ADVERTISEMENT

അരീക്കോട് ∙ കോഴിക്കോട്-പാലക്കാട് ഗ്രീൻ ഫീൽഡ് പാതയ്ക്കായി ഭൂമി അടയാളപ്പെടുത്തൽ വൻ പൊലീസ് സന്നാഹത്തോടെ നടന്നു. അരീക്കോട്-കാവനൂർ വില്ലേജ് അതിർത്തിയിലെ കിളിക്കല്ലിങ്ങൽ പ്രദേശത്ത് കല്ലുകൾ സ്ഥാപിക്കാനെത്തിയത് കുടുംബം തടഞ്ഞതോടെ കയ്യാങ്കളിയിലേക്കു നീങ്ങി. സംഭവസ്ഥലത്തു കുഴഞ്ഞുവീണ വീട്ടമ്മയെയും ഗൃഹനാഥനെയും പൊലീസ് ആശുപത്രിയിലേക്കു മാറ്റി.

നേരത്തേ നിർത്തിവച്ച സ്ഥലങ്ങളിൽ കല്ലിടൽ തുടരുന്നതിനായി പൊലീസ്, വനിത പൊലീസ്, പിങ്ക് പൊലീസ് തുടങ്ങിയവരുടെ സഹായത്തോടെയായിരുന്നു ഉദ്യോഗസ്ഥർ എത്തിയത്. വില്ലേജിലെ മറ്റു സ്ഥലങ്ങൾ പൂർത്തിയാക്കി ഉച്ചയോടെയാണു കിളിക്കല്ലിങ്ങൽ എത്തിയത്. രേഖ കാണിച്ചാൽ മാത്രമേ അടയാളപ്പെടുത്താൻ അനുവദിക്കൂ എന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് സഹായത്തോടെ ബലമായി അളന്നു കുറ്റിയടിക്കുകയായിരുന്നെന്ന് കുടുംബം പരാതിപ്പെട്ടു. 

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഗൃഹനാഥൻ ടി.കെ.ബീരാൻ (60), ഭാര്യ സുരയ്യ (48) എന്നിവരെ പൊലീസ് അരീക്കോട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.  സംഘർഷ സാധ്യത ഒഴിവാക്കാമായിരുന്നിട്ടും  ഉദ്യോഗസ്ഥർ ധിക്കാരത്തോടെയാണ് പെരുമാറിയതെന്നു നാട്ടുകാർ ആരോപിച്ചു. 

നഷ്ടപ്പെടുന്ന സ്ഥലത്തിനും വീടിനും പ്രത്യേക പാക്കേജ് അനുവദിക്കുക, സ്ഥലത്തിന്റെ വില നിശ്ചയിക്കുന്ന 3 കിലോമീറ്ററിൽ നിന്നും 5 ആയി ദൂരപരിധി വർധിപ്പിക്കുക, ഭാഗികമായി വീട് നഷ്ടപ്പെടുന്നവർക്കു മുഴുവൻ തുകയും നൽകുക, നഷ്ടപരിഹാരം നൽകിയ ശേഷം വീട് ഒഴിഞ്ഞു നൽകുക തുടങ്ങിയവയാണു ആവശ്യങ്ങൾ. ഇതിനായി ആക്‌ഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്  ദേശീയപാത ഏറ്റെടുക്കൽ വിഭാഗം ഡപ്യൂട്ടി കലക്ടർ ഡോ.ജെ.ഒ.അരുണിന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com