കരുളായി ∙ കാട്ടാന ശല്യംകൊണ്ട് പൊറുതിമുട്ടിയ പാലാങ്കര, കരുളായി മേഖലയിലെ കർഷകരുമായി നിലമ്പൂർ സൗത്ത് ഡിഎഫ്ഒ പി.പ്രവീൺ ചർച്ച നടത്തി. ആന ഇറങ്ങുന്നത് തടയാൻ സൗരോർജ വൈദ്യുത വേലി നിർമാണം ഉൾപ്പെടെ പ്രതിരോധ നടപടികൾക്ക് തീരുമാനമായി.
4 ദിവസം മുൻപ് കരുളായി വനത്തിൽ നിന്നിറങ്ങിയ 11 ആനകളുടെ കൂട്ടം വ്യാപക കൃഷി നാശം ഉണ്ടാക്കിയതിൽ പ്രതിഷേധം ഉയർന്നു. കർഷകർ, മൂത്തേടം മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ എന്നിവർ ഡിഎഫ്ഒയ്ക്ക് നിവേദനം നൽകിയ പശ്ചാത്തലത്തിലാണ് ഇന്നലെ കരുളായി കല്ലേംതോട് ഒപിയിൽ ചർച്ച നടത്തിയത്.
നെടുങ്കയം വനത്തിൽ നിന്ന് കല്ലേംതോട് വഴി കരിമ്പുഴയിലൂടെയാണ് പാലാങ്കര, കരുളായി ഭാഗത്ത് ആനകൾ എത്തുന്നത്. തടയാൻ കല്ലേംതോട് മുതൽ ചെറുപുഴ പാലം വരെ സൗരോർജ വൈദ്യുത വേലി നിർമിക്കാൻ തീരുമാനിച്ചു. കല്ലേംതോട് മുതൽ താന്നിപ്പൊട്ടി വരെ തൂക്ക് വേലി നിർമാണം ഉടൻ തുടങ്ങും. ആനയുടെ വരവ് അറിയാൻ കല്ലേംതോട് ഭാഗത്ത് അടിക്കാട് വെട്ടി നീക്കും. പ്രതിരോധം കാര്യക്ഷമമാക്കാൻ ജനകീയ സമിതി രൂപവൽക്കരിക്കും. രാത്രി പട്രോളിങ് ശക്തമാക്കും. പതിവായി ആന ഇറങ്ങുന്ന ഭാഗങ്ങളിൽ നിരീക്ഷണത്തിന് വാച്ചർമാരെ നിയോഗിക്കും.
പ്രദേശത്തെ യുവാക്കളെ ഉൾപ്പെടുത്തി എലിഫന്റ് സ്ക്വാഡ് ശക്തിപ്പെടുത്താനും തീരുമാനിച്ചു. റേഞ്ച് ഓഫിസർ പി.കെ. മുജീബ് റഹ്മാൻ, പഞ്ചായത്ത് അംഗം ഡെയ്സി തായങ്കരി, കെ.എ.പീറ്റർ, എം.വി.തോമസ്, മുജീബ് കോയ, ഇ.കെ.ഇബ്രാഹിം, പൊന്നൂസ് പഴംപള്ളിൽ, രാജൻ ജോർജ്, ലഞ്ജു മാത്യു, ഷൈൻ പാലാങ്കര എന്നിവർ ചർച്ചയിൽ പങ്കെടുത്തു.