ADVERTISEMENT

മലപ്പുറം ∙ അലകടൽപോലെ ചുറ്റും മൂവർണക്കൊടികൾ. ഇരമ്പുന്ന ആരാധനയോടെ ആർപ്പുവിളിച്ച് ആയിരങ്ങൾ. പുലർച്ചെ കൃത്യം 6.30ന് പുലാമന്തോൾ അങ്ങാടിയിൽ രാഹുൽഗാന്ധിയെത്തി. ഒരുമയുടെ ഇന്ത്യയെന്ന സ്വപ്നവുമായി രാഹുൽ ഗാന്ധിയും നേതാക്കളും പ്രവർത്തകരും ചുവടുവച്ചു തുടങ്ങി. മണ്ണിനെയും മനസ്സിനെയും തൊട്ടറിഞ്ഞുള്ള‌ ഭാരത് ജോഡോ യാത്രയുടെ മലപ്പുറം ജില്ലാ പര്യടനത്തിനു ശുഭാരംഭം.

 നാളെയുടെ കൂട്ട്: ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയുടെ അടുത്തെത്തിയ കുട്ടികളുടെ സന്തോഷം.
നാളെയുടെ കൂട്ട്: ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയുടെ അടുത്തെത്തിയ കുട്ടികളുടെ സന്തോഷം.

ഇനി രണ്ടുനാൾ രാജ്യത്തിന്റെ കണ്ണു കാതും മലപ്പുറം ജില്ലയിലേക്ക്. രാവിലെ പുലാമന്തോളിൽ നിന്ന് 14.3 കിലോമീറ്റർ നടന്ന്  പെരിന്തൽമണ്ണ പൂപ്പലത്ത് വിശ്രമം. വൈകിട്ട്  പട്ടിക്കാട്ടുനിന്നു തുടങ്ങി 9.9 കിലോമീറ്റർ പിന്നിട്ട് പാണ്ടിക്കാട് ജംക്‌ഷനിൽ അവസാനിക്കുന്ന രീതിയിലായിരുന്നു ഇന്നലത്തെ യാത്ര. 

 ഭാരത് ജോഡോ യാത്രയെ സ്വീകരിക്കാൻ പുലാമന്തോളിൽ  റോഡരികിൽ കാത്തുനിൽക്കുന്ന മോഹിനിയാട്ട വേഷമിട്ട കുട്ടികൾ.                                                                         ചിത്രം: മനോരമ
ഭാരത് ജോഡോ യാത്രയെ സ്വീകരിക്കാൻ പുലാമന്തോളിൽ റോഡരികിൽ കാത്തുനിൽക്കുന്ന മോഹിനിയാട്ട വേഷമിട്ട കുട്ടികൾ. ചിത്രം: മനോരമ

സൂര്യനുദിക്കും മുൻപേ ജനക്കൂട്ടം

സൂര്യനുദിക്കും മുൻപേ പുലാമന്തോൾ അങ്ങാടി ആളുകളെക്കൊണ്ടു നിറഞ്ഞു. പ്രിയ നേതാവിനൊപ്പം ചുവടു വയ്ക്കാൻ ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നെത്തിയവർ. ഉറക്കച്ചടവോ ഉന്മേഷക്കുറവോ അവരിലാരിലും കണ്ടില്ല. എങ്ങും ആവേശത്തിന്റെയും പ്രതീക്ഷയുടെയും തെളിഞ്ഞ മുഖങ്ങൾ. രാഹുൽ ഗാന്ധിക്ക് കടന്നു വരുമ്പോൾതന്നെ കാണാനാകുംവിധം പുലാമന്തോൾ പാലത്തിന് അഭിമുഖമായുള്ള കെട്ടിടത്തിൽ അദ്ദേഹത്തെ സ്വാഗതം ചെയ്ത് പടുകൂറ്റനൊരു ബോർഡ്.

ഭാരത് ജോഡോ യാത്രയുടെ പാണ്ടിക്കാട്ടെ സമാപന യോഗത്തിന് എത്തിയവരുടെ തിരക്ക്.                                                                                                                                        ചിത്രം: മനോരമ
ഭാരത് ജോഡോ യാത്രയുടെ പാണ്ടിക്കാട്ടെ സമാപന യോഗത്തിന് എത്തിയവരുടെ തിരക്ക്. ചിത്രം: മനോരമ

കൂടാതെ വഴി നീളെ തോരണങ്ങളും കട്ടൗട്ടുകളും. വെള്ള ടീ ഷർട്ടും ഇളം കാക്കി പാന്റ്സും ധരിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ വരവ്. അങ്ങാടിയിൽ കാത്തുനിന്ന ജനം ഹർഷാരവം മുഴക്കി. സമയമൊട്ടും പാഴാക്കാതെ പ്രവർത്തകരോടും നേതാക്കളുമോടൊപ്പം രാഹുൽ ഗാന്ധി നടന്നുതുടങ്ങി. ഇതുവരെ കാണാത്ത ഊർജപ്രവാഹത്തിനാണ് വള്ളുവനാട് പിന്നീട് സാക്ഷ്യം വഹിച്ചത്. യാത്ര പോകുന്ന പുലാമന്തോൾ– പെരിന്തൽമണ്ണ റോഡിന്റെ ഇരുവശത്തും കുടുംബങ്ങൾ അദ്ദേഹത്തെ കാത്തു നിന്നു.

കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ എല്ലാവരും മതിലിനു സമീപമോ ടെറസിലോ ഹാജർ. ചിലരുടെ കയ്യിൽ അദ്ദേഹത്തിനു കൈമാറാൻ പൂച്ചെണ്ടുകൾ. ചിലരുടെ കയ്യിൽ ‘രാഹുൽജീ ആപ് ഹമാരി ജാൻ ഹെ’ (രാഹുൽജീ അങ്ങ് ഞങ്ങളുടെ ജീവനാണ്) എന്ന് ഹിന്ദിയിൽ എഴുതിയ ബാനറുകൾ. എല്ലാവർക്കു നേരെയും ചിരിയോടെ കൈ വീശിക്കാണിച്ച്, പ്രായമായവരെ കൈകൂപ്പി തൊഴുത് പദം പദം മുന്നോട്ട്.

വൻ ജനപങ്കാളിത്തം 

പുലാമന്തോളിൽനിന്ന് പുറപ്പെട്ട് തിരുനാരായണപുരം, കട്ടുപ്പാറ, പുളിക്കാവ്.... ഓരോ അങ്ങാടികൾ കഴിയുന്തോറും ജാഥാംഗങ്ങളുടെ എണ്ണം കൂടിവന്നു.  രാവിലെ എട്ടേകാൽ ആയതോടെ കുന്നപ്പള്ളിയിലെത്തി. അദ്ദേഹവും നേതാക്കളും റോഡരികിൽതന്നെയുള്ള അമൽ റസ്റ്ററന്റിലേക്കു കയറി. ചായയും ലഘുഭക്ഷണവും കഴിച്ച്, ഹോട്ടൽ ഉടമകളുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് വീണ്ടും യാത്രയിലേക്ക്. അമിത തിടുക്കം കാണിക്കാതെ, സമയകൃത്യത പാലിച്ചായിരുന്നു സഞ്ചാരം. ദേശീയ മാധ്യമങ്ങളടക്കം വാർത്തകൾ റിപ്പോർട്ട് ചെയ്യാനെത്തിയിരുന്നു.

ഒൻപതരയോടെ പെരിന്തൽമണ്ണ നഗരത്തിലേക്ക്. നഗരത്തിൽ ആ സമയമുണ്ടായിരുന്ന യാത്രികരെയെല്ലാം രാഹുൽഗാന്ധി അഭിവാദ്യം ചെയ്തു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പെരിന്തൽമണ്ണയിൽ കാത്തുനിൽപ്പുണ്ടായിരുന്നു. പ്രതീക്ഷിച്ചതിലും മുൻപേ, രാവിലെ പത്തോടെ  ലക്ഷ്യസ്ഥാനമായ പൂപ്പലത്തെത്തി. പൂപ്പലം എംഎസ്പിഎം ആർട്സ് ആൻഡ് സയൻസ് കോളജിലാണ് വിശ്രമത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യം ഒരുക്കിയിരുന്നത്. ഇതോടെ യാത്രയുടെ ആദ്യഘട്ടം വിജയകരമായി സമാപിച്ചു.

ഏറനാട്ടിലേക്ക്

വിശ്രമത്തിനുശേഷം വൈകിട്ട് 5ന് യാത്രയുടെ രണ്ടാം ഘട്ടം തുടങ്ങി. പട്ടിക്കാട്ടുനിന്ന് ഏറനാട്ടിലെ പാണ്ടിക്കാട്ടേക്ക്. രാവിലെയുണ്ടായിരുന്നതിനെക്കാൾ ജനപങ്കാളിത്തം രണ്ടാംഘട്ടത്തിലുണ്ടായി. നടത്തത്തിനിടെ 6.25ന്, അരിക്കണ്ടംപാക്കിലെ ഹോട്ടൽ ഫദ്ദലിൽ നിന്നായിരുന്നു വൈകിട്ടത്തെ ചായ.

ഏഴരയോടെ പാണ്ടിക്കാട് ജംക്‌ഷനിൽ ആദ്യദിനം അവസാനിക്കുമ്പോൾ പതിനായിരത്തിലേറെ പ്രവർത്തകർ രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. തച്ചിങ്ങനാടം ഹൈസ്കൂൾ മൈതാനത്ത് പ്രത്യേകം സജ്ജീകരിച്ച കണ്ടെയ്നറിലായിരുന്നു രാഹുൽഗാന്ധി രാത്രി തങ്ങിയത്. 

