കോടിയേരി: ജില്ലയിൽ ഇടത് കൊടിയേറ്റിയ നേതാവ്

HIGHLIGHTS
  • പൊതുസമ്മതരായ സ്വതന്ത്രരെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത് കോടിയേരിയുടെ കാലത്ത്
കോടിയേരി ബാലക‍ൃഷ്ണൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളോടൊപ്പം. പി.കെ.കുഞ്ഞാലിക്കുട്ടി സമീപം (ഫയൽ ചിത്രം).
SHARE

മലപ്പുറം ∙ ജില്ലയിലെ ഇടതുപക്ഷത്തിന്റെ വളർച്ചയിൽ കോടിയേരി ബാലകൃഷ്ണന്റെ പങ്ക് എടുത്തു പറയേണ്ടതാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹം വരുന്നത് 1973ൽ ആണ്. അന്ന് നിലമ്പൂർ സ്വദേശിയായ ദേവദാസ് പൊറ്റെക്കാട് ആണ് സംസ്ഥാന പ്രസിഡന്റ്. അന്നു മുതൽ തുടങ്ങിയ ബന്ധമായിരുന്നു അദ്ദേഹത്തിനു മലപ്പുറം ജില്ലയുമായി. മലപ്പുറം ജില്ലയിൽ സിപിഎമ്മിന്റെ ശക്തിയും ദൗർബല്യവും കൃത്യമായി മനസ്സിലാക്കിയ നേതാവായിരുന്നു അദ്ദേഹം.

പൊതുസമ്മതരായ സ്വതന്ത്രരെ കളത്തിലിറക്കി ജില്ലയിൽ സീറ്റ് വർധിപ്പിക്കാനുള്ള പദ്ധതി കൃത്യമായി നടപ്പാക്കിയത് കോടിയേരി സംസ്ഥാന സെക്രട്ടറിയായിരുന്ന കാലഘട്ടത്തിലാണ്. 2015ൽ ആണ് കോടിയേരി ആദ്യമായി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. പിറ്റേവർഷമായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ്. 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ 2 സീറ്റുണ്ടായിരുന്ന സ്ഥാനത്ത് 2016ൽ ഇടതു സീറ്റുകളുടെ എണ്ണം നാലായി. ഇതിൽ ഒരു സീറ്റിൽ മാത്രമായിരുന്നു സിപിഎം ചിഹ്നത്തിൽ മത്സരിച്ചത്. മറ്റു മൂന്നു മണ്ഡലങ്ങളിലെയും സ്ഥാനാർഥികൾ സ്വതന്ത്രരായിരുന്നു.

സ്വതന്ത്രരായി മത്സരിച്ചു ജയിച്ചവരിൽ ഭൂരിഭാഗം പേരും നേരത്തേ കോൺഗ്രസുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചവരായിരുന്നു എന്നതാണ് കൗതുകമുള്ള മറ്റൊരു കാര്യം. 2016ൽ പ്രയോഗിച്ച അതേ തന്ത്രം തന്നെ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും സിപിഎം പയറ്റി. സിറ്റിങ് സീറ്റുകൾ നിലനിർത്തുകയും ചെയ്തു. രാഷ്ട്രീയ പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നെങ്കിലും രാഷ്ട്രീയത്തിന് അതീതമായ വ്യക്തിബന്ധങ്ങൾ അദ്ദേഹം ജില്ലയിൽ കാത്തു സൂക്ഷിച്ചിരുന്നു. ഏപ്രിൽ 26ന്‌ ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനാണ്‌ അദ്ദേഹം അവസാനമായി മലപ്പുറത്ത് എത്തിയത്‌.

