തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തിൽ 2 ദിവസങ്ങളിലായി ഫുട്ബോൾ കളിയിൽ പങ്കെടുത്തത് 3,000 വിദ്യാർഥികൾ. കുട്ടികളെ 11 പേർ വീതം അടങ്ങുന്ന 272 ടീമുകളാക്കിയാണ് ഫുട്ബോൾ മത്സരത്തിന് അവസരം നൽകിയത്.
ഓരോരുത്തർക്കും ഇഷ്ടമുള്ള സ്ഥാനങ്ങളിൽ നിലയുറപ്പിച്ച് കളിക്കാനും അവസരം ഒരുക്കി. ചേലേമ്പ്ര എൻഎൻഎം ഹയർസെക്കൻഡറി സ്കൂൾ ഫുട്ബോൾ അക്കാദമിയിലേക്കുള്ള പ്രവേശന സിലക്ഷൻ ട്രയൽസിന്റെ ഭാഗമായിരുന്നു മത്സര പരമ്പര.
ഏറ്റവും മികച്ചവരായി കണ്ടെത്തിയ 100 പേരെ ഉൾപ്പെടുത്തി ചുരുക്കപ്പട്ടിക ഉണ്ടാക്കിയിട്ടുണ്ട്. അവർക്കായി മറ്റൊരിക്കൽ ട്രയൽസ് നടത്തും. അതിലും മികവ് തെളിയിക്കുന്നവർക്കായി പിന്നീട് ക്യാംപ് നടത്തുമെന്ന് കോച്ച് എം. മൻസൂറലി പറഞ്ഞു.
ക്യാംപിലും തിളങ്ങുന്നവരെ ഉൾപ്പെടുത്തി 44 മുതൽ 50 പേർക്ക് വരെയാണ് ഇക്കൊല്ലം അക്കാദമിയിൽ പ്രവേശനം നൽകുകയെന്നും അധികൃതർ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനവും താമസവും അടക്കം എല്ലാ ചെലവും സ്കൂൾ മാനേജ്മെന്റ് വഹിക്കും.
സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള കുട്ടികളും സിലക്ഷൻ ട്രയൽസിൽ പങ്കെടുത്തിരുന്നു.