പോരൂരിൽ ഒരുക്കുന്നത് വൻ സ്വീകരണം

ഭാരത് ജോഡോ യാത്ര വയനാട് ലോക്സഭാ മണ്ഡലത്തിലേക്കു പ്രവേശിക്കുന്ന പോരൂർ കാക്കാത്തോട് പാലത്തിനു സമീപം 2000 വനിതകളെ അണിനിരത്തി സ്വീകരണം നൽകും. പുലർച്ചെ മുതൽ ഇവിടേക്കു പ്രവർത്തകരെത്തും. വിവിധ കലാപരിപാടികളും ഒരുക്കും. കാക്കാത്തോട് പാലവും സംസ്ഥാനപാതയും അങ്ങാടികളും എല്ലാം കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ചു.

പാണ്ടിക്കാടിനു പുറമേ, വണ്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പരിധിയിലുള്ള വണ്ടൂർ, തിരുവാലി, പോരൂർ, മമ്പാട് പഞ്ചായത്തുകളിൽ ഉള്ള പ്രവർത്തകർക്ക് രാവിലെ 6ന് പാണ്ടിക്കാട്ടെത്താനാണു നിർദേശം നൽകിയിരിക്കുന്നത്. കാക്കാത്തോട് പാലത്തിൽ നടക്കുന്ന സ്വീകരണവും കഴിഞ്ഞു 10.30ന് വണ്ടൂരിൽ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. വൈകിട്ടു 4ന് നടുവത്ത് നിന്നു തുടങ്ങുന്ന ജാഥയിൽ കാളികാവ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പരിധിയിലുള്ള കാളികാവ്, ചോക്കാട്, കരുവാരകുണ്ട്, തുവ്വൂർ പഞ്ചായത്തുകളിലെ പ്രവർത്തകരും പങ്കെടുക്കും.

ഇന്ന് ഗതാഗത നിയന്ത്രണം

ഭാരത് ജോഡോ യാത്ര പാണ്ടിക്കാട്ടുനിന്ന് വണ്ടൂരിൽ എത്തുന്ന ഇന്ന് സംസ്ഥാനപാതയിൽ കർശന ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നു പൊലീസ് ഇൻസ്പെക്ടർ ഇ.ഗോപകുമാർ അറിയിച്ചു. രാവിലെ 7 മുതൽ 11 വരെ പാണ്ടിക്കാട്, മഞ്ചേരി, കാളികാവ് ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ വണ്ടൂരിൽ എത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും.

ജംക്‌ഷനിൽ വാഹനങ്ങൾ കടത്തിവിടില്ല. യാത്ര കടന്നുപോകുന്നതു വരെ വാണിയമ്പലം, പോരൂർ, പുളിയക്കോട്, നടുവത്ത്, വെള്ളാമ്പുറം, അമ്പലപ്പടി ബൈപാസ്, കോഴിപ്പറമ്പ്, തിരുവാലി, കോട്ടോല, കമ്പനിപ്പടി റോഡുകളിലൂടെയെല്ലാം വാഹനങ്ങൾ തിരിച്ചുവിടും. വൈകിട്ട് 3 മുതൽ 7 വരെ നടുവത്ത് മുതൽ വടപുറം വരെയും ഗതാഗത നിയന്ത്രണമുണ്ട്.

ആര്യാടന് ആദരം; നിലമ്പൂരിലെ റൂട്ടിൽചെറിയ മാറ്റം 

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിനോടുള്ള ആദരസൂചകമായി നിലമ്പൂരിൽ ഭാരത് ജോഡോ യാത്രയുടെ റൂട്ടിൽ നേരിയ മാറ്റം വരുത്തി. ചന്തക്കുന്നിലെ നാളെ വൈകിട്ടത്തെ പൊതുസമ്മേളനം ഉപേക്ഷിച്ചു. മുൻപ് പ്രഖ്യാപിച്ചതിൽ നിന്ന് വ്യത്യസ്തമായി നിലമ്പൂർ ടൗണിൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് ജാഥ സമാപിക്കുക. നിലമ്പൂർ മേഖലയിലെ പ്രവർത്തകർ വടപുറം പാലത്തിന്‌ സമീപം 5 ന് എത്തണമെന്ന് കോൺഗ്രസ്    നേതൃത്വം അറിയിച്ചു. 

പ്രധാന പാതയിലൂടെ വീട്ടിക്കുത്ത് റോഡ് വഴി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവേശിക്കണം. പ്രൗഢി കുറച്ച് പൊതുയോഗം നടത്തും. നാളെ രാവിലെ 7ന് ചുങ്കത്തറ മാർത്തോമ്മാ കോളജ് ജംക്‌ഷനിൽ നിന്ന് ജാഥ തുടങ്ങും. 6ന് പ്രവർത്തകരെത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com