‘കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യം’

മലപ്പുറം ∙ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾക്കതീതമായി മറ്റുള്ളവരുമായി വിശാലമായ സൗഹൃദം പുലർത്താൻ പ്രത്യേക താൽപര്യം പ്രകടിപ്പിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് എം.പി.അബ്ദുസ്സമദ് സമദാനി എംപി പറഞ്ഞു. ചെന്നൈയിൽ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. നിറഞ്ഞ സൗഹൃദത്തോടെ ദീർഘസമയം സംഭാഷണം നടത്തി. അദ്ദേഹത്തിന്റെ വിയോഗം പാർട്ടിയിലും കേരളീയ പൊതുസമൂഹത്തിലും വിടവ് സൃഷ്ടിക്കുമെന്നും സമദാനി അനുസ്മരിച്ചു. കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യവും പ്രായോഗിക നിലപാടുകൾ ജനനന്മയ്ക്ക് ഉപയോഗിപ്പെടുത്തിയ നേതാവുമായിരുന്നു കോടിയേരിയെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.അജയ്മോഹൻ പറഞ്ഞു. വിശ്വസിച്ച പ്രത്യയശാസ്ത്രത്തിൽ മായം ചേർക്കാതെ പ്രവർത്തിച്ച രാഷ്ട്രീയ നേതാവാണ് കോടിയേരിയെന്ന്  ബിജെപി സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.കെ. സുരേന്ദ്രൻ പറഞ്ഞു.

രാഷ്ട്രീയക്കളത്തിലെ സ്പോർട്സ്മാൻ സ്പിരിറ്റ് 

മലപ്പുറം ∙ വാശിയേറിയ ഫുട്ബോൾ മത്സരം കഴിഞ്ഞാലും എതിർ ടീമിലെ പ്രധാന കളിക്കാരനോടുള്ള അടുത്ത സൗഹൃദം തുടരുന്ന പോലുള്ള ബന്ധമായിരുന്നു മുസ്‌ലിം ലീഗ് നേതാക്കളും കോടിയേരി ബാലകൃഷ്ണനും തമ്മിലുണ്ടായിരുന്നത്. ലീഗിന്റെ ശക്തി കേന്ദ്രങ്ങളിൽ കടന്നുകയറാൻ സിപിഎം പല പ്രയോഗങ്ങളും നടത്തിയപ്പോഴും സൗഹൃദത്തിലെ സ്പോർട്സ്മാൻ സ്പിരിറ്റ് കൈവിടാതെ ഇരുവിഭാഗവും സൂക്ഷിച്ചു.

ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുമായും പാണക്കാട് തങ്ങൾ കുടുംബത്തെയും വ്യക്തിപരമായ ബന്ധമുണ്ടായിരുന്നു കോടിയേരിക്ക്. അതുകൊണ്ടുതന്നെ അവസാന നാളുകളിൽ അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ കാണാൻ ചെന്നപ്പോൾ കുഞ്ഞാലിക്കുട്ടിയോടും സാദിഖലി തങ്ങളോടും മാത്രമായി സംസാരിക്കണമെന്ന് കോടിയേരി ആവശ്യപ്പെടുകയും ചെയ്തു.

സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് അവരുമായി ആശയവിനിമയം നടത്തിയത്.ഹൈദരലി ശിഹാബ് തങ്ങൾ മരിച്ചപ്പോൾ പാണക്കാട്ടെ വസതിയിലെത്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുസ്മരണ പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു.

ഊർജം പകരുന്ന സൗഹൃദം
അന്തരിച്ച കോടിയേരി ബാലകൃഷ്ണനെ ടി.കെ. ഹംസ അനുസ്മരിക്കുന്നു

മഞ്ചേരി ∙ ഞങ്ങൾ ഏറെക്കുറെ സമപ്രായക്കാരെങ്കിലും ‘സഖാവ് ഹംസ’ എന്ന് കോടിയേരി അഭിസംബോധന ചെയ്യുമ്പോൾ ഒരു ‍പാർട്ടി പ്രവർത്തകന്റെ ചുമതലാബോധം ഉള്ളിലേക്ക് ഇരച്ചു കയറും. അദ്ദേഹം പാർട്ടി സെക്രട്ടറി ആകുന്നതിനു മുൻപേ ഞങ്ങൾ തമ്മിൽ ആ ബന്ധം അരക്കിട്ട് ഉറപ്പിച്ചിരുന്നു. ഞാൻ മന്ത്രിയായിരിക്കുമ്പോഴാണ് കോടിയേരി എംഎൽഎ ആയി വരുന്നത്. പിന്നീട് പാർട്ടി വേദികളിൽ, തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ ഒന്നിച്ചു പങ്കെടുത്തു. 1987 മുതൽ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. അന്ന് ബേപ്പൂരിൽ മത്സരിച്ചപ്പോൾ കണ്ണൂരിൽനിന്നു കോടിയേരി പ്രസംഗിക്കാൻ എത്തി.

