തേഞ്ഞിപ്പലം ∙ എൻഎച്ചിൽ വാഹന ഗതാഗതം സർവീസ് റോഡ് വഴി ആക്കിയതിനെ തുടർന്ന് ബസ് കാത്തിരിപ്പുകേന്ദ്രം പലയിടത്തും പൊളിച്ചതോടെ വിദ്യാർഥികളടക്കം ആയിരങ്ങൾ പൊരിവെയിലത്ത്. യൂണിവേഴ്സിറ്റി സ്റ്റോപ്പിൽ കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ് മാറ്റിയതോടെ നിലവിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം വെറുതെയായി.
ഏതാനും വർഷം മുൻപ് മലയാള മനോരമ സ്ഥാപിച്ചതാണിത്. വിദ്യാർഥികൾ അടക്കം ആയിരങ്ങൾ ഇപ്പോൾ ബസ് കാത്തും ബസിൽ നിന്ന് ഇറങ്ങിയ ശേഷവും വെയിൽ സഹിക്കേണ്ട ദുരിതത്തിലാണ്. താഴെ ചേളാരിയിൽ ഇരു വശങ്ങളിലെയും ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചിട്ട് മാസങ്ങളായി. മേലേ ചേളാരിയിലെ കാത്തിരിപ്പ് കേന്ദ്രങ്ങളും സമീപ കാലത്ത് പൊളിച്ചു.
പാണമ്പ്ര, ചെട്ട്യാർമാട്, കാക്കഞ്ചേരി തുടങ്ങി പലയിടത്തും കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതിന്റെ ദുരിതം അസഹ്യമാണ്. പ്രശ്നം ജില്ലാ വികസന സമിതി യോഗത്തിൽ പി.അബ്ദുൽ ഹമീദ് എംഎൽഎ രണ്ട് തവണ ഉന്നയിച്ചെങ്കിലും പരിഹാരം ഉണ്ടായില്ല. എൻഎച്ച് സർവീസ് റോഡ് എല്ലായിടത്തും പൂർണ സജ്ജമായ ശേഷം മാത്രമേ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കാൻ കഴിയൂവെന്നാണ് എൻഎച്ച് അതോറിറ്റി പ്രതിനിധി ജില്ലാ വികസന സമിതി യോഗത്തിൽ നൽകിയ മറുപടി.