ADVERTISEMENT

തിരുവില്വാമല ∙ വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനർജനി നൂഴൽ നാളെ നടക്കും. ഗുരുവായൂർ ഏകാദശി (വൃശ്ചികത്തിലെ വെളുത്ത പക്ഷ ഏകാദശി) നാളിലാണു നൂഴൽ നടക്കുന്നത്. പുലർച്ചെ ക്ഷേത്രം മേൽശാന്തിയുടെ കാർമികത്വത്തിൽ ഗുഹാ മുഖത്തു പൂജ നടത്തിയ ശേഷം ചടങ്ങു തുടങ്ങും. ക്ഷേത്രത്തിൽ രാവിലെ മേളത്തോടെ കാഴ്ച ശീവേലിയുണ്ടാകും. ഗുഹാ മുഖത്തെത്തുന്ന ഭക്തർക്കു ദേവസ്വം ബോർഡും സേവാഭാരതിയും ലഘു ഭക്ഷണം, കുടിവെള്ളം എന്നിവ വിതരണം ചെയ്യും.

ക്ഷേത്രത്തിൽ നിന്നു രണ്ടര കിലോ മീറ്റർ കിഴക്കുമാറി ചെങ്കുത്തായ വലിയ പാറയിലാണു പുനർജനി ഗുഹയുള്ളത്. പുനർജന്മ സാഫല്യം കൈവരുമെന്ന സങ്കൽപത്തിൽ വർഷത്തിലൊരിക്കൽ പുരുഷൻമാർ മാത്രമാണു ഗുഹയിൽ നൂഴൽ നടത്തുന്നത്. താൻ നിഗ്രഹിച്ച ക്ഷത്രിയൻമാരുടെ ആത്മാക്കളുടെ മോക്ഷാർഥം പരശുരാമൻ വിശ്വകർമാവിനെ കൊണ്ടു പണി തീർപ്പിച്ചതാണു ഗുഹയെന്നാണ് ഐതിഹ്യം. മലയ്ക്കു മുകളിലെ ജല സാന്നിധ്യങ്ങളായ ഗണപതി തീർഥം, പാപനാശിനി തീർഥം, അമ്പു തീർഥം, പാതാള തീർഥം, കൊമ്പു തീർഥം എന്നിവ സവിശേഷതകളാണ്.

നൂഴലിനുള്ള ടോക്കൺ ഇന്നു വൈകിട്ട് 5നു ദേവസ്വം ഓഫിസിൽ വിതരണം ചെയ്യും. ടോക്കൺ ലഭിക്കാൻ ആധാർ കാർഡിന്റെ പകർപ്പു നൽകണം. പ്രായാധിക്യമുള്ളവർ, സ്ഥിരമായ ആരോഗ്യ പ്രശ്നങ്ങളുള്ളവർ, 6 മാസത്തിനുള്ളിൽ കോവിഡ് ബാധിച്ചവർ എന്നിവർ നൂഴലിൽ നിന്നു വിട്ടു നിൽക്കണമെന്നു ദേവസ്വം മാനേജർ മനോജ് കെ.നായർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com