മഞ്ചേരിയിൽ ഞാൻ ജയിച്ച പാർലമെന്റ് തിരഞ്ഞെടുപ്പിലും പ്രസംഗിക്കാൻ വന്നിരുന്നു. വേങ്ങര ഉപതിരഞ്ഞെടുപ്പിലാണ് കൂടുതൽ കാലം ഒന്നിച്ചുണ്ടായിരുന്നത്. ഒരാഴ്ചയോളം വേങ്ങരയിൽ പ്രചാരണത്തിന് ഉണ്ടായിരുന്നു. അന്ന് മിക്ക ദിവസവും മഞ്ചേരിയിലെ വീട്ടിലായിരുന്നു താമസം. പ്രചാരണം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ വൈകും. പക്ഷേ, ഉറക്കവും ക്ഷീണവും വക വയ്ക്കാതെയാണു പിറ്റേ ദിവസം പുതിയ ഊർജത്തോടെ പ്രചാരണത്തിന് ഇറങ്ങുക. പിന്നീട് എത്രയോ പാർട്ടി, പ്രസംഗ വേദികൾ ഒന്നിച്ചു പങ്കിട്ടു. സഖാവ് എന്നതിലുപരി അടുത്ത സുഹൃത്തിനെയാണ് നഷ്ടമായത്.

മലപ്പുറവുമായി ഹൃദയബന്ധം സൂക്ഷിച്ച സഖാവ്
സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് കോടിയേരിയെ അനുസ്മരിക്കുന്നു

മലപ്പുറം ∙ കോടിയേരി ബാലകൃഷ്ണനുമായി വിദ്യാർഥി കാലഘട്ടം മുതൽ വ്യക്തിപരമായ ബന്ധമുണ്ട്. അദ്ദേഹം എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോൾ ഞാൻ എസ്എഫ്ഐയുടെ മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്. നിലമ്പൂർ സ്വദേശിയായ ദേവദാസ് പൊറ്റെക്കാട് ആയിരുന്നു അന്നു സംസ്ഥാന പ്രസിഡന്റ്. ആ കാലഘട്ടത്തിൽ ഒട്ടേറെ പരിപാടികൾക്ക് കോടിയേരി ജില്ലയിലെത്തിയിട്ടുണ്ട്. ജില്ലയിൽ എത്തുമ്പോൾ അദ്ദേഹം താൽപര്യം പ്രകടപ്പിക്കാറുള്ള പ്രധാനപ്പെട്ട കാര്യം മുതിർന്ന സഖാക്കളെ നേരിട്ടു ചെന്നു കാണുക എന്നതിനാണ്.

എത്ര തിരക്കുണ്ടെങ്കിലും അതിനു സമയം കണ്ടെത്താറുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹത്തോടൊപ്പം മലപ്പുറത്തെ ഏഴു സഖാക്കൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഈ സഖാക്കളുടെയെല്ലാം വീട്ടിൽ പോകാനും കുടുംബാംഗങ്ങളുടെ സുഖവിവരം അന്വേഷിക്കാനും അദ്ദേഹം പ്രത്യേകം സമയം കണ്ടെത്തുമായിരുന്നു. കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിങ് സെക്രട്ടറിയായിരുന്ന പരേതനായ ഡോ.പി.കെ.വാരിയരുമായി വലിയ ആത്മബന്ധമാണ് കോടിയേരിക്കുണ്ടായിരുന്നത്. മലപ്പുറത്തെത്തുമ്പോഴെല്ലാം അദ്ദേഹത്തെ ചെന്നു കാണും. ചികിത്സാ കാര്യങ്ങളിലും അദ്ദേഹത്തിന്റെ ഉപദേശം തേടുമായിരുന്നു. കോടിയേരി ടൂറിസം മന്ത്രിയായിരുന്ന സമയത്താണ് ജില്ലയിലെ പല ടൂറിസം കേന്ദ്രങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കു തുടക്കമാകുന്നത്. കമ്യൂണിസ്റ്റ് നേതാവ്, ഭരണാധികാരി എന്നീ നിലകളിലെല്ലാം അതുല്യമായ പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.

