ADVERTISEMENT

കോട്ടയ്ക്കൽ∙ ആയുർവേദത്തിനും സ്വന്തം നാടിനും വൈദ്യരത്നം പി.എസ്.വാരിയർ നൽകിയ സംഭാവനകൾ നിസ്തുലമാണെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുപ്പത്തിൽ കോട്ടയ്ക്കൽ എന്നു കേൾക്കുമ്പോൾ ആര്യവൈദ്യശാലയാണെന്നായിരുന്നു എന്റെ ധാരണ. പിന്നീട് നിയമം പഠിക്കാൻ കോഴിക്കോട്ട് എത്തിയപ്പോഴാണ് കോട്ടയ്ക്കൽ ഒരു സ്ഥലമാണെന്നു മനസ്സിലായത്.

ലോകത്തിന്റെ ഏതു ഭാഗത്തു പോയാലും ആയുർവേദത്തെക്കുറിച്ചു പറയുമ്പോൾ കോട്ടയ്ക്കൽ എന്ന പേരാണ് ആദ്യം മനസ്സിൽ വരിക. സമൂഹത്തിനു നല്ല മാറ്റമുണ്ടാക്കുന്നത് സർഗാത്മകമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്. അത്തരം മനുഷ്യരുടെ കൂട്ടത്തിലാണ് വൈദ്യരത്നം പി.എസ്.വാരിയരും ഉൾപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൈലാസമന്ദിര പരിസരത്തു നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ആധ്യക്ഷ്യം വഹിച്ചു.

ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം.വാരിയർ, ട്രസ്റ്റിയും അഡീഷനൽ ചീഫ് ഫിസിഷ്യനുമായ ഡോ. കെ.മുരളീധരൻ, കോട്ടയ്ക്കൽ നഗരസഭാധ്യക്ഷ ബുഷ്‌റ ഷബീർ എന്നിവർ പ്രസംഗിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ‘ആയുർവേദ വ്യവസായം: കേരളത്തിന്റെ ഉൾക്കരുത്തും സാധ്യതകളും’ എന്ന വിഷയത്തിൽ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി.അശോക് വൈദ്യരത്നം പി.എസ്.വാരിയർ സ്മാരകപ്രഭാഷണം നടത്തി.

ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. എഴുമറ്റൂർ രാജരാജവർമ അനുസ്മരണപ്രഭാഷണവും നടത്തി. ഗായിക കെ.എസ്.ചിത്ര മുഖ്യാതിഥിയായിരുന്നു. ആര്യവൈദ്യശാലാ ചീഫ് എക് സിക്യൂട്ടീവ് ഓഫിസർ ഡോ. ജി.സി.ഗോപാലപിള്ള, ഡോ. പി.ആർ.രമേഷ് എന്നിവർ പ്രസംഗിച്ചു. പഠനരംഗത്ത് മികവു തെളിയിച്ച വിദ്യാർഥികൾക്ക് ആര്യവൈദ്യശാല ഏർപ്പെടുത്തിയ അവാർഡുകളും സ്‌കോളർഷിപ്പുകളും സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി വിതരണം ചെയ്തു. വൈകിട്ട് ജീവനക്കാരുടെ നേതൃത്വത്തിൽ   നൃത്തസന്ധ്യ അരങ്ങേറി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com