ADVERTISEMENT

മലപ്പുറം ∙ നെറ്റ് സീറോ കാർബൺ കേരള പദ്ധതിയിൽ ജില്ലയിൽ നിന്നുൾപ്പെട്ട പഞ്ചായത്തുകളിൽ നടപ്പാകുന്നതു വിപുലമായ പദ്ധതികൾ. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ അന്തരീക്ഷത്തിനു ഹാനികരമല്ലാത്ത രീതിയിൽ നിജപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു നവ കേരളം കർമപദ്ധതിക്കു കീഴിൽ നെറ്റ് സീറോ കാർബൺ കേരള നടപ്പാക്കുന്നത്. സംസ്ഥാനത്ത് 2040ന് അകം ലക്ഷ്യം കൈവരിക്കാനാണു പദ്ധതിയിട്ടിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ജില്ലയിൽ നിന്നു 5 പഞ്ചായത്തുകളെയാണു തിരഞ്ഞെടുത്തിരിക്കുന്നത്. കീഴുപറമ്പ്, വാഴയൂർ, കീഴാറ്റൂർ, വെട്ടം, മൂത്തേടം പഞ്ചായത്തുകളാണു ജില്ലയിൽ നിന്നു ഉൾപ്പെട്ടിരിക്കുന്നത്. തദ്ദേശ സ്ഥാപങ്ങളുടെ സഹായത്തോടെയാണു ഇതു നടപ്പാക്കുക.

മരം മുതൽവാഹനം വരെ..

തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ ഹരിതഗൃഹ വാതകങ്ങളുടെ അളവ് എത്ര മാത്രമുണ്ടെന്നു കണ്ടെത്തുകയാണു ആദ്യഘട്ടം. ഇതിനായി കാലാവസ്ഥാ വിദഗ്ധരുടെ സഹായത്തോടെ പഠനം നടത്തും. ജീവിത ശൈലി എത്രമാത്രം ഇവയുടെ പുറന്തള്ളലിനു കാരണമാകുന്നുവെന്നു കണ്ടെത്തുകയാണ് അടുത്ത പടി. വീടുകളിൽ എത്ര മാത്രം വൈദ്യുതി ഉപയോഗിക്കുന്നുണ്ട്, എത്ര വാഹനങ്ങളുണ്ട്, ഇവ പുറന്തള്ളുന്ന മാലിന്യത്തിന്റെ അളവ് എത്ര, മരങ്ങളുടെ എണ്ണം എത്ര തുടങ്ങിയ വിവരങ്ങളെല്ലാം സർവേ വഴി ശേഖരിക്കും.

 കുറയ്ക്കാനുണ്ട് വഴികൾ...

സർവേയിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതികൾ ആസൂത്രണം ചെയ്യുക. വൈദ്യുതി ഉപഭോഗം കൂടുതലാണെങ്കിൽ അതു കുറക്കാനുള്ള മാർഗങ്ങൾ ആവിഷ്കരിക്കും. ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഇ വാഹനങ്ങളിലേക്കു മാറ്റം പ്രോത്സാഹിപ്പിക്കും. വീടുകളിൽ ചെറിയ മരങ്ങൾ വച്ചു പിടിപ്പിക്കൽ പ്രോത്സാഹിപ്പിക്കും. മാലിന്യ സംസ്കരണം, ഊർജ സംരക്ഷണം എന്നിവയും പദ്ധതിയുടെ പ്രധാന മേഖലകളാകും.

 ഏകോപിപ്പിക്കാൻ കോർ ഗ്രൂപ്പ്..

ജില്ലാതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കോർ ഗ്രൂപ്പുണ്ടാകും. പദ്ധതിയെക്കുറിച്ച് അറിയിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങളുടെ യോഗം വിളിച്ചു തുടങ്ങി. പഞ്ചായത്തിലെ സ്കൂളുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടവരുടെ യോഗവും പിന്നീട് വിളിക്കും.

എന്താണു ഹരിതഗൃഹ വാതകങ്ങൾ ?

കാർബൺ ഡയോക്സൈഡ്, മീഥൈൻ തുടങ്ങിയ വാതകങ്ങളാണു ഹരിത ഗൃഹ വാതകങ്ങളായി അറിയപ്പെടുന്നത്. ഇതിന്റെ അമിതമായ പുറന്തള്ളൽ ആഗോള താപനമുൾപ്പെടെയുള്ള പ്രശ്നങ്ങൾക്കു കാരണമാകുന്നതായി കണ്ടെത്തിയിരുന്നു. താപനിലയിലുണ്ടാകുന്ന വർധന, അന്തരീക്ഷ മലിനീകരണത്തോത് ഉയരൽ എന്നിവയെല്ലാം ഇവയുടെ അമിത പുറന്തള്ളൽ കാരണമുണ്ടാകുന്നതാണ്. ഇവയുടെ പുറന്തള്ളൽ അന്തരീക്ഷത്തിനു ഹാനികരമല്ലാത്ത നിലയിലേക്കു പരിമിതപ്പെടുത്തുകയാണു പദ്ധതിയുടെ ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com