ADVERTISEMENT

ചുങ്കത്തറ ∙ ഭാരത് ജോഡോ യാത്രയോടനുബന്ധിച്ച് വൃക്ഷത്തൈകൾ നടണമെന്ന എഐസിസി നിർദേശപ്രകാരം ശാസ്ത്ര വേദിയുടെ നേതൃത്വത്തിൽ കേരളത്തിലെ സമാപന ദിവസത്തെ വൃക്ഷത്തൈ നടീൽ സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. എ,യു.സെബാസ്റ്റ്യൻ, ബി.സി.ഉണ്ണിത്താൻ, മരുതനാംകുഴി സെബാസ്റ്റ്യൻ, താജാ സക്കീർ, കെ,ടി.കുഞ്ഞാൻ, പരപ്പൻ‍ ഹംസ എന്നിവർ നേതൃത്വ നൽകി. വിവിധ സ്ഥലങ്ങളിൽ മുൻ കേന്ദ്രമന്ത്രി ജയറാം രമേശ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, കെ.മുരളീധരൻ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, ബെന്നി ബെഹ്‌നാൻ എംപി, ഡീൻ കുര്യാക്കോസ് എംപി എന്നിവർ തൈകൾ നട്ടു,

പ്രകാശില്ലെങ്കിലും അണിചേർന്ന് ഭാര്യയും മക്കളും 

∙ ഭാരത് ജോഡോ യാത്രയുമായി രാഹുൽ ഗാന്ധിയെത്തുമ്പോൾ കൂടെ നടക്കാൻ വി.വി.പ്രകാശില്ലെങ്കിലും മക്കളും ഭാര്യയും അണിചേർന്നു. അന്തരിച്ച മുൻ ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശിന്റെ മക്കളായ നന്ദനയുടെയും നിളയുടെയും കൈകൾ പിടിച്ച് രാഹുൽ ഗാന്ധി ഇവരെ കൂടെ നടത്തി.ഒപ്പം മാതാവ് സ്മിതയും. ചുങ്കത്തറയിൽ നിന്നു പുറപ്പെട്ട യാത്ര എടക്കര ടൗണിലെത്തിയപ്പോഴാണ് റോഡരികിൽ കാത്തുനിന്ന പ്രകാശിന്റെ കുടുംബം യാത്രയ്ക്കൊപ്പം ചേർന്നത്. ഇന്ത്യയെ ഒന്നിപ്പിക്കാൻ രാഹുൽ ഗാന്ധി ന‍‍ടത്തുന്ന യാത്രയിൽ പങ്കെടുക്കണമെന്നത് മക്കളുടെ ആഗ്രഹമായിരുന്നുവെന്ന് സ്മിത പറഞ്ഞു.

കൈക്കുഞ്ഞുമായി ശ്രുതിയും

∙ കൈക്കുഞ്ഞുമായി ശ്രുതിയും ജോഡോ യാത്രയിൽ പങ്കെടുത്തു. കക്കാടംപൊയിൽ സ്വദേശിനിയായ തെഴുത്തുങ്കൽ ശ്രുതി 8 മാസമുള്ള തന്റെ കുഞ്ഞുമായ് ചുങ്കത്തറയിൽ നിന്ന് മണിമൂളി വരെ യാത്രയിൽ നടന്നു. യാത്ര തുടങ്ങുന്നതിന് മുൻപ് അതിരാവിലെ ചുങ്കത്തറയിലെത്തിയിരുന്നു, ഇത്രയും ബുദ്ധിമുട്ടിയെത്തിയത് രാഹുൽ ഗാന്ധിയെ കാണാനുള്ള ആഗ്രഹമാണെന്ന് ശ്രുതി പറഞ്ഞു. മാതാവ് ഷേർളിയും കൂടെയുണ്ടായിരുന്നു.

സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപിയുടെ ഗവർണർമാർ ശ്രമിക്കുന്നു: രാഹുൽ

ഗൂഡല്ലൂർ ∙ ജനാധിപത്യപരമായി തിരഞ്ഞെടുത്ത ഗവൺമെന്റുകളെ അട്ടിമറിക്കാനാണു ഗവർണർമാർ ശ്രമിക്കുന്നതെന്നു രാഹുൽ ഗാന്ധി എംപി. ബിജെപി നിയമിച്ച ഗവർണർമാർ സംസ്ഥാന സർക്കാരുകളെ വരിഞ്ഞു മുറുക്കുകയാണ്. തങ്ങളെയല്ല, സർക്കാരുകളെയാണു ജനങ്ങൾ തിരഞ്ഞെടുത്തതെന്നു ഗവർണർമാർ മനസ്സിലാക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കു  ഗൂഡല്ലൂരിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചില സംഘടനകൾ രാജ്യത്തെ ഐക്യം തകർക്കാൻ ശ്രമിക്കുന്നു. വെറുപ്പും ഹിംസയും വിതയ്ക്കാനാണു ശ്രമം. ഇതു തുടരാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും രാഹുൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com