മലപ്പുറം∙ തൊഴിൽമേഖലയിലെ പ്രതിസന്ധിയെക്കുറിച്ച് പരാതി പറഞ്ഞിരിക്കുന്നതിലും നല്ലത് സ്വയമൊരു മുതലാളിയാകാൻ നോക്കുന്നതല്ലേ... മലപ്പുറം അങ്ങനെത്തന്നെയാണ് തീരുമാനമെടുത്തിരിക്കുന്നതെന്നു തോന്നുന്നു. കാരണം കഴിഞ്ഞ ഏപ്രിൽ മുതൽ ഇതുവരെ മാത്രം ജില്ലയിൽ മുളച്ചുപൊന്തിയത് 11,099 സംരംഭങ്ങളാണ്. നിക്ഷേപമായെത്തിയത് 812.47 കോടി രൂപ. ഈ സംരംഭങ്ങളിലൂടെ തൊഴിൽ ലഭിച്ചതാകട്ടെ 25,787 പേർക്കും. സംരംഭക വർഷാചരണത്തിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട പരിപാടികൾ വിജയത്തിലേക്കു നീങ്ങുന്നതിന്റെ ശുഭസൂചനയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇതുവരെ ആരംഭിച്ച സംരംഭങ്ങളുടെ എണ്ണമെടുത്താൽ മലബാറിലെ ജില്ലകളിൽ ഒന്നാം സ്ഥാനത്താണ് മലപ്പുറം. സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനത്തും. എറണാകുളം, തൃശൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളാണ് മലപ്പുറത്തിനു മുൻപിൽ. ഭക്ഷ്യസംസ്കരണം, വസ്ത്രവ്യവസായം, നിർമാണ സാമഗ്രികൾ എന്നീ മേഖലകളിലാണ് ജില്ലയിലെ കൂടുതൽ സംരംഭകരും തങ്ങളുടെ പ്രതീക്ഷകളും മൂലധനവും ഇറക്കിയിരിക്കുന്നത്. വായ്പ ലഭ്യമാക്കൽ, ലൈസൻസ് നേടൽ, സാങ്കേതിക സഹായം, സബ്സിഡി ലഭ്യമാക്കൽ എന്നിങ്ങനെ ഒരു സംരംഭം തുടങ്ങുന്നതിന്റെ ആദ്യം മുതൽ അവസാനം വരെയുള്ള എല്ലാ കാര്യങ്ങൾക്കും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സഹായം ലഭ്യമാണ്.
ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഇതിനായി ഇന്റേൺസിനെ നിയമിച്ചിട്ടുണ്ട്. അതത് തദ്ദേശ സ്ഥാപനങ്ങളിലെ സാധ്യതയ്ക്കനുസരിച്ചുള്ള സംരംഭകരെ കണ്ടെത്തി സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ആസൂത്രണം ഇവരുടെ നേതൃത്വത്തിലാണ്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ മാത്രമല്ല, നിലവിലുള്ള വിപുലീകരിക്കുന്നതിനും സഹായം ലഭിക്കും. സംരംഭം തുടങ്ങാനുദ്ദേശിക്കുന്നവർക്ക് സബ്സിഡിയടക്കമുള്ള വിവിധ ആനുകൂല്യങ്ങളും നിലവിൽ ലഭ്യമാണ്.