ADVERTISEMENT

പുറത്തൂർ ∙ അഴിമുനമ്പും ഇനി സഞ്ചാരികളുടെ മനം കുളിർപ്പിക്കുന്ന ടൂറിസം കേന്ദ്രമാകും. ഭാരതപ്പുഴയും തിരൂർ പുഴയും ഒന്നുചേരുന്ന ദൃശ്യം ഏറ്റവും നന്നായി ആസ്വദിക്കാൻ കഴിയുന്ന ഇടമാണ് പുറത്തൂർ പള്ളിക്കടവിലെ അഴിമുനമ്പ്. ടുറിസം ഡെസ്റ്റിനേഷൻ ചാലഞ്ചിൽ ഉൾപ്പെടുത്തി പഞ്ചായത്തും ഡിടിപിസിയും ചേർന്ന് ഇവിടെ മനോഹരമായ പാർക്ക് നിർമിക്കാനുള്ള പദ്ധതി ഒരുക്കുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഇവിടെ പദ്ധതിയൊരുക്കാൻ പഞ്ചായത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തു. ആദ്യമായി കുട്ടികളുടെ പാർക്ക് നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. 60 ലക്ഷത്തോളം രൂപയാണ് ഇതിനായി ചെലവ് കണക്കാക്കുന്നത്. മുരുക്കുംമാട് ദ്വീപും അധികൃതർ സന്ദർശിച്ചിട്ടുണ്ട്. പുറത്തൂർ അങ്ങാടി കഴിഞ്ഞ് ഒന്നര കിലോമീറ്ററോളം ഭാരതപ്പുഴയുടെ തീരത്തിലൂടെ സഞ്ചരിച്ചാണ് ഈ മുനമ്പിൽ എത്തുന്നത്. 

ഈ വഴി പാതി കടന്നു കഴിഞ്ഞാലേ കടലിന്റെ സ്വാധീനത്തിൽ തിരയിളകുന്ന നിളയുടെ മനോഹര കാഴ്ചയാണ്. വഴിയുടെ അവസാനമുള്ള മുനമ്പ് തിരൂർ പുഴയിലാണുള്ളത്. ഇവിടെ ഇരുന്ന് നോക്കിയാൽ 2 പുഴകളും സംഗമിക്കുന്ന കാഴ്ച കാണാം.  തിരൂർ പുഴയുടെ മറുകരയിലാണ് പടിഞ്ഞാറേക്കര ടൂറിസം ബീച്ച്. ഭാവിയിൽ ഇവിടേക്ക് ഒരു തൂക്കുപാലം നിർമിക്കാനും പദ്ധതിയുണ്ട്.

വിനോദസഞ്ചാരവകുപ്പ് അധികൃതർ പുറത്തൂർ പഞ്ചായത്തിലെ തീരങ്ങളെല്ലാം സന്ദർശിച്ചിട്ടുണ്ട്. ഇതിൽ അഴിമുനമ്പ് പ്രദേശത്താണ് ആദ്യം പദ്ധതി തുടങ്ങാൻ തീരുമാനിച്ചത്. 40 ശതമാനം തുക പഞ്ചായത്ത് വകയിരുത്തണം. 60 ശതമാനം വകുപ്പ് എടുക്കും. പ്ലാനും മറ്റും ലഭിച്ചാൽ വേഗത്തിൽ പണി തുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com