ADVERTISEMENT

വണ്ടൂർ  ∙ വീട്ടിൽനിന്ന് 200 മീറ്റർ, അനേകമടി താഴ്ചയുള്ള പാറമടക്കുളം, സമീപത്ത് നിർമാണത്തിലിരിക്കുന്ന മൂന്നുനിലക്കെട്ടിടം.  രണ്ടര വയസ്സുകാരന്റെ ജീവിതത്തിലേക്കുള്ള മടക്കത്തിന്റെ ദൂരവും ആഴവും ഉയരവും ഇങ്ങനെ ചുരുക്കിയെഴുതാം. കരുണാലയപ്പടി ഗവ. ഹോമിയോ കാൻസർ ആശുപത്രി റോഡരികിലുള്ള പാറമടക്കുളത്തിൽ ഞായറാഴ്ച രാവിലെ 10.30ന് വീണ കുഞ്ഞ് അദ്ഭുതകരമായാണ് ജീവിതത്തിലേക്കു തിരിച്ചെത്തിയത്. തൊട്ടടുത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനു മുകളിൽ ജോലിചെയ്തിരുന്ന തൊഴിലാളികൾ കുട്ടി വീഴുന്നതു കണ്ടതാണ് രക്ഷയായത്. ആശുപത്രിയുടെ പിറകുവശത്ത് വനം വകുപ്പ് ഓഫിസിനടുത്തുള്ള വീട്ടിൽനിന്ന് കുട്ടി തനിയെ നടന്നുവന്നപ്പോൾ കുളത്തിൽ വീണതാവാമെന്നാണു കരുതുന്നത്.

തൊട്ടടുത്ത് നിർമാണത്തിലുള്ള മൂന്നുനില കെട്ടിടത്തിന്റെ മുകളിൽ ജോലിചെയ്യുകയായിരുന്ന ഉദിരംപൊയിൽ കുറുക്കൻ മുജീബ് റഹ്മാൻ (50) ആണ് കുട്ടി മുങ്ങിത്താഴുന്നത് ആദ്യം കണ്ടത്. ഉടൻ മുജീബ് റഹ്മാനും കൂടെയുണ്ടായിരുന്ന കൊൽക്കത്ത സ്വദേശി റഹ്മാൻ മല്ലിക്ക് (24), കാളികാവ് കുണ്ടിലാംപാടം കുഞ്ഞിമുഹമ്മദ് (31), ആമപ്പൊയിൽ വള്ളിക്കാൻ ശ്രിഞ്ജിഷ് രാജു (30) എന്നിവരും കെട്ടിടത്തിന്റെ മുകളിൽനിന്ന് ഓടിയിറങ്ങി കുളത്തിലേക്കു ചാടുകയായിരുന്നു. ഇവർക്കൊപ്പമെത്തിയ, സമീപത്തുതന്നെ കാർ വർക്‌ഷോപ് നടത്തുന്ന മുത്തശ്ശിക്കുന്ന് ആലിപ്പറമ്പിൽ ദിനേശനാണ് കുട്ടിയെ മുങ്ങിയെടുത്തത്. വാരിയെടുക്കുമ്പോൾ കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ല. ‍എല്ലാവരും ചേർന്ന് തോളിലിട്ട് പുറത്തമർത്തിയും കുടഞ്ഞും പ്രഥമശുശ്രൂഷ നൽകി. ദിനേശൻ തന്നെ കാറിൽ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന കുട്ടി സുഖം പ്രാപിച്ചുവരുന്നു. ഇന്നലെ വൈകിട്ട് വാർഡിലേക്കു മാറ്റിയെങ്കിലും ഡോക്ടർമാരുടെ തുടർ നിരീക്ഷണത്തിലാണ്.

വാർക്കപ്പണി കരാറുകാരായ മുജീബ് റഹ്മാനും കൂട്ടരും സാധാരണ ഞായറാഴ്ച അവധിയെടുക്കാറുള്ളതാണ്. ദിനേശന്റെ വർക്‌ഷോപ്പിനും അവധിദിനം തന്നെ. അന്ന് ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള നിയോഗം പോലെ എല്ലാവരും ജോലിക്കെത്തി.

കുട്ടിയെ കുളത്തിൽനിന്നു മുങ്ങിയെടുക്കുന്ന സമയത്തുപോലും കുട്ടിയുടെ ഉമ്മയും വീട്ടുകാരും‍ തിരച്ചിലിലായിരുന്നു. കുറെ ദൂരമുള്ളതിനാൽ കുളത്തിന്റെ ഭാഗത്തേക്കു കുട്ടി പോയിട്ടുണ്ടാകുമെന്ന് അവരാരും കരുതിയില്ല. കുഞ്ഞിന്റെ ജീവൻ രക്ഷിച്ചവരെ ഇവർക്കറിയില്ല. ആശുപത്രി വിട്ടാലുടൻ പോയി കാണണം. അപ്പോൾ എങ്ങനെ നന്ദിപറയുമെന്നറിയാതെ വിതുമ്പുകയാണിവർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com