ADVERTISEMENT

കുറ്റിപ്പുറം ∙ തവനൂർ കൂരടയിൽ സ്വകാര്യ ബാങ്ക് വിൽപനയ്ക്കുവച്ച ഫാക്ടറി സ്ഥലം തവനൂർ സെൻട്രൽ ജയിലിനായി ഏറ്റെടുക്കണമെന്നും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പരിശോധന നടത്തണമെന്നും ചൂണ്ടിക്കാട്ടി ജയിൽ വകുപ്പ് ആഭ്യന്തര വകുപ്പിനെ സമീപിച്ചു. 

തവനൂ‍ർ സെൻട്രൽ ജയിലിന് ക്വാട്ടേഴ്സ് അടക്കമുള്ളവയുടെ നിർമാണത്തിന് ഈ സ്ഥലം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര വകുപ്പിനെ സമീപിച്ചതെന്ന് ജയിൽ ഹെഡ് ക്വാട്ടർ ഡിഐജി എം.വി.വിനോദ്കുമാർ ‘മനോരമ’യോട് പറഞ്ഞു. തവനൂർ സെൻട്രൽ ജയിലിനു സമീപത്തുള്ള വഞ്ചിനാട് ലെതർ ഫാക്ടറിയുടെ സ്ഥലം ഏറ്റെടുക്കാനാണ് ജയിൽ വകുപ്പിന്റെ ശ്രമം.

വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ഫാക്ടറി ഇപ്പോൾ സ്വകാര്യ ബാങ്ക് വിൽപനയ്ക്ക് വച്ചിരിക്കുകയാണ്. എന്നാൽ ഈ സ്ഥലം ജയിൽവകുപ്പിനു ആവശ്യമാണെന്ന് നേരത്തെതന്നെ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിരുന്നു. 16.42 ഏക്കർ ഭൂമിയാണ് ബാങ്ക് വിൽപന നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ഈ ഭൂമി ലഭിച്ചാൽ ജീവനക്കാരുടെ ക്വാർട്ടേഴ്സ്, ജയിൽ വകുപ്പിന്റെ പെട്രോൾ പമ്പ്, വർക് ഷോപ് എന്നിവയും അന്തേവാസികൾക്കുള്ള തൊഴിൽ യൂണിറ്റുകളും സ്ഥാപിക്കാനാണ് ജയിൽ വകുപ്പിന്റെ തീരുമാനം. നിലവിൽ 8 ഏക്കർ ഭൂമിയിലാണ് സെൻട്രൽ ജയിൽ നിർമിച്ചിരിക്കുന്നത്.

സമീപത്തെ 16 ഏക്കർ സ്ഥലം സർക്കാർ ഏറ്റെടുത്ത് ജയിൽവകുപ്പിനു കൈമാറണം എന്നാണ് നിലവിലെ ആവശ്യം. ജയിൽ വകുപ്പിന് സമീപത്തെ 16 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും ജയിൽവകുപ്പ് ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിർമാണ ജോലികൾക്ക് നിയന്ത്രണം 

തവനൂർ സെൻട്രൽ ജയിലിന് സമീപത്ത് നിർമാണ ജോലികൾക്ക് നിയന്ത്രണം. തവനൂർ സെൻട്രൽ ജയിൽ സ്ഥിതിചെയ്യുന്ന പ്രദേശം അതീവ സുരക്ഷാ മേഖലയായി മാറിയ സാഹചര്യത്തിലാണ് കെട്ടിട നിർമാണങ്ങൾക്കും മറ്റും നിയന്ത്രണം നിലവിൽ വന്നത്. സെൻട്രൽ ജയിൽ വളപ്പിലെ മതിലിൽ നിന്ന് 150 മീറ്ററിനുള്ളിൽ കെട്ടിട നിർമാണം അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി

തവനൂർ സെൻട്രൽ ജയിൽ അധികൃതർ തവനൂർ പഞ്ചായത്തിന് കത്തയച്ചു.  ഇതുപ്രകാരം ജയിലിനു ചുറ്റുഭാഗത്തെ നിർമാണ ജോലികൾ ദൂരപരിധി നിർണയിച്ച് മാത്രമേ ഇനി അനുവദിക്കൂ. ജില്ലാ ജയിലുകൾക്കു സമീപത്ത് 100 മീറ്ററിനുള്ളിലും സബ് ജയിലുകൾക്കു സമീപത്ത് 50 മീറ്ററിനുള്ളിലും നിർമാണ ജോലികൾ അനുവദിക്കില്ലെന്നാണ് നിയമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com