ADVERTISEMENT

മലപ്പുറം ∙ ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട രേഖകൾ റിസർവ് ബാങ്കിന് ഉടൻ സമർപ്പിക്കുമെന്നു കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ. ബാങ്കിന്റെ ആസ്തി, ബാധ്യതാ കണക്കുകളുൾപ്പെടെയുള്ള രേഖകളാണു സമർപ്പിക്കുക. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണു മലപ്പുറം സഹകരണ ബാങ്കിനെ ലയിപ്പിച്ചത്. ചട്ടങ്ങൾ ലംഘിച്ചോയെന്നു റിസർവ് ബാങ്ക് പരിശോധിക്ക‌ും.

പ്രാഥമിക സഹകരണ സംഘങ്ങളും ‌മുൻ ഭരണസമിതിയും സുപ്രീം കോടതിയിൽ പോകുന്നതിനെക്കുറിച്ച് ഒന്നും പറയാനില്ല. എല്ലാവരെയും ഉൾക്കൊണ്ടു പോകുന്നതാണു കേരള ബാങ്കിന്റെ നയമെന്നു അദ്ദേഹം പറഞ്ഞു. കേരള ബാങ്കിനു മുന്നിൽ റിസർവ് ബാങ്ക് 19 മാർഗനിർദേശങ്ങൾ വച്ചിരുന്നു. ഇതിൽ 18 എണ്ണം പൂർത്തിയായി.

അടുത്ത മാസത്തോടെ എല്ലാ നിർദേശങ്ങളും നടപ്പിലാകും.ബാങ്ക് ലയന നടപടികളുടെ ഭാഗമായാണു ഗോപി കോട്ടമുറിക്കൽ എത്തിയത്. ചീഫ് ജനറൽ മാനേജർ കെ.സി.സഹദേവൻ, സ്പെഷൽ ഓഫിസർ എൻ.അനിൽ കുമാർ, ജനറൽ മാനേജർ ഫിറോസ് ഖാൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

നടപടികൾ വേഗത്തിൽ

ഒരു മാസത്തിനകം ജില്ലാ സഹകരണ ബാങ്കിലെ ഇന്റഗ്രേഷനുൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കും. റിസർവ് ബാങ്ക് അനുമതി നൽകുന്ന മുറയ്ക്ക് ലയനം പൂർത്തിയായി ജില്ലാ ബാങ്ക് കേരള ബാങ്കിന്റെ ഭാഗമാകും. കേരള ബാങ്കിന്റെ 48 വായ്പാ പദ്ധതികൾ ലഭിക്കുമെന്നതാണു ലയനം കൊണ്ട് ഉപയോക്താക്കൾക്കുള്ള പ്രധാന നേട്ടം. കോർ ബാങ്കിങ്ങിന്റെ ഭാഗമാകുന്നതോടെ പൊതുവായ എടിഎം ഉൾപ്പെടെയുള്ള സംവിധാനം മലപ്പുറത്തും ലഭ്യമാകും. 1% പലിശവരെ ഈടാക്കുന്ന വായ്പാ പദ്ധതികളുണ്ട്. 

വിശദമായ പരിശോധന

ലയനത്തിന്റെ ഭാഗമായി ജില്ലാ സഹകരണ ബാങ്കിന്റെ രേഖകളെല്ലാം പരിശോധിക്കും. ജില്ലാ സഹകരണ ബാങ്കിന്റെ നിഷ്ക്രിയ ആസ്തി 30% ആണ്. കേരള ബാങ്കിന്റെ വായ്പാ നിക്ഷേപ അനുപാതം 65% ആണ്. ഇത് മെച്ചപ്പെടേണ്ടതുണ്ട്. 

ജീവനക്കാർ തുടരും

ലയനം കാരണം ഒരു ജീവനക്കാരന്റെയും ജോലി നഷ്ടപ്പെടാൻ പാടില്ലെന്നതാണു കേരള ബാങ്ക് നയം. കരാർ ജീവനക്കാരും താൽക്കാലിക ജീവനക്കാരും തൽക്കാലം തുടരും. ജില്ലാ ബാങ്ക് കേരള ബാങ്കിൽ ലയിക്കാൻ 3 വർഷം കാലതാമസമെടുത്തതു സ്ഥിരം ജീവനക്കാരുടെ സീനിയോറിറ്റിയെ ബാധിക്കും. ഇക്കാര്യത്തിൽ ജീവനക്കാരുടെ താൽപര്യംകൂടി കണക്കിലെടുത്ത് നടപടിയുണ്ടാകും.

എൻആർഐ അനുമതി ഉടൻ 

കേരള ബാങ്കിന് എൻആർഐ നിക്ഷേപം സ്വീകരിക്കുന്നതിനുള്ള അനുമതി ഉടൻ ലഭിക്കുമെന്നാണു പ്രതീക്ഷ. ആർബിഐയുടെ മാർഗനിർദേശങ്ങൾ പൂർത്തീകരിച്ചാലുടൻ ഇതിന് അപേക്ഷ നൽകും. കേരളത്തിലെ പ്രവാസി നിക്ഷേപത്തിന്റെ വലിയ പങ്ക് കേരള ബാങ്കിലെത്തിക്കാനാകുമെന്നാണു പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com