ADVERTISEMENT

മലപ്പുറം ∙ മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി അൻവർ ഇബ്രാഹിം അധികാരമേൽക്കുമ്പോൾ പാണക്കാട് തങ്ങൾ കുടുംബത്തിനും ആഹ്ലാദം. പാണക്കാട് കുടുംബത്തിന്റെ അടുത്ത സുഹൃത്താണ് അദ്ദേഹം. ഏറെ പരിചിതനായ ഒരാൾ അധികാരത്തിലേറി എന്നതിനേക്കാൾ അദ്ദേഹത്തിന്റെ  മനുഷ്യ സ്നേഹത്തിലൂന്നിയ രാഷ്ട്രീയ കാഴ്ചപ്പാട് സന്തോഷം നൽകുന്നതാണെന്നു സാദിഖലി ശിഹാബ് തങ്ങൾ സമൂഹമാധ്യമത്തിൽ കുറിച്ചു. 

സഹോദര തുല്യനായ സുഹൃത്ത് എന്ന നിലയിൽ വ്യക്തിപരമായി അഭിമാനം നൽകുന്നുവെന്നായിരുന്നു മുനവ്വറലി തങ്ങളുടെ പോസ്റ്റ്.മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലത്താണ് അൻവർ ഇബ്രാഹിമും പാണക്കാട്  കുടുംബവും തമ്മിലുള്ള സൗഹൃദത്തിന്റെ തുടക്കം. ശിഹാബ് തങ്ങളുടെയും പാണക്കാട് കുടുംബത്തിന്റെയും സാമൂഹിക–രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ച് വായിച്ചും കേട്ടും മനസ്സിലാക്കിയ അദ്ദേഹം തങ്ങളുമായി നിരന്തരം ആശയ വിനിമയം നടത്തിയിരുന്നു.

പലതവണ അദ്ദേഹത്തെ കാണാനായി പാണക്കാട്ട് വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പല കാരണങ്ങളാൽ നടന്നില്ല. പിന്നീട് മുഹമ്മദ് ശിഹാബ് തങ്ങളുടെ മരണ ശേഷം പ്രിയ സുഹൃത്തിനായി പ്രാർഥിക്കാനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും അദ്ദേഹം പാണക്കാട്ടെത്തി. ഹൈദരലി ശിഹാബ് തങ്ങളുടെ മരണ ശേഷം അദ്ദേഹം തങ്ങൾ കുടുംബത്തെ വിളിച്ച്  അനുശോചനം അറിയിച്ചിരുന്നു. 

മുനവ്വറലി ശിഹാബ് തങ്ങൾ മലേഷ്യ സന്ദർശിക്കുന്ന സമയത്തെല്ലാം അൻവർ ഇബ്രാഹിമിനെ കാണാറുണ്ട്. ജൂണിൽ മലേഷ്യയിലെത്തിയപ്പോഴും അദ്ദേഹത്തെ കണ്ടിരുന്നു. തങ്ങൾ പഠിച്ച മലേഷ്യ ഇന്റർനാഷനൽ ഇസ്‌ലാമിക് സർവകലാശാലയുടെ പ്രസിഡന്റായിരുന്നു അദ്ദേഹം. മലേഷ്യയെ ലോക വിദ്യാഭ്യാസ ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചതായി തങ്ങൾ പറഞ്ഞു. 

മലേഷ്യയിലെ പരിചയ സമ്പന്നനായ രാഷ്ട്രീയ നേതാക്കളിലൊരാളായ അൻവർ ഇബ്രാഹിമിനെ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണു പ്രധാനമന്ത്രി സ്ഥാനം തേടിയെത്തുന്നത്. മുൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദിന്റെ പിൻഗാമിയായി നേരത്തേ അറിയപ്പെട്ടിരുന്നെങ്കിലും ആരോപണവും ജയിൽവാസവുമായി കടുത്ത രാഷ്ട്രീയ പരീക്ഷണങ്ങൾക്കു വിധേയനാകേണ്ടിവന്നു. പ്രതിസന്ധികളെല്ലാം മറികടന്നാണു രാജ്യത്തിന്റെ പത്താം പ്രധാനമന്ത്രിയായി അദ്ദേഹം ഇന്നലെ ചുമതലയേറ്റത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com