ADVERTISEMENT

പൊന്നാനി ∙ പ്രതിസന്ധികളെല്ലാം മറികടന്നു.. കുണ്ടുകടവ് പാലം നിർമാണം ഉടൻ തുടങ്ങും. ഇൗ മാസം അവസാനം നിർമാണോദ്ഘാടനം നടത്താൻ ആലോചന. ഉൗരാലുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. 22 മാസമാണ് കരാർ കാലാവധിയെങ്കിലും ഒരു വർഷത്തിനകം പദ്ധതി പൂർത്തിയാക്കാനുള്ള തീവ്ര ശ്രമം നടക്കുന്നുണ്ട്. 

6ന് പദ്ധതി പ്രദേശത്ത് സർവേ നടപടികൾ നടക്കും. അപകടാവസ്ഥയിലായ കുണ്ടുകടവ് പാലം പുനർനിർമിക്കുന്നതിനായി വർഷങ്ങളായി ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും സാങ്കേതിക കുരുക്കുകളിൽ പെട്ട് പദ്ധതി ഏറെ നീണ്ടു പോകുന്ന അവസ്ഥയായിരുന്നു. തുടർന്നാണ് പി.നന്ദകുമാർ എംഎൽഎ ഇടപെട്ട് ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേർത്ത് കുരുക്കുകളഴിച്ചത്. 

കഴിഞ്ഞ ദിവസവും വിവിധ വകുപ്പുകളെ വിളിച്ചു ചേർത്ത് യോഗം ചേർന്നു. പൊന്നാനി കുണ്ടുകടവ്–പുത്തൻ പള്ളി റൂട്ടിലെ നിർണായക പാലമാണിത്. ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നുണ്ട്. നിലവിലെ പാലത്തിന് സമാന്തരമായിട്ടാണ് പുതിയ പാലം നിർമിക്കുക. പാലം യാഥാർഥ്യമാകുന്നതോടെ പഴയ പാലം പൊളിച്ചു മാറ്റും. അതുവരെ ഗതാഗത തടസ്സമില്ലാതെ വാഹനങ്ങൾക്ക് കടന്നു പോകാം. നിർമാണം ഗതാഗതത്തിന് ബുദ്ധിമുട്ടുണ്ടാക്കില്ലെന്നാണ് മരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. 

പുതിയ പാലം ഇങ്ങനെ

29.3 കോടി രൂപയാണ് പാലത്തിനായി ചെലവഴിക്കുന്നത്. 227 മീറ്ററാണ് നീളം. നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയുണ്ടാകും. 7.5 മീറ്റർ ഗതാഗതത്തിനും 1.5 മീറ്റർ വീതം വീതിയിലുള്ള നടപ്പാതകൾ ഇരു ഭാഗത്തും നിർമിക്കും. നിലവിലെ പാലത്തിന് സമാന്തരമായി നിർമിക്കുന്ന പാലത്തിന്റെ ഇരു ഭാഗത്തും 100 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡുകൾ നിർമിക്കും. പണി കഴിഞ്ഞാലുടൻ പഴയ പാലം പൊളിച്ചു മാറ്റും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com