ADVERTISEMENT

എടക്കര ∙ കാൽനൂറ്റാണ്ട് മുൻപ് കാട് കയറിയതാണ് ചാത്തൻ. പുലിയും കാട്ടാനയും വിഹരിക്കുന്ന കൊടുംകാട്ടിലെ ഗുഹയിൽ തനിച്ചാണ് വാസം. ഇപ്പോൾ കാടിറങ്ങണമെന്നാണ് എൺപതുകാരനായ ചാത്തന്റെ ആഗ്രഹമെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ചാത്തനെ തിരികെയെത്തിക്കാൻ അധികൃതർ തയാറാവുന്നില്ല. കേരള – തമിഴ്നാട് അതിർത്തിയായ ചോലാടി മീൻമുട്ടി വെള്ളച്ചാട്ടത്തിനടുത്തുള്ള ഇടുങ്ങിയ ഗുഹയിലാണ് ചാത്തൻ കഴിയുന്നത്.

വന വിഭവങ്ങൾ ശേഖരിക്കാൻ ചാലിയാർപ്പുഴ കടന്നെത്തിയ ചാത്തൻ പിന്നെ മടങ്ങിപ്പോയിട്ടില്ല. ഇപ്പോൾ അനാരോഗ്യം കാരണമാണ് കാടിറങ്ങണമെന്ന ആഗ്രഹമുണ്ടായത്. വഴിക്കടവ് വനം റേഞ്ചിന് പരിധിയിലാണ് ചാത്തൻ താമസിക്കുന്നതെങ്കിലും തമിഴ്നാട്ടിലെ ചേരമ്പാടിയാണ് തൊട്ടടുത്തുള്ള ജനവാസ കേന്ദ്രം. ആദ്യമൊക്കെ നാട്ടിലിറങ്ങി ജോലി ചെയ്തിരുന്നു. വീട്ടുകാരെക്കുറിച്ച് ചാത്തന് ഓർമയില്ല. ഇപ്പോൾ എണീറ്റ് നടക്കാൻ പോലും പ്രയാസമാണ്. ചേരമ്പാടി വാച്ച്ടവറിലെ വനം വാച്ചറും പൊതുപ്രവർത്തകനുമായ ഉണിക്കാട് ബാലനാണ് കഴിഞ്ഞ 4 മാസമായി ചാത്തന് ഭക്ഷണവും മരുന്നും നൽകുന്നത്. 

വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നിർദേശവും ഇതിനുണ്ട്. നാട്ടിലേക്ക് മടങ്ങാനുള്ള ചാത്തന്റെ ആഗ്രഹം നടക്കാൻ മലപ്പുറം കലക്ടറെ അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം നിലമ്പൂരിൽ നിന്നു ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസറും ഡോക്ടർമാരും അടങ്ങുന്ന സംഘം ചാത്തനെ കാണാനെത്തിയിരുന്നു. തിരിച്ചറിയൽ രേഖകളൊന്നുമില്ലാത്തതിനാൽ ട്രൈബൽ വകുപ്പ് ഏറ്റെടുക്കാൻ തയാറാകുന്നില്ല. 

ഹൃദയാഘാതത്തിന്റെയും അരിവാൾ രോഗത്തിന്റെയും ലക്ഷണങ്ങളുണ്ടെന്നാണ് ചാത്തനെ പരിശോധിച്ചശേഷം ഡോക്ടർ പറഞ്ഞത്. കാലിന് നീരുള്ളതിനാൽ വിരലുകളുടെ ചലനം കുറഞ്ഞ് വരുന്നുണ്ട്. ചാത്തനെ എവിടെ കൊണ്ട് പോയി ചികിത്സിക്കും, കൂടെ ആര് പോകും എന്നതാണ് പ്രശ്നം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com