ADVERTISEMENT

മലപ്പുറം ∙ പുലാമന്തോൾ പാലത്തിൽ നിന്നു മലപ്പുറം ജില്ലയിലേക്കു കടക്കുമ്പോൾ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഒരു നദിയായിരുന്നു. രണ്ടര ദിവസവും 72 കിലോ മീറ്ററും പിന്നിട്ട് മണിമൂളിയിൽ സമാപിക്കുമ്പോൾ അതു സമുദ്രമായി മാറിയിരുന്നു. ചെന്നിടത്തെല്ലാം ആവേശത്തിന്റെയും ആരവത്തിന്റെയും തിരമാലകൾ തീർത്ത ജന മഹാസമുദ്രം. യാത്ര കടന്നു പോയത് ജില്ലയിലെ ഒരു ഭാഗത്തു കൂടിയാണെങ്കിലും അതിന്റെ ഇരമ്പം ജില്ല മുഴുവൻ അലയടിച്ചു. ആദ്യ ദിനം പട്ടിക്കാട് മുതൽ പാണ്ടിക്കാട് വരെ നടന്ന യാത്രയിലാണ് ഏറ്റവും കൂടുതൽ പേർ അണിനിരന്നതെന്നാണു കോൺഗ്രസ് നേതാക്കളുടെ നിഗമനം.

ജില്ലയിലെ അവസാന ഘട്ട യാത്ര തുടങ്ങിയ ചുങ്കത്തറയിലും ഇന്നലെ രാവിലെ കാഴ്ചയ്ക്കു മാറ്റമുണ്ടായിരുന്നില്ല. നിശ്ചയിച്ച സമയമായ 6.30നു മുൻപേ ഒഴുകിയെത്തി ജനക്കൂട്ടം. മാർത്തോമ്മാ കോളജിനു സമീപത്തെ റോഡിൽ പരന്നൊഴുകിയ ജനത്തിനു മുകളിൽ ഓളം തള്ളുന്ന തിര പോലെ ത്രിവർണ പതാകകൾ. കൃത്യസമയത്ത് രാഹുലെത്തി. വന്നയുടൻ നടന്നു തുടങ്ങി. രാഹുൽ നടന്നു തുടങ്ങിയിടത്തു നിന്നു അൽപം മുന്നിൽ ഉമ്മൻ ചാണ്ടി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം നിൽക്കുന്നു. രാഹുൽ ഒപ്പമെത്തിയപ്പോൾ അവരും ആൾക്കൂട്ടത്തിലലിഞ്ഞു.

അര കിലോ മീറ്ററോളം ചെന്നപ്പോൾ സ്നേഹപൂർവം ഉമ്മൻചാണ്ടിയുടെ കൈപിടിച്ച് രാഹുൽ തന്നെ പിന്നിലുള്ള സുരക്ഷാ വാഹനത്തിൽ കയറ്റി. വഴിയിലുടനീളം റോഡിനിരുവശവും നിറഞ്ഞ് സ്ത്രീകളും കുട്ടികളുമടങ്ങിയ ചെറുകൂട്ടങ്ങൾ. രാഹുലിനെ കാണണം, കഴിയുമെങ്കിൽ ഒന്നു കൈ കൊടുക്കണം, ഒത്താൽ ഒരു സെൽഫിയെടുക്കണം. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ,  പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, എംപിമാരായ കെ.മുരളീധരൻ, എം.കെ.രാഘവൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, യാത്രയുടെ കേരള കോ–ഓർഡിനേറ്റർ കൂടിയായ കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാർ, കെപിസിസി, ഡിസിസി ഭാരവാഹികൾ എന്നിവർ സംസ്ഥാനത്തെ അവസാന പാദത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം നടക്കാനെത്തി.

കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിൽ ഒരു സംഘം നേതാക്കൾ നാടുകാണിയിൽ തമിഴ്നാട് അതിർത്തി വരെ രാഹുൽ ഗാന്ധിയെ അനുഗമിച്ചു. 10 കിലോ മീറ്ററിനടുത്തുണ്ടായിരുന്ന ദൂരം 2 മണിക്കൂർ കൊണ്ട് പിന്നിട്ട് കേരളത്തിലെ യാത്രയുടെ അവസാന കേന്ദ്രമായ മണിമൂളിയിലെത്തി. മുന്നിൽ പശ്ചിമഘട്ട മലനിരകൾ തെളിഞ്ഞുവരുന്നു. കോൺഗ്രസിനു മുന്നിലും പ്രതിസന്ധികളുടെ മല തന്നെയുണ്ട്. അര മണിക്കൂറാണു മണിമൂളിയിൽ വിശ്രമം നിശ്ചയിച്ചിരുന്നത്. 5 മിനിറ്റിനകം പക്ഷേ, രാഹുൽ തമിഴ്നാട്ടിലേക്കു പുറപ്പെട്ടു. വെല്ലുവിളികളുടെ മലകളേറെ താണ്ടാനുള്ളപ്പോൾ എങ്ങനെ ഏറെ നേരം വിശ്രമിക്കും.

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പംം ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്.
ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പംം ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്.

നടത്തിപ്പിന് എ പ്ലസ്; ഡിസിസിക്ക് ‘ജോയ്’

മലപ്പുറം ∙ ഭാരത് ജോഡോ യാത്രാ സംഘാടനത്തിനു നേതാക്കളിൽ നിന്നു എ പ്ലസ് അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി. ദേശീയ – സംസ്ഥാന നേതാക്കളെല്ലാം ജില്ലാ കമ്മിറ്റിയെ അഭിനന്ദിച്ചാണു മടങ്ങിയത്. സമീപകാലത്ത് ഡിസിസി ഏറ്റെടുത്ത ഏറ്റവും വലിയ ദൗത്യമായിരുന്നു ജോഡോ യാത്ര. സംസ്ഥാനത്ത് ആലപ്പുഴ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സമയം യാത്ര ചെലവഴിച്ചതു മലപ്പുറത്താണ്. യാത്രാ നടത്തിപ്പിലും പ്രചാരണത്തിലും വിപുലമായ മുന്നൊരുക്കമാണു ഡിസിസി നടത്തിയത്. 72,000 മീറ്റർ തോരണം തൂക്കി. 32,000 കൊടികൾ സ്ഥാപിച്ചു. യാത്രാ വഴിയിലുടനീളം ആയിരക്കണക്കിനു ബോർഡുകൾവച്ചു. സംസ്ഥാന യാത്രികരും നേതാക്കളുമായ മുന്നൂറിലേറെ പേർക്കു 3 ദിവസം താമസവും ഭക്ഷണവും ഒരുക്കി.

അഖിലേന്ത്യാ യാത്രികർക്കു 3 ദിവസവും പ്രത്യേക കിറ്റൊരുക്കിയ ഏക ഡിസിസിയും മലപ്പുറം തന്നെ. സംഘാടനത്തിനു പുറമെ, ജില്ലയിൽ യാത്രയ്ക്കു ലഭിച്ച, പ്രതീക്ഷയെ മറികടന്ന വരവേൽപ് രാഷ്ട്രീയമായി കോൺഗ്രസിനു ഊർജമായി. ജില്ലയിൽ രണ്ടര ദിവസത്തിനുള്ളിൽ 3 ലക്ഷത്തിലേറെ പേർ യാത്രയുടെ ഭാഗമായതായാണു കണക്ക്.ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, എ.പി.അനിൽ കുമാർ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, ജില്ലാ കോ–ഓർഡിനേറ്റർ ഇ.മുഹമ്മദ് കുഞ്ഞി എന്നിവരാണു സംഘാടനത്തിനും മുന്നൊരുക്കങ്ങൾക്കും മേൽനോട്ടം വഹിച്ചത്. 

