ജനനായകന് അന്ത്യാഞ്ജലി; പ്രിയ നേതാവിനെ ഒരുനോക്കുകാണാൻ ആയിരങ്ങൾ

മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ ഭൗതികദേഹം കബറടക്കുന്നതിന് മുന്നോടിയായി ചന്തക്കുന്ന് ജുമുഅത്ത് പള്ളിയിൽ പൊലീസ് ഔദ്യോഗിക ബഹുമതി അർപ്പിച്ചപ്പോൾ.
SHARE

നിലമ്പൂർ ∙ തുറന്നു കിടക്കുന്ന ഗേറ്റുകൾ, അകത്തുനിന്നു തുടങ്ങി പുറത്ത് റോഡിലേക്കു നീളുന്ന ജനത്തിരക്ക്. അര നൂറ്റാണ്ടായി ആര്യാടൻ ഹൗസിലെ പതിവു കാഴ്ചയായി മറ്റൊന്നു കൂടിയുണ്ടായിരുന്നു. ചുണ്ടിൽ ചിരിയുമായി പൂമുഖത്ത് സന്ദർശകരെ സ്വാഗതം ചെയ്യുന്ന കുഞ്ഞാക്ക. ഇന്നലെയും ഗേറ്റ് അടച്ചിരുന്നില്ല. തിരക്ക് പതിവിലും കൂടുതലുണ്ടായിരുന്നു. ആൾക്കൂട്ടത്തിന്റെ നായകനായി പക്ഷേ, കുഞ്ഞാക്കയില്ലായിരുന്നു. ജീവിതകാലം മുഴുവൻ ഹൃദയത്തിലേറ്റിയ ത്രിവർണ പതാക നെഞ്ചോടുചേർത്ത് അകത്തെ മുറികളിലൊന്നിൽ അദ്ദേഹം അന്ത്യ നിദ്രയിലായിരുന്നു.

മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നിലമ്പൂർ ചന്തക്കുന്നിലെത്തിയപ്പോൾ.

പ്രതിസന്ധിയിൽ കൈത്താങ്ങായ, കോൺഗ്രസിന്റെ തലയെടുപ്പായിരുന്ന പ്രിയ നേതാവിനു യാത്രാമൊഴി നൽകാൻ ആയിരങ്ങൾ ഇന്നലെ നിലമ്പൂരിലെ വീട്ടിലെത്തി. ഏഴു പതിറ്റാണ്ട് കേരള രാഷ്ട്രീയത്തോടൊപ്പം നടന്ന ആര്യാടൻ മുഹമ്മദ് ഇനി ഓർമകളിലേക്ക്. രാഷ്ട്രീയത്തിലെ ആദ്യ ചുവടുകൾവച്ച കോഴിക്കോട്ട് നിന്നു തന്നെയായിരുന്നു ഞായറാഴ്ച രാവിലെ അന്ത്യയാത്രയുടെ തുടക്കം. പ്രവർത്തന വഴിയിലെ പ്രകാശഗോപുരമായിരുന്ന നേതാവിന്റെ  വിയോഗ വാർത്ത അറിഞ്ഞ് അപ്പോഴേക്കും നിലമ്പൂരിൽ ആൾക്കൂട്ടം രൂപപ്പെട്ടു തുടങ്ങിയിരുന്നു.

ജീവിച്ചിരുന്ന കാലത്തേതു പോലെ അതിനു രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ ജാതിയുടെയോ അതിരുകളില്ലായിരുന്നു. മലപ്പുറം ഡിസിസിയുടെ ആദ്യ പ്രസിഡന്റായ നാൾ മുതൽ മലപ്പുറം–നിലമ്പൂർ യാത്ര ജീവിതത്തിന്റെ ഭാഗമാണ്. അവസാന യാത്രയിലും ആ റൂട്ട് മാപ്പ് തെറ്റിയില്ല. ഞായറാഴ്ച വൈകിട്ട്, ഓരോ കല്ലിനും തന്റെ കഠിനാധ്വാനത്തിന്റെ കഥ പറയാനുള്ള ഡിസിസി ഓഫിസിൽ അവസാനമായി ഒരിക്കൽ കൂടി അദ്ദേഹമെത്തി. 

