‘സുലൈമാനേ..’ 20 വർഷത്തിനു ശേഷം മക്കയിൽ നിന്ന് സഹറാനിയുടെ വിളിയെത്തി

HIGHLIGHTS
  • കൊടുങ്ങല്ലൂർ സ്വദേശി സുലൈമാനെ കണ്ടെത്തിയത് മനോരമ വാർത്തയെത്തുടർന്ന്
1) സുലൈമാൻ കൊടുങ്ങല്ലൂർ എസ്‌എൻ പുരത്തെ തന്റെ പച്ചക്കറിക്കടയിൽ. 2) മുഹമ്മദ് അബ്ദുല്ല അൽ സഹറാനി
SHARE

തേഞ്ഞിപ്പലം ∙ മലയാളിയായ സേവകൻ സുലൈമാനുമായുള്ള ബന്ധം 20 വർഷത്തിനുശേഷം പുനഃസ്ഥാപിച്ച് സൗദി മക്ക സ്വദേശി മുഹമ്മദ് അബ്ദുല്ല അൽ സഹറാനി. അതിന് വഴി തുറന്നത് ‘സുലൈമാനേ... മക്കയിൽ നിന്നൊരു സൗഹൃദാന്വേഷണം’ എന്ന തലക്കെട്ടിൽ ചൊവ്വാഴ്ച മനോരമയിൽ വന്ന വാർത്ത. തൃശൂർ‌‌ ജില്ലയിലെ കൊടുങ്ങല്ലൂർ കട്ട ബസാർ സ്വദേശിയായ പനപ്പറമ്പിൽ സുലൈമാനാണ് മുഹമ്മദ് അബ്ദുല്ല അൽ സഹറാനിയും കുടുംബവും അന്വേഷിക്കുന്ന കിങ്ങോപ്പറമ്പി‍ൽ മുഹമ്മദ് സുലൈമാനെന്ന വിവരം വാർത്ത കണ്ട് ആദ്യം തിരിച്ചറിഞ്ഞത് സുലൈമാന്റെ സഹോദരൻ സെയ്തു കുഞ്ഞിമുഹമ്മദിന്റെ മകൻ സലീമാണ്. 

 ഇപ്പോൾ അബുദാബിയിലുള്ള സലീം തന്റെ സ്പോൺസർ വഴി മുഹമ്മദ് അബ്ദുല്ല അൽ സഹറാനിയെ വിളിക്കുകയായിരുന്നു. ഫോൺ നമ്പർ ലഭിച്ച് വൈകാതെ സുലൈമാന് വിളിയെത്തി. കൊടുങ്ങല്ലൂർ എസ്എൻ.പുരത്ത് ഇപ്പോൾ പച്ചക്കറിക്കട നടത്തുന്ന സുലൈമാനെ സംബന്ധിച്ച് അത് മധുരാനുഭവമായി. പഴയ പ്രിയ സേവകന്റെ ശബ്ദം വീണ്ടും കേട്ടപ്പോൾ അബ്ദുല്ല അൽ സഹറാനിയുടെ വാക്കുകളിലും സന്തോഷത്തിന്റെ നിറവ്. ഒരിക്കലും ഇനി കാണില്ലെന്ന് ധരിച്ച പ്രിയസേവകനെ വീണ്ടും കാണാൻ വഴി തെളിച്ച കാലിക്കറ്റ് സർവകലാശാലാ മുൻ ജോയിന്റ് റജിസ്ട്രാർ എം.കെ. പ്രമോദിനോടും വാർത്ത വഴി തങ്ങളെ ആഗ്രഹസാഫല്യത്തിനായി സഹായിച്ച മനോരമയോടും നന്ദി പറയുകയാണ് സഹറാനി കുടുംബം.

2 ദിവസത്തിനകം സുലൈമാനെ സന്ദർശിച്ച് ക്ഷേമാന്വേഷണം നടത്തി ഉപഹാരം നൽകണമെന്നും പ്രമോദിനോട് സഹറാനി കുടുംബം അഭ്യർഥിച്ചിട്ടുണ്ട്. മുഹമ്മദ് അബ്ദുല്ല അൽ സഹറാനി, മകൻ അഹമ്മദ് അൽ സഹറാനി എന്നിവർ അടുത്ത മാസം കൊടുങ്ങല്ലൂർ കട്ട ബസാറിലെ വസതിയിൽ സുലൈമാനെ സന്ദർശിക്കുമെന്ന് അറിയിച്ചതായും സഞ്ചാരികളുടെ ആഗോള സംഘടനയായ കൗച്ച് സർഫിങ് പ്രതിനിധി കൂടിയായ പ്രമോദിനെ അറിയിച്ചിട്ടുണ്ട്. മക്കയിൽ കോടതി ഉദ്യോഗസ്ഥനായിരുന്ന അബ്ദുല്ല അൽ സഹറാനി സ്ഥലം മാറി പോയപ്പോഴാണ് അദ്ദേഹവുമായുള്ള ബന്ധം മുറിഞ്ഞതെന്ന് സുലൈമാൻ പറഞ്ഞു. തുടർന്നും ഏതാനും വർഷം താൻ അവിടെ ഉണ്ടായിരുന്നെങ്കിലും 2007ൽ നാട്ടിലേക്ക് മടങ്ങി.

സൗദിയിൽ അവധി ദിവസങ്ങളിലും മറ്റും സഹറാനി കുടുംബത്തിന്റെ വീട്ടിൽ തന്നെയായിരുന്നു. അവിടെ സേവകനായി കുടുംബത്തിൽ ഒരംഗമെന്ന നിലയ്ക്കായിരുന്നു തുടർന്നത്. മടങ്ങുമ്പോൾ ഫോൺ നമ്പർ ഒന്നും ഇല്ലായിരുന്നു. നാട്ടിൽ പച്ചക്കറി കട തുടങ്ങിയതിൽ പിന്നെ സൗദിയിലെ ആ സുവർണ കാലത്തിന്റെ ഓർ‌മകൾ മനസ്സിലൊതുക്കി. 20 വർഷത്തിന് ശേഷം ആ പഴയ സൗഹൃദം  തളിരിട്ടപ്പോൾ സുലൈമാന്റെ മനസി്സിൽ തെളിയുന്നത് സഹറാനി കുടുംബത്തെക്കുറിച്ചുള്ള മങ്ങാത്ത ഓർമകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS