ADVERTISEMENT

തിരൂരങ്ങാടി ∙ ആത്മവിശ്വാസത്തിന്റെ പ്രതിരൂപമായി മൂന്നിയൂർ പടിക്കൽ സ്വദേശി ഷഫീഖ് പാണക്കാടൻ. യുഎഇ ദേശീയദിനത്തോടനുബന്ധിച്ച് ജബൽ ജൈസ് മലനിരയുടെ ഉച്ചിയിൽ ഒറ്റക്കാലിൽ നടന്നുകയറിയിരിക്കുകയാണ് ഈ യുവാവ്. വയനാട് ചുരം ഒറ്റക്കാലിൽ നടന്നുകയറിയതിന്റെ അനുഭവ സമ്പത്തുമായായിരുന്നു യുഎഇയിലെ മലകയറ്റം. റാക് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയായിരുന്നു ഷഫീഖിന്റെ മലകയറ്റം.

മലയടിവാരത്ത് പ്രഭാതപ്രാർഥന നിർവഹിച്ച് ആരംഭിച്ച നടത്തം 24 കിലോമീറ്റർ പിന്നിട്ട് 2.30ന് ആണ് ജൈസ് മലനിരയുടെ ഉച്ചയിലെത്തിയത്. സമുദ്രനിരപ്പിൽനിന്ന് 1400 മീറ്റർ ഉയരത്തിലാണ് ജൈസ് മല. റാസൽ ഖൈമ ഇക്കണോമിക് വകുപ്പ് ചെയർമാൻ ഖായ്ദ് ബിനു മുഹമ്മദ് ആൽ ഖാസിമി, യുഎഇ കെഎംസിസി ഉപദേശക സമിതി ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, സെക്രട്ടറി പി.കെ.അൻവർ നഹ, ട്രഷറർ നിസാർ തളങ്കര തുടങ്ങിയവരും ഷഫീഖിനൊപ്പം ഉണ്ടായിരുന്നു.

15 കി.മീ. ദൂരമുള്ള വയനാട് ചുരം ഷഫീഖ് ഒറ്റക്കാലിൽ നടന്നുകയറിയിട്ടുണ്ട്. ഡൽഹിയിൽ നടന്ന കാർഷിക സമരത്തിന് പിന്തുണ അറിയിച്ച് അവിടെയും എത്തിയിരുന്നു. നിശ്ചയദാർഢ്യ വിഭാഗക്കാർക്കായി ഇറാനിൽ നടത്തിയ രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് ഷഫീഖ്. ആംപ്യൂട്ടി ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത് മടങ്ങുംവഴിയാണ് ഷഫീഖ് യുഎഇയിലെത്തിയത്. ഭിന്നശേഷിക്കാർക്കായി സാമൂഹികനീത വകുപ്പ് ഏർപ്പെടുത്തിയ അവാർഡ് കഴിഞ്ഞ വർഷം നേടിയിരുന്നു.

സംസ്ഥാന നീന്തൽ ചാംപ്യനുമാണ്. 2004ൽ ഉണ്ടായ വാഹനാപകടത്തിലാണ് ഷഫീഖിന് കാൽ നഷ്ടമായത്. റോഡിലൂടെ നടന്നുപോകുമ്പോൾ ടാങ്കർ ലോറി ഇടിച്ച് പിൻചക്രം കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. തുടർന്ന് ശാസ്ത്രക്രിയയിലൂടെ വലതുകാൽ മുട്ടിനു മുകളിൽ മുറിച്ചുമാറ്റുകയായിരുന്നു. ഇടതുകാൽ നിലത്തൂന്നി രണ്ട് വടികളുടെ സഹായത്തോടെയാണ് ഷഫീഖ് നടക്കുന്നത്. എന്നാൽ ഇതൊന്നും തന്നെ ഷഫീഖിനെ ബാധിക്കുന്നില്ല. നാട്ടിലെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമാണ്.

ഭിന്നശേഷിക്കാർക്കും കിടപ്പിലായവർക്കും വീടുകളിൽ ഒതുങ്ങിക്കഴിയുന്നവർക്കും എന്നും പ്രചോദനവുമായി ഷഫീഖ് രംഗത്തുണ്ട്. പടിക്കൽ ആസ്ഥാനമായ സ്മിതം ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണ് പ്രവർത്തനം. ഭിന്നശേഷിക്കാരുടെ സംഘടനയായ ഡിഎപിഎൽ ജില്ലാ ജനറൽ സെക്രട്ടറിയാണ്. പാണക്കാടൻ അബൂബക്കറിന്റെയും കുഞ്ഞാത്തുവിന്റെയും മകനാണ്.  റഹ്‌മത്തുൽ അർശയാണ് ഭാര്യ. മകൾ ആയിഷ ഹിന്ദ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com