ADVERTISEMENT

പൊന്നാനി ∙ ജില്ലയിലെ മീൻപിടിത്ത മേഖലയ്ക്ക് വെല്ലുവിളിയായി ഇതര സംസ്ഥാനങ്ങളിൽനിന്നും വൻ തോതിൽ മത്സ്യ ഇറക്കുമതി. ദിവസവും പുലർച്ചെ ലോഡ് കണക്കിന് മത്സ്യമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നത്. ജില്ലയിലെ ഹാർ‌ബറുകളിലേക്കു വരെ ഇറക്കുമതി മത്സ്യം എത്തിത്തുടങ്ങി. ബോട്ടുകാരെയും വള്ളക്കാരെയും വെട്ടിലാക്കുന്ന തരത്തിലുള്ള വിലനിലവാരത്തിലാണ് ഇറക്കുമതി മത്സ്യങ്ങളുടെ വിൽപന. ഹാർബറിലെ മത്സ്യം വാങ്ങിച്ചിരുന്ന പതിവ് കച്ചവടക്കാർ വരെ ഇറക്കുമതി മത്സ്യങ്ങളുടെ പിറകേ കൂടിയിരിക്കുകയാണ്. പരപ്പനങ്ങാടി, താനൂർ, തിരൂർ, പൊന്നാനി തുടങ്ങി ജില്ലയിലെ പ്രധാന മീൻപിടിത്ത മേഖലകൾ ഇറക്കുമതി മത്സ്യക്കാർ കയ്യടക്കുകയാണ്. 

ഹാർബറിൽ ഫിഷറീസ് വകുപ്പ് നൽകിയ മത്സ്യ ബോക്സുകളിൽ വരെ ഇറക്കുമതി മത്സ്യങ്ങൾ സൂക്ഷിക്കുന്ന അവസ്ഥയാണിപ്പോൾ. പഴക്കമുള്ളതും മായം ചേർത്തതുമായ മത്സ്യം ഇറക്കുമതി ചെയ്യപ്പെടുന്നവയിൽ പെടുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. യാതൊരു തരത്തിലുള്ള സുരക്ഷാ പരിശോധനയും നടക്കുന്നില്ലെന്നും പരാതിയുണ്ട്. 

ഹാർബറിലെ മത്സ്യവിൽപനയിൽ നിന്നുള്ളതിനേക്കാൾ കൂടുതൽ ലാഭം ഇറക്കുമതി മത്സ്യങ്ങൾക്ക് ലഭിക്കുന്നതാണ് കച്ചവടക്കാരെ ആകർഷിക്കാൻ കാരണം. പുലർച്ചെ ജില്ലാ അതിർത്തി കടന്നെത്തുന്ന മീൻ ലോറികൾ കാത്തുനിൽക്കുന്ന കച്ചവടക്കാരുടെ എണ്ണം ദിവസവും കൂടി വരികയാണ്. ബോട്ടുകാരും വള്ളക്കാരും നിസ്സഹായരായി. 

പല വള്ളക്കാരും കടലിലിറങ്ങാൻ മടിക്കുകയാണിപ്പോൾ. ലോഡ് കണക്കിന് മത്സ്യം പുറത്ത് നിന്നെത്തുമ്പോൾ ജില്ലയിലെ മത്സ്യത്തിന് ഡിമാൻഡ് കുറയുന്ന സാഹചര്യം തൊഴിൽ മേഖലയെ തകർത്തുകൊണ്ടിരിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 

മറുനാടൻ മത്സ്യങ്ങൾ

മുംബൈ, ഗുജറാത്ത് ഭാഗങ്ങളിൽ നിന്നു വരെ ജില്ലയിലേക്ക് മത്സ്യമെത്തുന്നുവെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. തമിഴ്നാട്, ഗോവ, കർണാടക തുടങ്ങിയ ഭാഗങ്ങളിൽ നിന്നാണ് കൂടുതലായും ജില്ലയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്. ഓരോ ദിവസവും ലോഡ് കണക്കിന് മത്സ്യമാണ് പ്രധാന മാർക്കറ്റുകളിലേക്ക് ഇറക്കുന്നത്. വിലക്കുറവിനപ്പുറം ചെറുമത്സ്യങ്ങളടക്കം ആവശ്യാനുസരണം ലഭ്യമാക്കുന്നുമുണ്ട്. 

വിലയും കുറവ്

വിലയിൽ തോൽപിച്ച് ഇറക്കുമതി മത്സ്യങ്ങൾ. കഴിഞ്ഞ ദിവസം 200 രൂപയ്ക്ക് ആവോലി വിൽപന നടത്തിയിരുന്നു. 160 മുതൽ 180 രൂപയ്ക്കുവരെ മൊത്തക്കച്ചവടത്തിൽ ആവോലി വിറ്റിരുന്നുവെന്നാണ് വിവരം. ജില്ലയിൽ 500 രൂപ വരെ വിലയുള്ള ആലോയിലാണ് 200 രൂപയ്ക്ക് വിറ്റ് മീൻപിടിത്ത മേഖലയിൽ വൻ വിലയിടിവ് സൃഷ്ടിക്കുന്നത്. 

ജില്ലയിൽ 650 രൂപ വില വരുന്ന അയക്കൂറ 250–200 രൂപ നിരക്കിലാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. അയല, കോര, കൂന്തൾ, വലിയ മത്തി തുടങ്ങിയ മത്സ്യങ്ങളും വൻതോതിൽ ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്. മീനിന്റെ ഗുണനിലവാരം പരിശോധിക്കപ്പെടുന്നില്ലെന്ന പരാതി ശക്തമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ദിവസങ്ങൾ പഴക്കമുള്ള മത്സ്യമാണ് ജില്ലയിലേക്ക് എത്തുന്നതെന്നും ആരോപണമുണ്ട്. 

ബോട്ടുകാരെയും വള്ളക്കാരെയും ഉൾപ്പെടുത്തി പരാതി ചർച്ച ചെയ്യും. ഇറക്കുമതി മത്സ്യങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ കർശന നിർദേശങ്ങൾ നൽകും. പഴകിയ മത്സ്യങ്ങളുടെയും മായം ചേർത്ത മത്സ്യങ്ങളുടെയും വിൽപന പൂർണമായി തടയാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകും. മീൻപിടിത്ത മേഖലയുടെ നിലനിൽപിന് വേണ്ടതായുള്ള കാര്യങ്ങൾ ഗൗരവമായി പരിശോധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com