ADVERTISEMENT

കോട്ടയ്ക്കൽ∙ അറുപതോളം കലാകാരൻമാർ അണിനിരക്കുന്ന മെഗാ പഞ്ചവാദ്യത്തിന് കോട്ടയ്ക്കലിൽ അരങ്ങൊരുങ്ങുന്നു. നല്ല പഞ്ചവാദ്യം ആസ്വദിക്കുക, മികച്ച കലാകാരൻമാരെ അനുമോദിക്കുക, നിരാലംബരും അവശരുമായ വാദ്യകലാകാരൻമാർക്കു ചികിത്സാസഹായം നൽകുക എന്നീ ലക്ഷ്യങ്ങളോടെ 7 വർഷം മുൻപ് തൃശൂർ ആസ്ഥാനമായി രൂപീകരിച്ച പഞ്ചവാദ്യ ആസ്വാദക സമിതി എന്ന വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ 17ന് വൈകിട്ട് 5.30ന് ആര്യവൈദ്യശാലാ വിശ്വംഭര ക്ഷേത്രാങ്കണത്തിലാണ് വാദ്യമാമാങ്കം നടക്കുന്നത്. 

കൂട്ടായ്മയുടെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന ആദ്യചടങ്ങാണിത്. വിവിധ ഉത്സവപറമ്പുകളിൽ നിരന്തരം കണ്ടുമുട്ടുന്ന പഞ്ചവാദ്യ ആസ്വാദകരാണ് കൂട്ടായ്മയ്ക്കു പിന്നിലുള്ളത്. ഇരുന്നൂറിൽ പരം അംഗങ്ങളിൽനിന്നു 38 പേരെ ട്രസ്റ്റ് അംഗങ്ങളായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇവരാണ് പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. ഗ്രൂപ്പംഗങ്ങൾ എല്ലാവർഷവും ഒരു നിശ്ചിത തുക വിഹിതമായി എടുക്കും. വിദേശരാജ്യങ്ങളിലുള്ള വാദ്യആസ്വാദകരിൽ നിന്നും മറ്റും സഹായം സ്വീകരിക്കും. 

എല്ലാവർഷവും ഒരു കേന്ദ്രത്തിൽ വച്ച് വിപുലമായ രീതിയിൽ പഞ്ചവാദ്യം നടത്തും. അതിനുവരുന്ന ചെലവു കഴിച്ചുള്ള തുക മുഴുവൻ ചികിത്സാസഹായമായി നൽകുകയാണ് ചെയ്യുന്നത്. ഇതുവരെ വിവിധ ആളുകൾക്കായി 15 ലക്ഷത്തിലധികം രൂപ നൽകി. യുവ ചെണ്ട കലാകാരനായ നിലമ്പൂർ ദിനൂപിനും ഇലത്താളം കലാകാരനായ നെടുമ്പുര കുട്ടനുമാണ് ഇത്തവണ സഹായധനം നൽകുന്നത്. തൃശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വച്ചാണ് ഇതുവരെ പഞ്ചവാദ്യം നടന്നത്. 

ഈ കല കൂടുതൽ ജനകീയമാക്കുന്നതിനാണ് ഇക്കുറി തൃശൂരിനു പുറത്തു നടത്തുന്നതെന്നും സംസ്ഥാനത്ത് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും ആസ്വാദക സമിതി സെക്രട്ടറി കാവനാട് രവി നമ്പൂതിരി, കലാനിരൂപകൻ ഡോ.ടി.എസ്.മാധവൻകുട്ടി എന്നിവർ പറഞ്ഞു. എഴുത്തുകാരൻ ഡോ.എൻ.പി.വിജയ കൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ചികിത്സാ സഹായ വിതരണം ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റി ഡോ.പി.എം.വാരിയർ നിർവഹിക്കും. ഗാനരചയിതാവ് ബി.കെ.ഹരി നാരായണൻ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com