എടപ്പാൾ ∙ വടക്കാഞ്ചേരി അപകടത്തിന്റെ നടുക്കുന്ന ഓർമകൾ ശേഷിക്കുന്ന കെഎസ്ആർടിസി ബസ് കണ്ടനകം കെഎസ്ആർടിസി റീജനൽ വർക്‌ഷോപ്പിൽ നിന്ന് അടുത്ത ദിവസം വീണ്ടും നിരത്തിലിറങ്ങും. ഈ ബസിന്റെ അറ്റകുറ്റപ്പണികൾ അവസാന ഘട്ടത്തിൽ ആണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആയിരുന്നു 9 പേരുടെ മരണത്തിന് ഇടയാക്കിയ നാടിനെ നടുക്കിയ ദുരന്തം. തൃശൂർ – പാലക്കാട് ദേശീയ പാതയിൽ വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്തിന് സമീപം രാത്രി 11.30ന് ആയിരുന്നു അപകടം.

എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെ 42 വിദ്യാർഥികളുമായി ഊട്ടിയിലേക്ക് വിനോദ യാത്ര പോവുകയായിരുന്ന ടൂറിസ്റ്റ് ബസ്, കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കോയമ്പത്തൂരിലേക്ക്പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന്റെ വശത്ത് ഇടിച്ചാണ് ദുരന്തം സംഭവിച്ചത്.
Also read: ആനവണ്ടിക്കും ആനപ്പക; പെൺകുട്ടികളുടെ പരാതിയിൽ ജീവനക്കാർക്കെതിരെ കേസ്
5 വിദ്യാർഥികൾക്കും ഒരു അധ്യപകനും കെഎസ്ആർടിസി ബസിലെ 3 യാത്രക്കാർക്കും ആണ് ജീവൻ നഷ്ടമായത്.വിദ്യാർഥികൾ ഉൾപ്പെടെ 60 പേർക്ക് പരുക്കേറ്റു. പെയിന്റിങ് ഉൾപ്പെടെ പൂർത്തീകരിച്ച ബസ് അവസാനവട്ട ജോലികൾ കൂടി കഴിഞ്ഞാൽ അടുത്ത ദിവസം നിരത്തിൽ ഇറക്കും. ഒട്ടേറെ പേർ അപകടത്തിന്റെ പരുക്കുകളിൽ നിന്ന് ഇനിയും മുക്തരായിട്ടില്ല. മറ്റുപലരും ഇതിന്റെ നടുക്കുന്ന ഭീതിയും പേറി കഴിയുകയാണ്.