് പ്രവർത്തകർ, പെരിന്തൽമണ്ണയിൽ ഗതാഗത നിയന്ത്രണം
Mail This Article
മലപ്പുറം ∙ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ജില്ലയിൽ ഉജ്വല സ്വീകരണമൊരുക്കാൻ കോൺഗ്രസ് പ്രവർത്തകർ. ജില്ലയിലേക്കുള്ള പ്രവേശന കവാടമായ പുലാമന്തോൾ പാലം കൊടി തോരണങ്ങളും രാഹുൽ ഗാന്ധിയുടെ കട്ടൗട്ടുകളും ബോർഡുകളും വച്ച് അലങ്കരിച്ചിട്ടുണ്ട്. ഇവിടെ നിന്ന് സ്ഥിരം ജാഥാംഗങ്ങളായ 300 പേർക്കു പുറമേ ജില്ലയിലെ 5 നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകരും യാത്രയിൽ അദ്ദേഹത്തോടൊപ്പം അണിചേരും.
ഇന്നലെ പാലക്കാട് കൊപ്പത്ത് തങ്ങിയ രാഹുൽ ഗാന്ധി ഇന്ന് ജില്ലാ അതിർത്തിയിലെ പുലാമന്തോൾ പാലം കടന്നെത്തുമ്പോൾ ജില്ലയിൽ സ്വീകരണം നൽകും. പുലാമന്തോൾ ജംക്‌ഷനിൽ പാലത്തിനു സമീപം അണി നിരക്കുന്ന പ്രവർത്തകർക്കിടയിലേക്കാണ് രാഹുൽ എത്തുക. തുടർന്ന് നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ച ശേഷം പദയാത്ര തുടങ്ങുന്ന വിധത്തിലാണ് സജ്ജീകരണങ്ങൾ.
പെരിന്തൽമണ്ണ, മങ്കട, കോട്ടയ്ക്കൽ, മലപ്പുറം, തവനൂർ നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകരാണ് ഇന്ന് രാഹുൽ ഗാന്ധിയോടൊപ്പമുണ്ടാകുക. അടുത്ത ദിവസങ്ങളിൽ മറ്റു മണ്ഡലങ്ങളിൽ നിന്നുള്ളവരും അണിചേരും. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ നേതാക്കളും രാഹുലിനോടൊപ്പമുണ്ടാകും.
യാത്ര ഇന്ന്
പുലാമന്തോളിൽ നിന്ന് രാവിലെ 6.30ന് ആരംഭിക്കുന്ന യാത്ര 15 കിലോമീറ്റർ നടന്ന് 11ന് പെരിന്തൽമണ്ണ പൂപ്പലത്ത് ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി പിരിയും. പൂപ്പലം എംഎസ്പിഎം ആർട്സ് ആൻഡ് സയൻസ് കോളജിലാണ് സൗകര്യം ഒരുക്കിയത്. തുടർന്ന് വൈകിട്ട് 4ന് പട്ടിക്കാട് നിന്ന് ആരംഭിക്കുന്ന യാത്ര 10 കിലോമീറ്റർ പിന്നിട്ട് വൈകിട്ട് 7ന് പാണ്ടിക്കാട് ടൗണിൽ സമാപിക്കും. സഞ്ചരിക്കുന്ന വേദിയിൽ സമാപന പ്രസംഗവുമുണ്ടാകും. ഇവിടെ തച്ചിങ്ങനാടം ഹൈസ്കൂൾ ഗ്രൗണ്ടിൽ നിർത്തിയിടുന്ന കണ്ടെയ്നറിലാണ് രാത്രി തങ്ങുന്നത്.
രണ്ടാം ദിവസം
നാളെ രാവിലെ 6.30ന് പാണ്ടിക്കാടു നിന്ന് ആരംഭിക്കുന്ന യാത്ര രാഹുൽ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലത്തിലേക്ക് 7.30ന് കാക്കത്തോട് പാലം വഴി പ്രവേശിക്കും. ഇവിടെ വൻ സ്വീകരണമാണ് ഒരുക്കുന്നത്. ഉച്ചയ്ക്ക് 12ന് വണ്ടൂരിലെ ഓഡിറ്റോറിയത്തിലാണ് ഉച്ചഭക്ഷണവും വിശ്രമവും. വൈകിട്ട് 4ന് നടുവട്ടത്തു നിന്നാരംഭിക്കുന്ന യാത്ര 7ന് നിലമ്പൂരിലെത്തും. നിലമ്പൂർ അമൽ കോളജിലാണ് രാത്രി വിശ്രമം.
