ADVERTISEMENT

‘ഫുട്ബോള് കളിയെന്ന സ്നേഹക്കളിയുടെ 

കഥ കൊഞ്ചം വിരുത്താം ഞാൻ സോദരേ

പെലെയെന്ന പുലിക്കുട്ടി പന്തിൽ മായാജാലം

കാട്ടുന്ന വിധം കണ്ടോ കൂട്ടരേ’

ഇശലുകൾക്ക് വഴങ്ങാത്ത ഒരു വിഷയവുമില്ല. പുലിക്കോട്ടിൽ ഹൈദറിനെപ്പോലെയുള്ള ഏറനാടൻ കവികൾ നരി നായാട്ടും കാളപൂട്ടും സർക്കീട്ടുമെല്ലാം പാട്ടാക്കി. പെലെയെന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളങ്ങളിൽ ഇതിഹാസം സൃഷ്ടിച്ച് മുന്നേറുന്ന കാലത്ത് രചിക്കപ്പെട്ട ഒരു പാട്ടിന്റെ വരികളാണ് തുടക്കത്തിൽ കുറിച്ചത്. "പരൻ വിധി ചുമ്മാ വിട്ട് ചൊങ്കിൽ നടക്കുന്ന  ശുജഹത്ത് നമുക്കുണ്ട് നാട്ടിലേ" എന്ന എ.വി.മുഹമ്മദിന്റെ പ്രസിദ്ധമായ പാട്ടിന്റെ ഈണത്തിലാണ് ഇതിന്റെ രചന. 

ഇവിടെ ഫുട്ബോളിനെ സ്നേഹക്കളി എന്നാണു കവി വിശേഷിപ്പിക്കുന്നത്. എത്രമാത്രം അർഥവത്തായ വിശേഷണം. ഇവിടെ ജാതിയില്ല, മതമില്ല,ദേശഭാഷാ വ്യത്യാസമില്ല, വർണവിവേചനമില്ല. പെലെ മാത്രമല്ല, മറഡോണയും ഇശലിന്റെ കളത്തിലേക്കു കയറി വരുന്നുണ്ട്. മറഡോണ ലോകകപ്പ് കളിച്ച കാലത്ത് ഇറങ്ങിയ ഒരു  മാപ്പിളപ്പാട്ട് ഇങ്ങനെ:

‘മറഡോണ ഗോളൊന്നടിച്ചാനെ കണ്ട്

മൈമൂന തുളളിപ്പുളച്ചാനെ

ടിവീടെ മുന്നിലിരുന്നാനെ പെണ്ണ്

തീനും കുടിയും മറന്നാനെ’

മോയിൻകുട്ടി വൈദ്യരുടെ ബദർ ഖിസ്സപ്പാട്ടിലെ ‘അടി പെട്ട് കൊത്തിപ്പിടിത്താരോ’ എന്ന ഇശലിലാണ് ഈ വരികൾ. മെസ്സിയും അർജന്റീനയും നെയ്മറും ബ്രസീലും റൊണാൾഡോയും പോർച്ചുഗലുമെല്ലാം കൂറ്റൻ ഫ്ലെക്സ് ബോർഡുകളിൽ മനോഹരമായി വരികൾക്കൊപ്പം നിൽക്കുന്നത് അങ്ങാടിയിൽ സുലഭമായി കാണാം. ഇതുകൂടാതെ നിമിഷകവികളുടെ ഇശലുകളിലും ഫുട്ബോൾ നിറഞ്ഞു നിൽക്കുന്നു. ഇക്കുറി ഖത്തറിൽനിന്ന് എനിക്കും കിട്ടി നിമിഷകവിയായ ഒരു സുഹൃത്തിന്റെ ഇശലിൽ പൊതിഞ്ഞ ക്ഷണക്കത്ത് .

‘ചന്തമേറെയുള്ള കളി 

പന്തുകളിയാണെടോ

ചിന്ത വേണ്ട ഖത്തറിലേക്കൊന്ന് 

പ്ലെയിൻ കേറെടോ’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com