ADVERTISEMENT

മഞ്ചേരി ∙ ബിസിനസിനു വായ്പ നൽകാമെന്ന് പറഞ്ഞു പലരിൽനിന്നു തുക സ്വീകരിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനം ഇടപാടുകാരെ വഞ്ചിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി രാജീവ് ഗാന്ധി ബൈപാസിലെ സ്ഥാപനം പൊലീസ് പൂട്ടി. ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പൊലീസിനു ലഭിച്ച വിവരം. കോഴിക്കോട് കുന്നമംഗലം കട്ടാങ്ങൽ പാലക്കുറ്റി മുഹമ്മദ് റാഫി (42) ആണ് അറസ്റ്റിലായത്.

സ്ഥാപനത്തിന്റെ ഉടമകളെന്നു കരുതുന്ന തമിഴ്നാട് സ്വദേശികളായ 2 പേർക്കെതിരെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഒന്നര ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ പണം നൽകിയ അൻപതോളം പേരാണ് കബളിപ്പിക്കപ്പെട്ടത്. ജസീല ജം‌ക്‌ഷനു സമീപം 3 മാസം മുൻപാണ് സ്ഥാപനം തുടങ്ങിയത്. കച്ചവടാവശ്യത്തിന് ഒന്നര ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെ വായ്പ നൽകുമെന്നായിരുന്നു വാഗ്ദാനം. വായ്പ തുകയുടെ 10% മുൻകൂറായി നൽകിയാൽ മൊത്തം തുക വായ്പ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചു. 50 ലക്ഷം രൂപ ലഭിക്കാൻ 5 ലക്ഷം രൂപ മുൻകൂർ നൽകണം. മാസം 97,500 രൂപ വീതം 5 വർഷംകൊണ്ട് തിരിച്ചടച്ചാൽ മതി.

ഈ തുക 3250 രൂപ വീതം ദിവസം നൽകാനും വ്യവസ്ഥയുണ്ട്. സ്ഥാപനത്തിന്റെ ജീവനക്കാർ നിത്യനിധിയായി തുക സ്വീകരിക്കും. ഇതു വിശ്വസിച്ചാണ് പലരും പണം നൽകിയതെന്നു പറയുന്നു. 5 ലക്ഷത്തിനു പുറമേ, മറ്റ് സ്കീമുകളുമുണ്ട്. സ്ഥാപനത്തിന്റെ ലൈസൻസ്‍, നികുതി ചീട്ട്, പാൻ കാർഡ്, ആധാർ കാർഡ്, മുദ്രപത്രം, ചെക്ക് ലീഫ് തുടങ്ങിയവ ഉള്ളവർക്കാണ് വായ്പ നൽകുകയെന്നത് വിശ്വാസം വർധിപ്പിച്ചു. സ്ഥാപനത്തിന്റെ കോയമ്പത്തൂർ ശാഖയിലെ ജീവനക്കാർ ശമ്പളം ലഭിക്കാതെ മഞ്ചേരിയിൽ എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com