ADVERTISEMENT

മലപ്പുറം∙ സ്പെയിനിനെതിരെ ചരിത്ര വിജയം നേടുക മാത്രമല്ല കഴിഞ്ഞ ദിവസം മൊറോക്കോ ചെയ്തത്. ലോകകപ്പിൽ നിന്നു മാഞ്ഞുപോകേണ്ടിയിരുന്ന ആഫ്രിക്കൻ വൻകരയുടെ മേൽവിലാസം തിരിച്ചു പിടിക്കുക കൂടിയാണ്. ലേലം വിളിയിൽ പോകും മുൻപ് തറവാടു തിരിച്ചു പിടിച്ച ആഫ്രിക്കയുടെ പ്രിയ പുത്രൻ. ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് പട്ടയഭൂമിയെങ്കിലും അറബിക് പ്രധാന സംസാര ഭാഷയായ, അറബ് ലീഗിൽ ഉൾപ്പെട്ട രാജ്യങ്ങളിലൊന്നാണ് മൊറോക്കോ. അറബ് രാജ്യങ്ങൾ ഏഷ്യയിലും കൂടി വ്യാപിച്ചു കിടക്കുന്നതു പരിഗണിച്ചാൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിനു മാത്രമല്ല, ഏഷ്യയ്ക്കും അഭിമാനിക്കാവുന്ന നേട്ടമാണ് മൊറോക്കോയുടേത്.

അറ്റ്ലസ് ലയൺസ്

∙ ലോകത്തെല്ലായിടത്തും സ്നേഹത്തിന്റെ പ്രതീകം ഹൃദയമാണ്. പക്ഷേ, മൊറോക്കോയിൽ അത് കരളാണ്! സാമൂഹിക ജീവിതത്തിലെ ഈ വ്യത്യാസം മൊറോക്കോയുടെ ഫുട്ബോളിലുമുണ്ട്. കരളുറപ്പോടെയല്ലാതെ മൊറോക്കോയിലെ പ്രശസ്ത ക്ലബ്ബുകളായ രാജയും വൈദാദും തമ്മിലുള്ള കാസബ്ലാങ്ക ഡാർബി കാണാനാവില്ല. അർജന്റീനയിലെ റിവർപ്ലേറ്റ്-ബൊക്ക ജൂനിയേഴ്സ് പോലെ, മലപ്പുറത്തേക്കു വന്നാൽ അരീക്കോടും തെരട്ടമ്മലും പോലെ വീര്യമേറിയ ഫുട്ബോൾ പോരാട്ടങ്ങളിലൊന്നാണിത്. തീയും പുകയുമില്ലാതെ ഒരു കാസബ്ലാങ്ക ഡാർബിക്കും ഫൈനൽ വിസിൽ മുഴങ്ങാറില്ല. ഇതേ കരളുറപ്പിലാണ് മൊറോക്കോ ഇത്തവണ ലോകകപ്പിൽ ബൽജിയവും ക്രൊയേഷ്യയുമടങ്ങുന്ന ഗ്രൂപ്പിൽ ഒന്നാമതെത്തിയതും പ്രീക്വാർട്ടറിൽ സ്പെയിനിനെ അട്ടിമറിച്ചതും. അറ്റ്ലസ് ലയൺസ് എന്നറിയപ്പെടുന്ന മൊറോക്കൻ ടീമിന്റെ സിംഹവീര്യമാർന്ന പ്രകടനം.

ആറാം വരവിൽ ആറാട്ട് 

∙ ആഫ്രിക്കൻ ഫുട്ബോളിൽ പല കാര്യങ്ങളിലും മുൻപേ നടന്നവരാണ് മൊറോക്കോ. സാംസ്കാരിക പൈതൃകം പോലെ സമ്പന്നമാണ് മൊറോക്കൻ ഫുട്ബോളും. 1970ൽ ലോകകപ്പിന് മത്സരിച്ചു യോഗ്യത നേടിയ ആദ്യ ആഫ്രിക്കൻ രാജ്യമായി. 1986 മെക്സിക്കൻ ലോകകപ്പിൽ ഇംഗ്ലണ്ടിനെയും പോളണ്ടിനെയും പോർച്ചുഗലിനെയും മറികടന്ന് ഗ്രൂപ്പ് ചാംപ്യന്മ‍ാരായതോടെ ആ നേട്ടം കൈവരിക്കുന്ന വൻകരയിലെ ആദ്യ ടീമായി. 1998ൽ ഫിഫ റാങ്കിങ്ങിൽ ആദ്യ പത്തിലെത്തുന്ന പ്രഥമ ആഫ്രിക്കൻ ടീമായി.