ഇന്നലെ രാവിലെ വഴികളെല്ലാം വീണ്ടും നിലമ്പൂരിലേക്കായി. ആര്യാടൻ ഹൗസിന്റെ സ്വീകരണ മുറിയിൽ ഉമ്മൻ ചാണ്ടിയും കെ.സി.ജോസഫും ബെന്നി ബഹനാനും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായ എ.കെ.ശശീന്ദ്രനും വി.അബ്ദുഹിമാനും ഉൾപ്പെടെയുള്ള നേതാക്കൾ. ഓർമകളുടെ കടലിരമ്പത്തിൽ അവർ സങ്കടത്തിന്റെ ഒറ്റ ഗ്രൂപ്പായി. നിയമസഭയിലായാലും പാർട്ടി യോഗത്തിലായാലും സമയനിഷ്ഠ യിൽ ആര്യാടനും നിർബന്ധമുണ്ടായിരുന്നു. അന്ത്യയാത്രയിലും ആ പതിവുതെറ്റിയില്ല. 9ന് നിശ്ചയിച്ചിരുന്ന അന്ത്യയാത്രയ്ക്കായി ഒരു മിനിറ്റ് നേരത്തെ ഭൗതികദേഹം മുറ്റത്തെ പന്തലിലെത്തിച്ചു.

ആൾക്കൂട്ടത്തിന്റെ ദുഃഖം പുറത്തേക്കൊഴുകിയതുപോലെ പൊലീസിന്റെ ബ്യൂഗിൾ മുഴങ്ങി. രാഷ്ട്രീയം കലങ്ങി മറിയുമ്പോഴും അക്ഷോഭ്യനായിരുന്ന  കപ്പിത്താൻ വിട പറഞ്ഞപ്പോൾ കൂടി നിന്നവരുടെ കണ്ണുകൾ കലങ്ങി. ‘കണ്ണേ കരളേ കുഞ്ഞാക്കാ, ഞങ്ങളെ നെഞ്ചിലെ റോസാ പൂവേ, കോൺഗ്രസിന്റെ സുൽത്താനേ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴങ്ങി. പ്രസംഗം അവസാനിപ്പിച്ച് വേദിയിൽ നിന്നിറങ്ങിയ കാലത്തേതു പോലെ,  രണ്ടു ഭാഗത്തേക്കു  മാറി വഴിയൊരുക്കിയ ആൾക്കൂട്ടത്തിനു നടുവിലൂടെ അവസാന യാത്രയ്ക്കു തുടക്കം.

1980ൽ  ആര്യാടന് മത്സരിക്കാനായി എംഎൽഎ സ്ഥാനം ഒഴിഞ്ഞ സി.ഹരിദാസ് പ്രവേശന കവാടത്തിൽ കൂപ്പുകൈകളോടെ നിന്നു; കാലത്തിനു വഴിമാറുന്ന പ്രിയ നേതാവിനു ആദരവുമായി. നാടിനായി ദൂരങ്ങളേറെ താണ്ടിയ നേതാവിനൊപ്പം അവസാനമായി ഒരിക്കൽകൂടി ജനം നടന്നു. വീട്ടിൽ നിന്നു മുക്കട്ട ചന്തക്കുന്ന് വലിയ ജുമുഅത്ത് പള്ളിയിലേക്കുള്ള 2 കിലോമീറ്റർ വിലാപയാത്ര. പള്ളിയിൽ മരുമകൻ ഡോ. ഉമ്മർ കാരാടന്റെ നേതൃത്വത്തിൽ മയ്യിത്ത് നമസ്കാരം. പതിനൊന്നോടെ, മരങ്ങൾ തണൽ വിരിക്കുന്ന കബർസ്ഥാനിൽ മലബാറിലെ കോൺഗ്രസിനു പതിറ്റാണ്ടുകളോളം തണലൊരുക്കിയ വന്മരം നിത്യനിദ്രയിലാണ്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}