മലപ്പുറം ∙ അന്വേഷിച്ചുകൊണ്ടിരിക്കുന്ന വഞ്ചനക്കേസിലെ പ്രതിയിൽനിന്ന് 50,000 രൂപ കൈക്കൂലി വാങ്ങിയ ജില്ലാ ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടറെയും 2 ഇടനിലക്കാരെയും വിജിലൻസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലാ ക്രൈം ബ്രാഞ്ച് എസ്ഐ കെ.സുഹൈൽ, ഇടനിലക്കാരായ മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീർ, ഇരിങ്ങാലക്കുട സ്വദേശി ഹാഷിം എന്നിവരാണു പിടിയിലായത്.
ഇവരെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും. സുഹൈൽ നേരത്തെ പരാതിക്കാരനിൽ നിന്ന് കൈക്കൂലിയായി ഐഫോൺ 14 സ്വീകരിച്ചിരുന്നു. എന്നാൽ, കറുത്ത ഐ ഫോണിനു പകരം നീല നിറത്തിലുള്ളതു വേണമെന്നാവശ്യപ്പെട്ട് ഇതു തിരികെ നൽകി. പിന്നീട് നീല നിറത്തിലുള്ളത് കൈപ്പറ്റിയതായി വിജിലൻസ് പറയുന്നു.
അരീക്കോട് ഊർങ്ങാട്ടിരി സ്വദേശിയാണ് സുഹൈൽ.2017ൽ റജിസ്റ്റർ ചെയ്ത വഞ്ചനക്കേസിലെ പ്രതിയാണു പരാതിക്കാരൻ. 2019ൽ ഹൈക്കോടതി ഇയാൾക്ക് സോപാധിക ജാമ്യം അനുവദിച്ചിരുന്നു. കോവിഡ് കാരണം സ്റ്റേഷനിൽ ഹാജരാകാൻ കഴിയാതിരുന്ന ഇയാൾ വ്യവസ്ഥകളിൽ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചു.
ഇത് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, മറ്റൊരു കേസ് അന്വേഷണത്തിന്റെ ഭാഗമായി ബെംഗളൂരുവിൽ പോയ സുഹൈൽ, അവിടെ താമസിച്ചിരുന്ന പരാതിക്കാരനെ അറസ്റ്റ് ചെയ്തു. മലപ്പുറം കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചു.തുടർന്ന്, വേറെയും വാറണ്ടുകൾ ഉണ്ടെന്നും കാണേണ്ടതു പോലെ കണ്ടാൽ സഹായിക്കാമെന്നും
പ്രതിയോട് പറഞ്ഞ സുഹൈൽ കൈക്കൂലിയായി ഐ ഫോൺ 14 ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 2ന് പ്രതി സുഹൈലിന്റെ നിർദേശപ്രകാരം ഐ ഫോൺ 14 വാങ്ങി ഇടനിലക്കാരൻ മുഹമ്മദ് ബഷീറിനെ ഏൽപിച്ചു. ഐ ഫോണിന്റെ നിറം കറുപ്പായിരുന്നു. നീല നിറത്തിലുള്ള 256 ജിബി ഐ ഫോൺ 14 തന്നെ വേണമെന്നാവശ്യപ്പെട്ട്
രണ്ടു ദിവസത്തിനു ശേഷം ഫോൺ ഇടനിലക്കാരൻ മുഖേന തിരികെ നൽകി. കേസ് മയപ്പെടുത്തുന്നതിന് 3.5 ലക്ഷം വേണമെന്നും ആവശ്യപ്പെട്ടു.ഭീഷണി തുടർന്നതോടെ പരാതിക്കാരൻ വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിനെക്കണ്ട് കാര്യങ്ങൾ അറിയിച്ചു. അന്വേഷണത്തിനായി വിജിലൻസ് വടക്കൻ മേഖലാ എസ്പി പ്രജീഷ് തോട്ടത്തിലിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
വിജിലൻസ് സംഘം നിരീക്ഷിക്കുന്നതിനിടെ, കഴിഞ്ഞ 24ന് പരാതിക്കാരൻ നീല നിറത്തിലുള്ള ഐ ഫോൺ വാങ്ങി സുഹൈൽ നിർദേശിച്ച ഇരിങ്ങാലക്കുട സ്വദേശിയായ ഏജന്റ് ഹാഷിം വശം കൊടുത്തയച്ചു. ആവശ്യപ്പെട്ട പണം തവണകളായി നൽകിയാൽ മതിയെന്ന് സുഹൈൽ പരാതിക്കാരനെ അറിയിച്ചു.
ഇതുപ്രകാരം ആദ്യ ഗഡുവായ 50,000 രൂപ ഇന്നലെ ഉച്ചയോടെ മുഹമ്മദ് ബഷീറിന്റെ കയ്യിൽ ഏൽപ്പിക്കുന്നതിനിടെ പൊലീസ് ഇയാളെയും തുടർന്ന് സുഹൈലിനെയും അറസ്റ്റ് ചെയ്തു.ഡിവൈഎസ്പിമാരായ ഷാജി വർഗീസ്, സുനിൽ കുമാർ, ഇൻസ്പെക്ടർമാരായ ശിവപ്രസാദ്, എം.പി.രാജേഷ്, എസ്ഐമാരായ ജയരാജൻ, സുനിൽ, പ്രദീപൻ, ഷാജി, ഉദ്യോഗസ്ഥരായ ഗിരീഷ്, സിന്ധു, അനിൽ, അബ്ദുൽ കലാം, സോജി, ഷാജു, ബിജു, ശിവദാസൻ, ഷൈഹിൻ, നിതിൻ ലാൽ എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.