ഇപ്പോൾ ചരിത്രത്തിലാദ്യമായി ക്വാർട്ടറിലേക്കും കടന്നിരിക്കുന്നു. ലോകകപ്പിന്റെ ക്വാർട്ടറിലെത്തുന്ന നാലാമത് ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ. കാമറൂൺ (1990), സെനഗൽ (2002), ഘാന (2010) എന്നിവയാണ് ഇതിനു മുൻപ് ക്വാർട്ടർ ഫൈനലിലെത്തിയ രാജ്യങ്ങൾ. ആറു തവണയാണ് (1970,1986,1994,1998,2018, 2022) മൊറോക്കോ ലോകകപ്പിന്റെ ഫൈനൽ സ്റ്റേജിലെത്തിയത്. ഈ ലോകകപ്പിൽ ക്വാർട്ടറിലെത്തിയതൊഴിച്ചാൽ മറ്റെല്ലാ അവസരങ്ങളിലും ഗ്രൂപ്പ് റൗണ്ടിൽത്തന്നെ പുറത്തായി.

ഒന്നൊന്നര ടീം

∙ പറഞ്ഞുവരുമ്പോൾ ഒരു ‘രാജ്യാന്തര’ ടീമാണ് മൊറോക്കോ. 26 അംഗ  മൊറോക്കൻ ടീമിലെ 16 പേരും വിദേശരാജ്യങ്ങളിൽ ജനിച്ചവരോ വളർന്നവരോ ആണ്. ക്യാപ്റ്റൻ റൊമെയ്ൻ സെയ്സ് ഫ്രാൻസിലാണ് ജനിച്ചത്. സൂപ്പർ താരങ്ങളായ ഹാക്കിം സിയെഷ് നെതർലൻഡ്സിലും അച്റഫ് ഹാക്കിമി സ്പെയിനിലും. ക്ലബ്ബുകളുടെ കാര്യത്തിലും മൊറോക്കോ ടീമിൽ ഈ വൈവിധ്യമുണ്ട്. 22 ക്ലബ്ബുകളിൽ നിന്നുള്ള താരങ്ങളാണ് ടീമിലുള്ളത്. അതിൽത്തന്നെ മൊറോക്കോയിൽ ക്ലബ് ഫുട്ബോൾ കളിക്കുന്നവർ 3 പേർ മാത്രം.

നോ എൻട്രി

∙ ഗോൾ പോസ്റ്റിൽ പിന്നിലാണ് വല. മൊറോക്കോ ടീം പക്ഷേ, പോസ്റ്റിനു മുൻപിൽ മറ്റൊരു വല കൂടി കെട്ടിയിട്ടുണ്ടെന്നു തോന്നും കളി കണ്ടാൽ. ഈ ലോകകപ്പിൽ ഇതു വരെ വഴങ്ങിയത് ഒരു ഗോൾ മാത്രം. കാനഡയാണ് ആ ഗോളിട്ടതെങ്കിലും രണ്ടു ഗോൾ തിരിച്ചടിച്ച് വിജയം മൊറോക്കോതന്നെ സ്വന്തമാക്കി. മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടിട്ടു പോലും പ്രീക്വാർട്ടറിൽ സ്പെയിനിന് ഗോൾ നേടാനായില്ല. സ്പൈഡർമാനെപ്പോലെ വലകെട്ടി ഗോൾ തടയുന്ന മോറോക്കോ ഗോളി യാസീൻ ബോണോയും നാലംഗ പ്രതിരോധ നിരയും ചേരുമ്പോൾ ഏത് ടീമിനും അതു മറികടക്കുക പ്രയാസമാകും.

മൊറോക്കോയുടെ വിജയവഴി

ഗ്രൂപ്പ് –എഫ് (ബൽജിയം, കാനഡ, ക്രൊയേഷ്യ, മൊറോക്കോ)
നവംബർ 23 മൊറോക്കോ– ക്രൊയേഷ്യ– സമനില (0–0)
നവംബർ 27 മൊറോക്കോ– ബൽജിയം – വിജയം (2–0)
ഡിസംബർ 1 മൊറോക്കോ–കാനഡ– വിജയം (2–1)
ഡിസംബർ 6 മൊറോക്കോ– സ്പെയിൻ– വിജയം (3–0 പെനൽറ്റി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com