ADVERTISEMENT

പൊന്നാനി ∙ ഉറൂബിന്റെ മകന് ചിലതു പറയാനുണ്ട്.. അച്ഛൻ കഥകളിലൂടെയും വല്യച്ഛൻ ഇടശ്ശേരി കവിതകളിലൂടെയുമാണ് പറഞ്ഞതെങ്കിൽ സുധാകരൻ എടക്കണ്ടിക്ക് പറയാനുള്ളതത്രയും ചിത്രങ്ങളിലൂടെയാണ്. ആകുലതകളാണെറെയും. കോവിഡും പ്രളയവും തീർത്ത നീറ്റലുകൾ നിറങ്ങളിലൂടെ പറഞ്ഞു വച്ചിട്ടുണ്ട്. 

എല്ലാം പൊന്നാനി ചാർക്കോൾ ആർട് ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്. ഉറൂബിന്റെ മുന്നാമത്തെ മകനാണ് സുധാകരൻ എടക്കണ്ടി. കഥയും കവിതയും ആകർഷിച്ചതിനെക്കാൾ നിറങ്ങളാണ് സുധാകരനെ സ്വാധീനിച്ചത്. കോവിഡ് കാലവും പ്രളയവും മനുഷ്യനെ തന്നിലേക്കുതന്നെ ചുരുക്കിയെന്ന് ചിത്രങ്ങളിലൂടെ പറയുന്നു. 

കരയാത്തതെന്തേ

1979 ജൂലൈ 10ന് കുറ്റിപ്പുറം കെൽട്രോണിലേക്ക് ഒരു ഫോൺ കോൾ.. അന്ന് അവിടെയായിരുന്നു ജോലി. കോൾ. ‘അച്ഛന് ചെറിയൊരു ദേഹാസ്വാസ്ഥ്യം.. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.. കുഴപ്പമൊന്നുമില്ല. പെട്ടെന്ന് വരണം..’– ഫോൺ വച്ചപ്പോൾ തന്നെ ഞാൻ കോട്ടയത്തെ ആശുപത്രിയിലേക്ക് പോകാൻ തയാറെടുത്തു.. ബസ് യാത്രയ്ക്കിടയിൽ എന്റെ മുൻപിലിരുന്ന് ഒരാൾ പത്രം വായ്ക്കുന്നുണ്ട്. 

സായാഹ്ന പത്രമാണ്.. പത്രത്തിലേക്ക് വെറുതെയൊന്ന് എത്തി നോക്കി.. കണ്ണിൽ ഉടക്കിയ വാർത്ത വായിച്ച് ഞാനൊന്ന് പതറി..  ‘ഉറൂബ് അന്തരിച്ചു..’– അതായിരുന്നു വാർത്ത.  അച്ഛന്റെ മരണ വിവരം പത്രത്തിലൂടെ അറിഞ്ഞു. പിറ്റേന്ന് പെരുമഴയുള്ള ദിനമായിരുന്നു.. മൃതദേഹം കോഴിക്കോട്ടെത്തിച്ചു. അവിടെയാണ് സംസ്കാര ചടങ്ങുകൾ. മരണ വീട്ടിലേക്ക് ആളുകൾ വന്നുകൊണ്ടേയിരുന്നു അച്ഛന്റെ മരണം എന്നെ കരയിച്ചില്ല. 

അച്ഛനോളം അല്ലെങ്കിൽ അച്ഛനെക്കാൾ എനിക്കിഷ്ടമായിരുന്നു വല്യച്ഛൻ ഇടശ്ശേരിയെ. അദ്ദേഹം മരിച്ചപ്പോഴും എനിക്ക് കരച്ചിൽ വന്നില്ല. അച്ഛന്റെ കഥകളും വല്യച്ഛന്റെ കവിതകളും പിൽക്കാലത്ത് എനിക്കതിന് ഉത്തരം തന്നു.. മറ്റുള്ളവനെ ബോധ്യപ്പെടുത്താൻ ഒന്നും ചെയ്യേണ്ടതില്ല. വിടപറച്ചിലിന്റെ വേദനകൾ കരച്ചിലായി മാത്രമല്ല പ്രതിഫലിക്കപ്പെടുകയെന്ന തിരിച്ചറിവുമുണ്ടായി. 

പ്രദർശനം 4വരെഉറൂബിന്റെ കഥകളുടെയും ഇടശ്ശേരിയുടെ കവിതകളുടെയും മർമമറിയാൻ ശ്രമിച്ചയാളാണ് സുധാകരനിലെ ചിത്രകാരൻ. 33 ചിത്രങ്ങളാണ് പൊന്നാനി ചാർക്കോൾ ആർട് ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇൗ മാസം 4 വരെ പ്രദർശനമുണ്ടാകും. ആദ്യ ദിനം തന്നെ വലിയൊരു സാന്നിധ്യമായി

ഇടശ്ശേരിയുടെ മകൻ ഇ.മാധവനെത്തിയിരുന്നു. ലളിതകലാ അക്കാദമി സെക്രട്ടറി എൻ.ബാലമുരളി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സുധാകരൻ രചിച്ച ‘പൊന്നാനിയിലെ ദൃശ്യകലാ പാരമ്പര്യം’ എന്ന പുസ്തകം ഉത്തമൻ കാടഞ്ചേരിക്ക് നൽകി എഴുത്തുകാരൻ നന്ദൻ പ്രകാശനം ചെയ്തു. കെ.യു.കൃഷ്ണകുമാർ ആധ്യക്ഷ്യം വഹിച്ചു. ചാർക്കോൾ പ്രസിഡന്റ് മണികണ്ഠൻ പൊന്നാനി, ശോഭ കൊടീരി, വിജു നാരയരങ്ങാടി, കവി ഹരിയാനന്ദകുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com