ADVERTISEMENT

മലപ്പുറം ∙ അഞ്ചാംപനി പടരുന്ന സാഹചര്യത്തിൽ സ്‌കൂളുകളിലും അങ്കണവാടികളിലും  മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കിയതായി കലക്ടർ അറിയിച്ചു.

ആകെ 140 കേസുകൾ

ജില്ലയിൽ ഇതുവരെ 140 പേർക്കു അഞ്ചാംപനി സ്ഥിരീകരിച്ചതായി ഡിഎംഒ ഡോ. ആർ.രേണുക യോഗത്തിൽ അറിയിച്ചു. ഇതിൽ 6 പേർ മാത്രമാണു വാക്സീനെടുത്തത്. കൽപകഞ്ചേരി (54), മലപ്പുറം (14), പൂക്കോട്ടൂർ (14)  എന്നിവിടങ്ങളിലാണു കൂടുതൽ പേർക്കു രോഗം സ്ഥിരീകരിച്ചത്. 

കുത്തിവയ്പ് 5ന് അകം 

ജില്ലയിൽ വാക്സീനെടുക്കാത്ത എല്ലാ കുട്ടികൾക്കും അടുത്ത മാസം 5ന് അകം അഞ്ചാംപനി പ്രതിരോധ കുത്തിവയ്പ് നടത്തുമെന്നു കലക്ടർ. അഞ്ചാം പനി വ്യാപനം തടയാനുള്ള ഏകമാർഗം കൂടുതൽ പേർ കുത്തിവയ്പ്പെടുക്കുകയാണ്. ജില്ലാ വികസന സമിതി യോഗത്തിലാണു കലക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. വാക്സീനെതിരെ തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. 

വാക്സീനെടുക്കാതെ ലക്ഷം പേർ 

ജില്ലയിൽ 97,356 കുട്ടികൾ എംആർ വാക്സീൻ ഒന്നാം ഡോസ് എടുക്കാനുണ്ട്. ഒന്നാം ഡോസെടുത്ത് രണ്ടാം ഡോസെടുക്കാത്ത കുട്ടികളുടെ എണ്ണം 1,16,994 ആണ്.  രോഗവ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്ത കൽപകഞ്ചേരിയിൽ മാത്രം 776 പേർ വാക്സിനെടുക്കാനുണ്ട്.

അഞ്ചാംപനി; പഠിക്കാൻ കേന്ദ്രസംഘമെത്തി

കൽപകഞ്ചേരി  ∙ ജില്ലയിലെ വിവിധയിടങ്ങളിൽ അഞ്ചാംപനി പടർന്നതിനെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘമെത്തി. കൽപകഞ്ചേരി പഞ്ചായത്തിൽ പരിശോധന നടത്തിയ സംഘം ഇന്ന് പൂക്കോട്ടൂരിലെത്തിയേക്കും. നാളെ കലക്റുമായി ചർച്ച നടത്തിയ ശേഷം മടങ്ങുമെന്നാണ് വിവരം. 

എൻസിഡിസി ജോ‌യിന്റ് ഡയറക്ടർ ഡോ.സൗരഭ് ഗോയൽ, ഡോ. ഗുണശേഖരൻ എന്നിവരു‌ടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തുന്നത്. 7 വാർഡുകളിലായി 48 പേർക്ക് രോഗം സ്ഥിരീകരിച്ച കൽപകഞ്ചേരി പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി  ചർച്ച നടത്തി. രോഗം പടരാനിടയാക്കിയ സാഹചര്യം സംബന്ധിച്ചു വിശദീകരണവും തേടി. 

പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവർക്ക് വാക്സീൻ നൽകാനുള്ള നടപടി ഊർജിതപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അധികൃതർ കേന്ദ്ര സംഘത്തെ അറിയിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിലെ സംഘവും ഡിഎംഒ ഡോ.ആർ.രേണുക, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ഡോ.കെ.സക്കീന, ഡോ.സുബിൻ, ഡോ.നവ്യ, ഡോ.ആശ, ഡോ.സന്തോഷ്, ‍ഡോ.ആസിഫ് ജാൻ, , ടി.എ.സുരേഷ്, പഞ്ചായത്തംഗം ടി.പി.ഇബ്രാഹിം എന്നിവരും കൂടെയുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com