മലപ്പുറം ∙ ജില്ലയുടെ തീരദേശം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കടൽ കാണാനെത്തുന്നവർ വലിച്ചെറിയുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യമാണെന്നാണ് ഇന്നലെ ജില്ലാ പഞ്ചായത്ത് വിളിച്ച യോഗത്തിൽ മത്സ്യത്തൊഴിലാളി പ്രതിനിധി അറിയിച്ചത്. കാരണം കടപ്പുറത്തെ മാലിന്യം ശേഖരിക്കാനും സംസ്കരിക്കാനും മിക്കയിടത്തും സംവിധാനമില്ല.
അവ കടലിലേക്കൊഴുകി മീൻ പിടിത്തക്കാർക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു. മാലിന്യം വലിച്ചെറിയൽ വിമുക്ത കേരളത്തിനായി ഇന്ന് നാടൊരുമിക്കുമ്പോൾ ജില്ല ആദ്യ ശ്രദ്ധ കൊടുക്കേണ്ട മേഖല കൂടിയാണ് അദ്ദേഹം കാണിച്ചു തന്നിരിക്കുന്നത്.കുടുംബശ്രീ, ശുചിത്വമിഷൻ, നവകേരള മിഷൻ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയവ ഒരുമിച്ചു
മുൻകയ്യെടുത്ത് ഹരിത കർമസേനകളിലൂടെ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിൽ നിന്നും അജൈവ മാലിന്യം ശേഖരിക്കുന്നുണ്ട്. ഇത്തരത്തിൽ ശേഖരിക്കുന്ന മാലിന്യം പകുതിയോളം ക്ലീൻ കേരളയ്ക്കു കൈമാറുന്നു. സ്വകാര്യ സ്ഥാപനങ്ങൾക്കും മറ്റും നൽകുന്നവയുമുണ്ട്. എന്നാൽ ഹരിത കർമ സേന സജീവമല്ലാത്ത പത്തോളം തദ്ദേശ സ്ഥാപനങ്ങളും ജില്ലയിലുണ്ട്.
ശേഖരിച്ച മാലിന്യം സംസ്കരിക്കാൻ പറ്റാതെ നഗരസഭകൾ പോലും വിഷമിക്കുന്ന സ്ഥിതിയുമുണ്ട്. കോട്ടയ്ക്കലിൽ പലയിടത്തും മാലിന്യക്കൂമ്പാരങ്ങൾ കുന്നുകൂടിക്കിടക്കുന്നത് ഉദാഹരണം. പ്രതിഷേധം കാരണം ഇൻസിനറേറ്റർ പ്രവർത്തിപ്പിക്കാനാകാതെ വന്നതും ഇന്ത്യനൂരിലെ സംസ്കരണ പ്ലാന്റ് പുനരാരംഭിക്കാത്തതും മൂലവുമാണെന്നാണ് അധികൃതരുടെ വിശദീകരണം.
ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കണമെന്നാണ് സർക്കാർ നയം. ഇതോടെ വീടുകളിൽ നിന്നും മറ്റും ജൈവ മാലിന്യം ശേഖരിക്കുന്നതിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങൾ ഏതാണ്ട് പൂർണമായി പിന്മാറി. തുമ്പൂർമുഴി മാതൃകാ സംസ്കരണം, വീടുകളിലെ സംസ്കരണത്തിന് വേണ്ട സഹായമൊരുക്കൽ തുടങ്ങിയവ നടക്കുന്നുണ്ട്.
എന്നാൽ ജൈവമാലിന്യം സംസ്കരിക്കാൻ സംവിധാനമില്ലാത്തതിനാൽ പൊതു സ്ഥലങ്ങളിൽ വലിച്ചെറിയുന്നത് പലയിടത്തെയും കാഴ്ചയാണ്. നിലമ്പൂർ നഗരത്തിൽ പുതിയ ബസ് സ്റ്റാൻഡിനു സമീപം സ്വകാര്യ ചതുപ്പ് ഭാഗത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടു പോലും മാലിന്യം വലിച്ചെറിയുന്നത് ഉദാഹരണം. വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യവും ഇവിടെ വന്നുവീഴുന്നുണ്ട്. സ്കൂളുകളിൽ നിന്നും ഓഫിസുകളിൽ നിന്നുമുള്ള ഇ മാലിന്യം ശേഖരിക്കാനുള്ള പ്രത്യേക പദ്ധതിയ്ക്കായി ജില്ലാ ശുചിത്വ സമിതി തീരുമാനമെടുത്തിട്ടുണ്ട്.
മാലിന്യം വലിച്ചെറിയൽ മുക്ത കേരളം :ജില്ലാതല ഉദ്ഘാടനം ഇന്ന്
തിരൂർ ∙ നവകേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന മാലിന്യം വലിച്ചെറിയൽ മുക്ത കേരളം ക്യാംപെയ്നിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് വെട്ടം പഞ്ചായത്തിൽ മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. ഇന്ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സ്കൂളുകളിലും മറ്റു സർക്കാർ സ്ഥാപനങ്ങളിലും ജനപങ്കാളിത്തത്തോടെ നടത്തുന്ന പൊതു ഇട ശുചീകരണത്തോടെയാണു ക്യാംപെയ്ൻ ആരംഭിക്കുന്നത്.
ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ ‘മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം’ എന്ന പേരിൽ നടക്കുന്ന ക്യാംപെയ്നിന്റെ രണ്ടാം ഘട്ടമാണിത്. വെട്ടത്ത് നടക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ആധ്യക്ഷ്യം വഹിക്കും.