വിമാനത്താവള വികസനം ഉടൻ തുടങ്ങും: അതോറിറ്റി ചെയർമാൻ

Karipur-airport-1248
SHARE

മലപ്പുറം ∙ റൺവേ വെട്ടിച്ചുരുക്കുന്ന നടപടികളിലേക്കു പോകാതെ കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനം തുടങ്ങാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് എയർപോർട്ട് അതോറിറ്റി ചെയർമാൻ സഞ്ജീവ് കുമാറിന്റെ ഉറപ്പ്. വിമാനത്താവള ഉപദേശകസമിതി ചെയർമാൻ എം.പി.അബ്ദുസ്സമദ് സമദാനി എംപിക്കാണ് അദ്ദേഹം ഉറപ്പു നൽകിയത്.

ഡിസംബർ അവസാനത്തോടെ തടസ്സങ്ങളെല്ലാം നീങ്ങി വികസന പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കാനുള്ള തീരുമാനമുണ്ടാകുമെന്നു സഞ്ജീവ് കുമാർ അറിയിച്ചു. വിമാനത്താവളത്തിന്റെ റൺവേയുടെ നീളം കുറച്ച് റിസ വികസിപ്പിക്കാനുള്ള തീരുമാനത്തിലേക്കു പോകരുതെന്ന് ആവശ്യപ്പെട്ടു സമദാനി നിവേദനം നൽകി.സാങ്കേതിക തടസ്സങ്ങളുടെ പേരിൽ വികസന പ്രവർത്തനം തടസ്സപ്പെടരുതെന്നു സമദാനി ആവശ്യപ്പെട്ടു.

റൺവേ വെട്ടിച്ചുരുക്കാനുള്ള നിർദേശം ജനപ്രതിനിധികളുടെയും സാമൂഹിക സംഘടനകളുടെയും ആവശ്യം മാനിച്ച് നേരത്തേ റദ്ദാക്കിയതാണ്. റൺവേ നീളം കുറച്ചാൽ ലക്ഷക്കണക്കിനു പ്രവാസികളെയും വിമാനത്താവളത്തെ ആശ്രയിക്കുന്നവരെയും ഇതു ബാധിക്കും. വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്നും എംപി ആവശ്യപ്പെട്ടു.

റിസ വികസനം; 50 ലക്ഷം ഉടൻ നൽകുമെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് വിമാനത്താവളത്തിലെ റിസ വികസനത്തിനായി ഭൂമിയേറ്റെടുക്കുന്നതിനുള്ള കണ്ടിൻജൻസി ഫണ്ടായ 50 ലക്ഷം ഉടൻ റവന്യു വകുപ്പിനു കൈമാറുമെന്നു ചീഫ് സെക്രട്ടറിയുടെ ഉറപ്പ്. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള നിസ്സാര തർക്കത്തിൽ തട്ടി ഭൂമിയേറ്റെടുക്കൽ വൈകുന്നതായി മനോരമ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിനെത്തുടർന്ന് എം.കെ.രാഘവൻ എംപി മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.അബ്ദുറഹിമാൻ, ചീഫ് സെക്രട്ടറി എന്നിവരുമായി കൂടിക്കാഴ്ച നടത്തി വിഷയം ശ്രദ്ധയിൽപ്പെടുത്തി. ഈ ചർച്ചയിലാണു ഫണ്ട് ഉടൻ അനുവദിക്കുമെന്നു ചീഫ് സെക്രട്ടറി ഉറപ്പു നൽകിയത്. റിസ വികസനത്തിനായി 14.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.

നടപടികളിലേക്കു കടക്കണമെങ്കിൽ സംസ്ഥാന ഗതാഗത വകുപ്പ് 50 ലക്ഷം രൂപ കണ്ടിൻജൻസി ഫണ്ടായി റവന്യു വകുപ്പിനു കൈമാറണം. ഇത് അനുവദിക്കുന്നതിലുള്ള കാലതാമസം ഭൂമിയേറ്റെടുക്കലിനെ ബാധിച്ചതായി എംപി ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഫണ്ട് അനുവദിക്കാൻ ഗതാഗത സെക്രട്ടറിക്ക് ഉടൻ നിർദേശം നൽകുമെന്നു ചീഫ് സെക്രട്ടറി പറഞ്ഞു.

റിസ വികസനത്തിനാവശ്യമായ ചെലവ് പൂർണമായി വഹിക്കാമെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചതായി ചീഫ് സെക്രട്ടറി പറഞ്ഞു. എസ്റ്റിമേറ്റ് തുകയായ 168 കോടിയിൽ 120 കോടി അതോറിറ്റിയും ബാക്കി സംസ്ഥാനവും വഹിക്കണമെന്നായിരുന്നു നേരത്തേ അവരുടെ നിലപാട്. എന്നാൽ, ചെലവ് പൂർണമായി അതോറിറ്റി വഹിക്കണമെന്ന നിലപാട് കേരളം മുന്നോട്ടുവച്ചു. യൂസർ ഡവലപ്മെന്റ് ഫീ ഈടാക്കി റിസ നിർമാണച്ചെലവ് വഹിക്കാൻ തയാറാണെന്ന് അതോറിറ്റി അറിയിച്ചതായി ചീഫ് സെക്രട്ടറി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS