ADVERTISEMENT

മലപ്പുറം ∙ പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്പെഷൽ ബാലറ്റുകൾ സൂക്ഷിച്ചിരുന്ന പെട്ടി കാണാതായ സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. 

കലക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ പൊലീസ് കേസെടുത്തിരുന്നു. 

ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഇന്നലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. കുറ്റക്കാരെന്നു കണ്ടെത്തിയാൽ 3 മാസം മുതൽ 2 വർഷം വരെ തടവു ശിക്ഷ ലഭിക്കാം. 

കേസിന്റെ ആവശ്യത്തിനായി ഹൈക്കോടതിയിലേക്കു മാറ്റാനെത്തിയപ്പോഴാണ് പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ചിരുന്ന ബാലറ്റ് പെട്ടി കാണാനില്ലെന്നു മനസ്സിലായത്. 

ഇത് പിന്നീട് മലപ്പുറം സഹകരണ ജോയിന്റ് റജിസ്ട്രാർ ഓഫിസിൽ കണ്ടെത്തി. തുറന്ന നിലയിലായിരുന്ന പെട്ടിയിൽ നിന്നു 482 സാധുവായ ബാലറ്റുകൾ കാണാതായതായി സബ് കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു.

വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ 4 ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിച്ച ശേഷമാണ് കലക്ടർ അന്വേഷണം ആവശ്യപ്പെട്ടു പൊലീസിൽ പരാതി നൽകിയത്. പെട്ടിയുടെ സൂക്ഷിപ്പു ചുമതലയുണ്ടായിരുന്ന സബ് ട്രഷറി ഓഫിസർ നിയമപരമായ ഉത്തരവില്ലാതെ മലപ്പുറം ജോയിന്റ് റജിസ്ട്രാർ ചുമതലപ്പെടുത്തിയ ആൾക്ക് ബാലറ്റ് പെട്ടി കൈമാറി. പെട്ടി കൈപ്പറ്റിയ ആൾ പൂട്ടു പൊട്ടിക്കുകയും വരണാധികാരിയുടെ സീൽ നശിപ്പിക്കുകയും ചെയ്തു. 

സാധുവായതും അല്ലാത്തതുമായ തപാൽ ബാലറ്റുകൾ മലപ്പുറം ജോയിന്റ് റജിസ്ട്രാർ ഓഫിസിൽ നശിപ്പിക്കാനായി വച്ചിരുന്ന പേപ്പറുകൾക്കിടയിൽ കാണപ്പെട്ടതിൽ, സർക്കാർ ഉദ്യോഗസ്ഥരെന്ന നിലയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലിയിൽ സംഭവിച്ച വീഴ്ച അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരണാധികാരിയായിരുന്നു ജോയിന്റ് റജിസ്ട്രാർ. ബ്ലോക്ക് തിരഞ്ഞെടുപ്പിലെ ബാലറ്റ്പെട്ടിയെന്നു തെറ്റിദ്ധരിച്ചാണു നിയമസഭാ തിരഞ്ഞെടുപ്പിലെ പെട്ടി മാറ്റിയതെന്നാണു ഉദ്യോഗസ്ഥരുടെ വിശദീകരണം

സബ് കലക്ടർ കോടതിയിൽ നൽകിയ റിപ്പോർട്ട് ഉൾപ്പെടെ കേസുമായി ബന്ധപ്പെട്ട രേഖകളടങ്ങിയ ഫയൽ ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. 

പരാതിക്കാരന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും ക്രൈംബ്രാഞ്ച് അന്വേഷണത്തിലേക്കു കടക്കുക. 

അട്ടിമറി സാധ്യതയുൾപ്പെടെ എല്ലാ വശങ്ങളും പരിശോധനയ്ക്കു വരും. പെരിന്തൽമണ്ണ സബ് ട്രഷറി ഓഫിസർ എൻ.സതീഷ് കുമാർ, സീനിയർ അക്കൗണ്ടന്റ് എസ്.രാജീവ്, മലപ്പുറം സഹകരണ ജോയിന്റ് റജിസ്ട്രാർ ഓഫിസിലെ സീനിയർ ഇൻസ്പെക്ടർ സി.എൻ.പ്രതീഷ്, നിലവിൽ തിരുവനന്തപുരം സഹകരണ വകുപ്പിൽ ജോയിന്റ് റജിസ്ട്രാറായി ജോലി ചെയ്യുന്ന എസ്.പ്രബിത് എന്നിവർക്കു വീഴ്ച പറ്റിയതായി സബ് കലക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സതീഷ് കുമാറും രാജീവും സസ്പെൻഷനിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com