എടപ്പാൾ ∙ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും കാറ്റിലും ആനക്കര മേഖലയിൽ വ്യാപക നാശനഷ്ടം. ചിരട്ടക്കുന്ന് പുല്ലാണിച്ചോലയിൽ രവീന്ദ്രന്റെ വീടിനോട് ചേർന്ന ക്ഷേത്രമുറ്റത്തെ കൂറ്റൻ പാലമരം കടപുഴകി വീണു. ക്ഷേത്രത്തിന്റെ ഷീറ്റ്, സമീപത്തെ തെങ്ങ്, മാവ്, പ്ലാവ്, വൈദ്യുതക്കാലുകൾ എന്നിവ തകർന്നു. ആനക്കര കാടുവെട്ടിയിൽ മുഹമ്മദ് മുസല്യാരുടെ വീട്ടുമുറ്റത്തെ പുളിമരം കടപുഴകി വീടിന് മുകളിലേക്ക് വീണു.
ഉദിനിക്കോട്ടിൽ ഉമ്മറിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് തകർന്നു. പറമ്പിലെ വാഴകളും ഒടിഞ്ഞു. കുമ്പിടി റോഡിലെ മില്ലിനു സമീപം ബേക്കറി നിർമാണ ശാലയിലെ തെങ്ങ് കടപുഴകി വൈദ്യുത ലൈനിലേക്ക് പതിച്ചു. പലയിടത്തും ഒട്ടേറെ വൈദ്യുതക്കാലുകളാണ് തകർന്നത്. വെള്ളം കയറി കൃഷിയിടങ്ങളും നശിച്ചിട്ടുണ്ട്.