ഇരുമ്പഴിക്കുള്ളിലും കെടാത്ത കനൽ
അടിയന്തരാവസ്ഥക്കാലത്ത് കോടിയേരിക്കൊപ്പം ജയിലിൽ കഴിഞ്ഞ ഓർമകളിൽ പി.നന്ദകുമാർ എംഎൽഎ

പൊന്നാനി ∙ പിണറായി വിജയൻ, ഒ.ഭരതൻ‌, ഇ.പി.കൃഷ്ണൻ നമ്പ്യാർ, ആർ.കൃഷ്ണൻ തുടങ്ങി അടിയന്തരാവസ്ഥ കാലത്ത് കണ്ണൂർ ജയിലിൽ അടയ്ക്കപ്പെട്ട കണ്ണൂരിലെ പ്രധാന നേതാക്കൾ‌ക്കൊപ്പം ഒരു യുവനേതാവു കൂടിയുണ്ടായിരുന്നു. അന്നത്തെ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി.. എന്നെക്കാൾ മൂന്നു വയസ്സ് കുറവായിരുന്നു ആ ചെറുപ്പക്കാരന്. ജയിലിലടയ്ക്കപ്പെട്ടിട്ടും വിപ്ലവ വീര്യം ഇരട്ടിയായി കണ്ട ആ ചെറുപ്പക്കാരൻ പിൽക്കാലത്ത് പാർ‌ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി. പേര് കോടിയേരി ബാലകൃഷ്ണൻ.

ഒരു നേതാവിനു വേണ്ട സകല ഗുണങ്ങളും അന്നേ കോടിയേരിക്കുണ്ടായിരുന്നു. ഞാനും ഇമ്പിച്ചിബാവയും ഇ.പത്മനാഭനുമാണ് മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്യപ്പെട്ട് വന്നത്. മിസ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട് പല ഭാഗത്തുനിന്നും തടവുകാരെ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിക്ക് പുറമേ മറ്റ് രാഷ്ട്രീയ നേതാക്കളും സഹതടവുകാരായി ഉണ്ടായിരുന്നു. പലരും വീട്ടുകാര്യങ്ങളെക്കുറിച്ചോർത്ത് ആവലാതിപ്പെടുമ്പോൾ കോടിയേരിയുടെ ചിന്ത പാർട്ടിയെക്കുറിച്ചായിരുന്നു. വൃത്തിയില്ലാത്ത ഭക്ഷണമായിരുന്നു ജയിലിൽ തന്നിരുന്നത്. കിടക്കാൻ വിരിപ്പുണ്ടായിരുന്നില്ല.

പീഡനം പരിധിവിട്ടപ്പോൾ നിരാഹാരം കിടക്കാൻ ഞങ്ങൾ തീരുമാനിച്ചു. 5 ദിവസം നീണ്ട നിരാഹാരത്തിനൊടുവിൽ ജയിൽ അധികാരികൾ മുട്ടുമടക്കി. തൽക്കാലം ഭക്ഷണം പാചകം ചെയ്യാനുള്ള സൗകര്യമൊരുക്കി. മാപ്പെഴുതി നൽകിയാൽ ജയിലിൽനിന്ന് മോചിപ്പിക്കാമെന്ന് പല ഭാഗത്തുനിന്നും വാഗ്ദാനങ്ങൾ വന്നു. പക്ഷേ, മാപ്പെഴുതി നൽകി രക്ഷപ്പെടേണ്ടതില്ലെന്ന തീരുമാനമായിരുന്നു കോടിയേരിയുൾപ്പെടെയുള്ള നേതാക്കൾ മുന്നോട്ടുവച്ചത്. ഒന്നര വർഷം ജയിൽ ശിക്ഷയനുഭവിച്ചശേഷമാണ് ഞങ്ങൾ പുറത്തിറങ്ങിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}