കെപിസിസി സെക്രട്ടറിമാരായ പി.ടി.അജയ്മോഹൻ, വി.ബാബുരാജ്, കെ.പി.അബ്ദുൽമജീദ്, വി.എ.കരീം, കെ.പി.നൗഷാദ് അലി എന്നിവരുടെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റികൾ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഡിസിസി സെക്രട്ടറിമാരായ അജീഷ് എടാലത്ത്, നസറുല്ല, കെ.സി.കുഞ്ഞഹമ്മദ് എന്നിവരും സംഘാടനത്തിന്റെ ഭാഗമായിരുന്നു. പ്ലാസ്റ്റിക് മാലിന്യം നീക്കാൻ ഗ്രീൻ പ്രോട്ടോക്കോളിനു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി, സി.കെ.ഹാരിസ് എന്നിവർ നേതൃത്വം നൽകി.

പൊലീസിനും കയ്യടി

രണ്ടര ദിവസം സുരക്ഷാ പ്രശ്നങ്ങളൊന്നുമില്ലാതെ ഭാരത് ജോഡോ യാത്ര പൂർത്തീകരിച്ചപ്പോൾ പൊലീസിനും അതു നേട്ടമായി. 272 കിലോമീറ്റർ രാഹുൽ ഗാന്ധി കാൽനടയായി നടന്നപ്പോൾ ഓരോ ദിവസവും 700 പൊലീസുകാരാണു സുരക്ഷാ ചുമതലയിലുണ്ടായിരുന്നത്. ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന്റെ മേൽനോട്ടത്തിൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി കെ.എം.ബിജുവാണ് സുരക്ഷാദൗത്യത്തിനു നേതൃത്വം നൽകിയത്.

ആവേശക്കൂട്ടിന് നന്ദി പറഞ്ഞ് രാഹുൽ

എടക്കര  ∙ ആവേശത്തിന്റെ ത്രിവർണക്കാഴ്ചകൾ നാടിനു സമ്മാനിച്ച് രാഹുൽ ഗാന്ധി എംപിയുടെ ഭാരത് ജോഡോ യാത്ര കേരള പര്യടനം പൂർത്തിയാക്കി. മലപ്പുറം ജില്ലയുടെ അതിർത്തി ഗ്രാമമായ മണിമൂളിയിൽ യാത്ര അവസാനിപ്പിച്ച രാഹുൽ ഗാന്ധി നാടുകാണി ചുരം വഴി തമിഴ്നാട്ടിലെ ഗൂഡല്ലൂരിലേക്കു പോയി. ഇന്നലെ വൈകിട്ടു കോഴിപ്പാലം മുതൽ ഗൂഡല്ലൂർ ടൗൺ വരെ പദയാത്ര നടത്തി. ഇന്നു ഗൂ‍ഡല്ലൂരിൽ നിന്നു പുറപ്പെട്ട് കക്കനഹള്ള ചെക്പോസ്റ്റ് വഴി കർണാടകയിലേക്കു പ്രവേശിക്കും.

കർണാടക അതിർത്തി ചെക്പോസ്റ്റായ മേൽകമ്മനഹള്ളിയിൽ കോൺഗ്രസ് നേതാക്കൾ സ്വീകരണം നൽകും. തുടർന്നു ഗുണ്ടൽപേട്ട് മുതൽ മൈസൂരു വരെ പദയാത്ര. 3 ദിവസമാണു കർണാടകയിലെ പര്യടനം. ഈ മാസം 8നു തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നു തുടങ്ങിയ യാത്ര 19 ദിവസമാണു കേരളത്തിൽ ചെലവഴിച്ചത്. ഏഴു ജില്ലകളിലായി 453 കിലോ മീറ്റർ പര്യടനം നടത്തി. യാത്രയ്ക്കു നൽകിയ ഗംഭീര സ്വീകരണത്തിനു സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞാണ് രാഹുൽ കേരള പര്യടനം പൂർത്തിയാക്കിയത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com