ADVERTISEMENT

അരീക്കോട് ∙ ഗോട്ട് ഫാമിലേക്കു നിക്ഷേപം സ്വീകരിച്ചു തട്ടിപ്പു നടത്തിയെന്ന പരാതിയിൽ ഒളിവിലുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. വിവിധ ജില്ലകളിൽ നിന്നുള്ളവർ തട്ടിപ്പിന് ഇരയായതായാണു വിവരം. പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ളവരും തട്ടിപ്പിന് ഇരയായതായി പൊലീസിനു വിവരം ലഭിച്ചു. തട്ടിപ്പിനിരയായ ജില്ലയിൽ നിന്നുള്ള നൂറ്റി മുപ്പതിലധികം പേർ ഒപ്പിട്ട പരാതി ജില്ലാ പൊലീസ് മേധാവിക്കു നൽകിയിരുന്നു. എസ്പിയുടെ സ്ക്വാഡും അന്വേഷണ സംഘത്തിലുണ്ട്.

തിരൂരങ്ങാടി കെ.വി.സെലിക് (43), എടവണ്ണ ചാത്തല്ലൂർ റിയാസ് ബാബു (40) എന്നിവർക്കെതിരെയാണു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇരുവരും ഒളിവിലാണെന്ന് അന്വേഷണ സംഘം പറഞ്ഞു. എടവണ്ണയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ റിയാസ് ബാബുവിന്റെ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

കെ.വി.സെലിക്കിന്റെ ബന്ധുവിനെയും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ചോദ്യം ചെയ്തു. ഊർങ്ങാട്ടിരി വേഴക്കോട് പ്രവർത്തിക്കുന്ന ഹലാൽ ഗോട്ട് ഫാമിന്റെ പേരിലാണു തട്ടിപ്പ് നടന്നത്. 5000 രൂപയുടെ ഷെയർ സ്വീകരിച്ചാണു നിക്ഷേപകരെ സ്വീകരിച്ചത്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന ആടുകളെ സംസ്ഥാനത്തെ വിവിധ ആട്ടിറച്ചി മാർക്കറ്റുകളിലേക്കു നൽകുന്ന ഡീലറാണെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് എന്ന് പരാതിക്കാർ പറയുന്നു. 

ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്തു സമൂഹമാധ്യമം വഴിയായിരുന്നു പരസ്യം. ലക്ഷങ്ങൾ ഷെയറായി എടുത്തവരുണ്ട്. ആദ്യ മാസങ്ങളിൽ ലാഭവിഹിതം നൽകി വിശ്വാസം പിടിച്ചുപറ്റി. ഷെയർ എടുത്തവർ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചേർത്തതോടെ 5 കോടിയോളം രൂപയുടെ നിക്ഷേപം നടന്നിട്ടുണ്ടെന്നു പരാതിക്കാർ പറയുന്നു. ഒക്ടോബർ 24 മുതൽ ഉടമയെ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണു നിക്ഷേപകർ കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com