മലപ്പുറം ∙ തൊഴിലുറപ്പ് പദ്ധതിയിൽ ആട്ടിൻകൂടുകൾ നിർമിക്കാൻ അനുമതി ലഭിച്ചശേഷം കൂട് നിർമിച്ച മൂന്നു സ്ത്രീകൾക്കു 30 ദിവസത്തിനകം ഫണ്ട് അനുവദിക്കാൻ തൊഴിലുറപ്പ് ഓംബുഡ്സ്മാൻ ഉത്തരവ്. വാഴയൂർ പഞ്ചായത്തിലെ മൂലാട്ടിൽ ഹെന്നത്ത്, മുണ്ടക്കാശ്ശേരി ദേവകി, പൊന്നാത്ത് ആമിന എന്നിവർക്കാണു 2021–22 സാമ്പത്തിക വർഷത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ആട്ടിൻ കൂട് നിർമിക്കാൻ അനുമതി നൽകിയത്.
നിർമാണം പൂർത്തീകരിച്ചു ബില്ലുകൾ പഞ്ചായത്തിൽ സമർപ്പിച്ചെങ്കിലും അർധ വിദഗ്ധ വേതനമോ, വിദഗ്ധ വേതനമോ, നിർമാണ സാമഗ്രികൾ വാങ്ങിയതിനു ചെലവഴിച്ച തുകയോ അനുവദിച്ചില്ല. ബാങ്കിൽ നിന്നു വായ്പയെടുത്തും കടം വാങ്ങിയുമാണു ആട്ടിൻകൂട് നിർമിച്ചതെന്നും ബാങ്ക് വായ്പകൾ ജപ്തി ഭീഷണിയിലാണെന്നും കാണിച്ചാണു ഓംബുഡ്സ്മാൻ സി.അബ്ദുൽ റഷീദിനു പരാതി നൽകിയത്.
ഓംബുഡ്സ്മാൻ പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം തേടി. സാങ്കേതിക കാരണം കൊണ്ടാണു പണം അനുവദിക്കാൻ കഴിയാത്തതെന്ന് സെക്രട്ടറി വിശദീകരണം നൽകി. സാങ്കേതികക്കുരുക്ക് സൂചിപ്പിച്ചു ജില്ലാ പ്രോഗ്രാം കോഓർഡിനേറ്റർക്കു കത്ത് അയച്ചിട്ടുണ്ടെന്നും ഇതിനു മറുപടി ലഭിച്ചില്ലെന്നും ജില്ലാ ലോഗിനിൽ നിന്നു ശരിയാക്കി കിട്ടുന്ന മുറയ്ക്കു മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ എന്നും സെക്രട്ടറി മറുപടി നൽകി.
സർക്കാരിനെയും പഞ്ചായത്തിനെയും വിശ്വാസത്തിലെടുത്ത് ആട്ടിൻകൂട് നിർമിച്ച് വർഷങ്ങളായിട്ടും പണം ലഭിക്കാതെ പാവപ്പെട്ട സ്ത്രീകളെ ജപ്തി നടപടികളിൽ നിന്നു രക്ഷപ്പെടുത്താൻ 30 ദിവസത്തിനകം തുക നൽകണമെന്നാണു പഞ്ചായത്ത് സെക്രട്ടറി, കൊണ്ടോട്ടി ബ്ലോക്ക് പ്രോഗ്രാം ഓഫിസർ, ജില്ലാ പ്രോഗ്രാം കോഓർഡിനേറ്റർ എന്നിവരോട് ഓംബുഡ്സ്മാൻ ഉത്തരവിട്ടത്.