മൂന്നാം ദിവസം
29ന് രാവിലെ 7ന് ചുങ്കത്തറ മാർത്തോമ്മാ കോളജിൽ നിന്നാണ് സംസ്ഥാനതലത്തിലെ അവസാന ദിവസ പദയാത്ര ആരംഭിക്കുന്നത്. 11ന് വഴിക്കടവ് മണിമൂളി സികെ ഹൈസ്കൂളിൽ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി പിരിയും. കന്യാകുമാരിയിൽ നിന്നു കേരളത്തിലേക്ക് പ്രവേശിച്ച യാത്ര തമിഴ്നാട്ടിൽ പുനരാരംഭിക്കുന്നത് അന്ന് വൈകിട്ട് 4ന് ഗൂഡല്ലൂർ അമൈകുളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ നിന്നാണ്. വൈകിട്ട് 7ന് ഗൂഡല്ലൂർ ബസ് സ്റ്റാൻഡിൽ യാത്ര സമാപിക്കും. ഗൂഡല്ലൂർ മോണിങ് സ്റ്റാർ എച്ച്എസ്എസിലാണ് രാത്രി വിശ്രമം.
സുരക്ഷ വിലയിരുത്താൻ യോഗം ചേർന്നു
പെരിന്തൽമണ്ണ∙ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജില്ലയിലെത്തുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്നു. ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ ഡിവൈഎസ്‌പിമാരും സിഐമാരും രാഹുൽഗാന്ധിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനുമാണ് പങ്കെടുത്തത്. യാത്ര ജില്ലയിലേക്ക് പ്രവേശിക്കുന്ന പുലാമന്തോൾ മുതൽ കടന്നു പോകുന്ന വഴികളിൽ പഴുതടച്ച സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.
പെരിന്തൽമണ്ണയിൽ ഗതാഗത നിയന്ത്രണം
പെരിന്തൽമണ്ണ ∙ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ ടൗണിൽ ഇന്ന് ഗതാഗത നിയന്ത്രണം. രാവിലെ 5 മുതൽ പുലാമന്തോളിൽ നിന്ന് പെരിന്തൽമണ്ണ ടൗൺ വഴി പോകേണ്ട വാഹനങ്ങൾ പുലാമന്തോൾ ടൗണിൽ നിന്ന് പാലൂർ റോഡ്–ഓണപ്പുട എത്തി തിരിഞ്ഞ് പോകണം. പെരിന്തൽമണ്ണ ടൗണിൽ നിന്നും പുലാമന്തോൾ വഴി പോകേണ്ട വാഹനങ്ങൾ കുന്നപ്പള്ളി റോഡ് ജംക്‌ഷനിൽ നിന്ന് ചെർപ്പുളശ്ശേരി വഴിയോ ബൈപാസ് വഴി അങ്ങാടിപ്പുറത്ത് നിന്ന് ഓണപ്പുട വഴിയോ പോകണം.
ഉച്ചയ്‌ക്ക് മൂന്നിന് ശേഷം മാനത്തുമംഗലത്തു നിന്ന് നിലമ്പൂർ, മേലാറ്റൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ 5 വരെ താൽക്കാലികമായി തടയും. 5 ന് ശേഷം പട്ടിക്കാട് നിന്ന് മേലാറ്റൂർ വഴി പോകണം. വൈകിട്ട് മൂന്നിന് ശേഷം നിലമ്പൂർ ഭാഗത്തു നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പാണ്ടിക്കാട് നിന്നും മേലാറ്റൂർ വഴി തിരിച്ചു വിടും. വൈകിട്ട് 5 ന് ശേഷം മാത്രമേ പട്ടിക്കാട് നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ എന്ന് പെരിന്തൽമണ്ണ സിഐ സി.അലവി അറിയിച്ചു.