എടപ്പാൾ ∙ പന്നിശല്യം മൂലം കടക്കെണിയിലായി കർഷകൻ. ആനക്കര കുമ്പിടി പുറമതിൽശ്ശേരി മേലേപ്പറമ്പിൽ കുഞ്ഞുകുട്ടൻ ആണ് വാഴക്കൃഷി നടത്തി കടക്കെണിയിൽ ആയിരിക്കുന്നത്. പന്നിയൂർ ക്ഷേത്രത്തിനു സമീപം ഒരേക്കർ സ്ഥലത്തെ എഴുനൂറിലേറെ വാഴകളും നയ്യൂർ കാശാംപറമ്പിലെ നാനൂറോളം വാഴകളുമാണ് പലതവണയായി പന്നികൾ നശിപ്പിച്ചത്.
പന്നിയൂരിൽ നശിപ്പിക്കപ്പെട്ട നേന്ത്രവാഴകൾക്ക് പകരം പുതിയ വാഴകൾ വച്ചുപിടിപ്പിച്ചിരുന്നു. ഈ വാഴകളും കഴിഞ്ഞ ദിവസം രാത്രി പൂർണമായി നശിപ്പിക്കപ്പെട്ടു. 2 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്താണ് കൃഷിയിറക്കിയത്. ഇതു തിരിച്ചടയ്ക്കാൻ കഴിയാതെ കുഞ്ഞുകുട്ടൻ വിഷമിക്കുകയാണ്. നശിപ്പിക്കപ്പെട്ടതിലേറെയും കുലയ്ക്കാറായ വാഴകളാണ്. പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.