തിരൂരങ്ങാടി ∙ സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി ജ്വല്ലറിയിൽനിന്ന് ഒരു പവന്റെ വള മോഷ്ടിച്ച പ്രതിയെ പിടികൂടി. തിരൂർ പറവണ്ണ യാറൂക്കാന്റെ പുരക്കൽ ആഷിഖ് (43) ആണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 2ന് കുന്നുംപുറം കുന്നുമ്മൽ ഗോൾഡ് പാലസിലാണ് മോഷണം നടത്തിയത്.
ഉടമ കുന്നുമ്മൽ മജീദ് മാത്രമായിരുന്നു ആ സമയം കടയിലുണ്ടായിരുന്നത്. വള വാങ്ങാനെന്നു പറഞ്ഞ് എത്തിയ ഇയാൾക്ക് ഉടമ വളയുടെ മോഡലുകൾ കാണിച്ചു കൊടുത്തു. 2 വളകൾ പരിശോധിച്ച ശേഷം ഇയാൾ അതിലൊന്ന് സമർഥമായി പോക്കറ്റിലിട്ടു. മറ്റേ വള കാണിച്ച് ബില്ലടിക്കാൻ പറഞ്ഞു. ഇതിനിടെ സ്കൂട്ടറിന്റെ ചാവി എടുക്കാനെന്നു പറഞ്ഞു പുറത്തിറങ്ങി കടന്നുകളയുന്നതു കണ്ട ജ്വല്ലറിയുടമ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
ഇയാളെ പിന്നീട് താനൂർ ഡിവൈഎസ്പി പി.വി.ബെന്നിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം വെട്ടത്തുവച്ച് പിടികൂടി. മോഷ്ടിച്ച വള തിരൂരിൽ വിറ്റതായാണു പറയുന്നത്. ഇയാൾക്കെതിരെ ഇത്തരത്തിൽ 9 കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.