ADVERTISEMENT

ചുങ്കത്തറ ∙ തലയിലൊരു കെട്ട്, മുഖത്ത് എന്തിനും തയാറെന്ന കൂസലില്ലാ ഭാവം. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ ബി.വി.ശ്രീനിവാസ് കന്യാകുമാരി മുതൽ ഭാരത് ജോഡോ യാത്രയുടെ കൂടെത്തന്നെയുണ്ട്. രാജ്യം കോവിഡ് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കാലത്ത്, ആശുപത്രിയിൽ കിടക്കകളും ഓക്സിജൻ സിലിണ്ടറുകളുമൊരുക്കാൻ ഓടി നടന്ന അതേ ഊർജത്തോടെയാണു ‘നാടിനെ ഒന്നിപ്പിക്കാനുള്ള’ രാഹുൽ ഗാന്ധിയുടെ യാത്രയിലും അണിനിരക്കുന്നത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി കോലാഹലങ്ങൾ നടക്കുമ്പോൾ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ മനോരമയോട് സംസാരിക്കുന്നു...

∙ കേരളത്തിലെ പ്രതികരണം എങ്ങനെയുണ്ട്?

ഗംഭീരമെന്നല്ലാതെ എന്താണു പറയുക. യാത്ര ഇനി എത്തിച്ചേരാനുള്ള സംസ്ഥാനങ്ങൾക്കു മുന്നിൽ കേരളം സംഘാടന മികവിന്റെ മാതൃക സെറ്റ് ചെയ്തിരിക്കുന്നു. ഇതിനെക്കാൾ മികവോടെ സംഘടിപ്പിക്കുക ബുദ്ധിമുട്ടായിരിക്കും.

∙ കോൺഗ്രസ് അധ്യക്ഷനെച്ചൊല്ലി ചർച്ചകൾ നടക്കുന്നു. യൂത്ത് കോൺഗ്രസിന്റെ നിലപാട് എന്താണ്?

രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനാകണമെന്നാണു ഞങ്ങളുടെ നിലപാട്. അത് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയവും പാസാക്കിയിട്ടുണ്ട്.

∙ രാഹുൽ ഗാന്ധി ഉത്തരവാദിത്തം ഏറ്റെടുക്കാൻ മടിക്കുന്നുവെന്ന വിമർശനത്തിൽ കഴമ്പില്ലേ ?

ഈ നടത്തുന്ന യാത്ര പിന്നെ എന്താണ്? രാജ്യത്തിന്റെ ഐക്യമാണ് കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും ലക്ഷ്യം. അതു കാത്തുസൂക്ഷിക്കാനായി കഠിനാധ്വാനം ചെയ്യുന്നതു രാഹുൽ ഗാന്ധിയാണ്. അദ്ദേഹത്തിനു വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്.

∙ താങ്കളുടെ മാതൃസംസ്ഥാനമായ കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പിനു അധികം സമയമില്ല. എന്താണു കോൺഗ്രസിന്റെ പ്രതീക്ഷ ?

പാർട്ടി ഒരുമിച്ചു നിന്നാൽ ചുരുങ്ങിയതു 130 സീറ്റ് കിട്ടും (234 സീറ്റാണു കർണാടക നിയമസഭയിലെ കക്ഷിനില). ബിജെപി സർക്കാരിന്റെ ജനപ്രീതി ദിവസം തോറും താഴോട്ടുപോകുകയാണ്. നിലവിലെ സാഹചര്യത്തിൽ അവർക്കു 50 സീറ്റ് കിട്ടില്ല.

∙ കോവിഡ് കാലത്ത് യൂത്ത് കോൺഗ്രസ് നടത്തിയ സന്നദ്ധ പ്രവർത്തനങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടു. ആ അനുഭവം പറയാമോ?

കേന്ദ്ര സർക്കാർ ആവശ്യമായ മുൻകരുതൽ നടപടികളെടുക്കുന്നതിൽ പരാജയപ്പെട്ടതു കൊണ്ട് ജനം ദുരിതത്തിലായി. ആശുപത്രിക്കിടക്കകൾക്കും ഓക്സിജൻ സിലിണ്ടറിനുമായി ജനം നെട്ടോട്ടമോടുന്ന ദുരിതക്കാഴ്ച കണ്ടാണു യൂത്ത് കോൺഗ്രസ് രംഗത്തിറങ്ങിയത്. രാഹുൽ ഗാന്ധി കൂടി പങ്കെടുത്ത യോഗത്തിൽ വച്ചാണ് ആശുപത്രിക്കിടക്കകളുടെ തൽസ്ഥിതി അറിയാനും ആവശ്യക്കാർക്കു ഓക്സിജൻ സിലിണ്ടർ എത്തിക്കാനുമായി വാർ റൂം തുറക്കാൻ തീരുമാനിച്ചത്.

അന്നു ദിവസം 3 മണിക്കൂർവരെ മാത്രമായിരുന്നു ഉറക്കം. ന്യൂസീലൻഡ് ഹൈക്കമ്മിഷനിൽ നിന്നുവരെ സഹായ അഭ്യർഥന വന്നു.ഭാരത് ജോഡോ യാത്രയിൽ കേരളത്തിലൂടെ സഞ്ചരിക്കുമ്പോൾ ഒട്ടേറെ പേർ വന്ന് അഭിനന്ദിക്കുന്നു. ‘ഓക്സിജൻ മാൻ’ എന്നു വിളിച്ച് കൂടെ സെൽഫിയെടുക്കുന്നു. സംഘടന ചെയ്ത നല്ല കാര്യങ്ങൾ ജനം മനസ്സിലാക്കുന്നതിൽ സന്തോഷമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com