പെരിന്തൽമണ്ണ ∙ മതിയായ രേഖകളില്ലാത്ത കാറിൽ കടത്തിയ 45 ലക്ഷം രൂപയുമായി പെരിന്തൽമണ്ണ പൊലീസ് 2 പേരെ പിടികൂടി. മണ്ണാർക്കാട് ആയംങ്കുറുശ്ശി മുഹമ്മദ് റഫീഖ്, തിരൂർക്കാട് അമ്പലക്കുത്ത് അസ്‌ലം എന്നിവരിൽ നിന്നാണ് പണം പിടികൂടിയത്.
കോയമ്പത്തൂരിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് കൊണ്ടുവന്നതാണ് പണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കാറിന്റെ പിറകിലെ സീറ്റിന് അടിയിലായി 500 രൂപയുടെ കെട്ടുകളായി ബാഗിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. താഴേക്കോട് വച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പണവുമായി യുവാക്കൾ പിടിയിലായത്. പെരിന്തൽമണ്ണ ഡിവൈഎസ്‌പി സന്തോഷ് കുമാർ, സിഐ സി.അലവി, എസ്‌ഐ യാസിർ എന്നിവരടങ്ങുന്ന സംഘമാണ് പണം പിടികൂടിയത്.