ADVERTISEMENT

മലപ്പുറം∙ കാൻസർ രോഗനിർണയത്തിൽ വീഴ്ചവരുത്തിയ ലാബ് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധി. മലപ്പുറം ഹാജിയാർപള്ളി സ്വദേശിയുടെ ഭാര്യയുടെ വയറിലെ മുഴ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽനിന്നു ചെയ്ത്  ഇതിന്റെ ഭാഗങ്ങൾ പെരിന്തൽമണ്ണയിലെ ലബോറട്ടറിയിലേക്ക്  പരിശോധനയ്ക്ക്  അയച്ചു. 

പരിശോധനയിൽ കാൻസർ രോഗത്തിന്റെ ലക്ഷണമൊന്നുമില്ലെന്നാണു റിപ്പോർട്ട് നൽകിയത്. തുടർന്നും രോഗശമനം ഇല്ലാത്തതിനാൽ 10 മാസത്തോളം ചികിത്സ തുടർന്നു. ഒടുവിൽ കാൻസറിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം ആർസിസിയിലേക്കു റഫർ ചെയ്തു. അവിടെനിന്നുള്ള പരിശോധനയിൽ കാൻസർ രോഗം മൂർധന്യാവസ്ഥയിലെത്തിയിരുന്നു. കൂടുതൽ ചികിത്സകൾക്കു സാധ്യതയില്ലാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയെ സമീപിക്കാൻ നിർദേശിച്ചു. ഇതിനിടെ രോഗം മൂർച്ഛിച്ച് ഭാര്യ മരിച്ചു. 

ആർസിസിയിൽ വച്ചു പെരിന്തൽമണ്ണ ലബോറട്ടറിയിൽ പരിശോധിച്ച കാര്യങ്ങൾ വീണ്ടും പരിശോധിച്ചതിൽ നേരത്തേ തന്നെ കാൻസർ രോഗം ഉണ്ടായിരുന്നെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. ആർസിസിയിലെ പരിശോധനയ്ക്ക് പെരിന്തൽമണ്ണയിലെ ലബോറട്ടറിയെക്കാൾ ആധാകാരികതയില്ലെന്നും മെഡിക്കൽ വിദഗ്ധന്റെ തെളിവില്ലാത്തതിനാൽ ഹർജി തള്ളണമെന്നുമുള്ള വാദം കമ്മിഷൻ അംഗീകരിച്ചില്ല. ആർസിസിയിൽ നിന്നുള്ള റിപ്പോർട്ട് വിദഗ്ധാഭിപ്രായത്തിനു തുല്യമാണെന്നു നിരീക്ഷിച്ച കമ്മിഷൻ,  യഥാസമയം ചികിത്സ നൽകാൻ കഴിയാതെ വന്നതിനു കാരണം ആദ്യത്തെ  തെറ്റായ ലാബ് റിപ്പോർട്ടാണെന്നു കണ്ടാണു വിധി പുറപ്പെടുവിച്ചത്. 

അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരത്തിനു പുറമേ 20,000 രൂപ കോടതിച്ചെലവും ഒരുമാസത്തിനകം നൽകണം. അല്ലാത്തപക്ഷം വിധിത്തീയതി മുതൽ 12% പലിശ നൽകണമെന്നും കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി.മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മിഷന്റെ വിധിയിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com