തിരൂർ ∙ ഏറെ യാത്രക്കാരുള്ള തിരൂർ – മഞ്ചേരി റൂട്ടിൽ ബസുകളുടെ എണ്ണം വെട്ടിക്കുറച്ച് കെഎസ്ആർടിസി. മുൻപ് പതിമൂന്നിലേറെ ബസുകൾ സർവീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ഓടുന്നത് 3 ബസുകൾ മാത്രം. ജില്ലാ ആസ്ഥാനമായ മലപ്പുറത്തേക്കും കോട്ടയ്ക്കൽ ഭാഗത്തേക്കും മഞ്ചേരി, നിലമ്പൂർ എന്നിവിടങ്ങളിലേക്കും തിരൂർ ഭാഗത്ത് നിന്ന് പോകാനും ഗൾഫ് മാർക്കറ്റ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് വരാനും ഒട്ടേറെ യാത്രക്കാരുണ്ട്.
13 ബസുകൾ ഓടിയിരുന്ന സമയത്ത് യാത്രാക്ലേശമുണ്ടായിരുന്നില്ല. മാത്രമല്ല, ഈ ബസകളെല്ലാം ലാഭത്തിലുമായിരുന്നു. എന്നാൽ പതിയെ സർവീസുകൾ വെട്ടിക്കുറയ്ക്കുകയായിരുന്നു.നിലവിൽ 3 ബസുകൾ മാത്രമാണ് ഈ പാതയിൽ ഓടുന്നത്. ഇതോടെ യാത്രാക്ലേശം രൂക്ഷമായിട്ടുണ്ട്. രാത്രി 6 മണിക്കു ശേഷം കെഎസ്ആർടിസിയുടെ ഒരു വണ്ടിയും ഈ വഴി ഓടുന്നില്ല.
ബസുകളുടെ എണ്ണം കുറഞ്ഞതാണു സർവീസുകൾ വെട്ടിക്കുറയ്ക്കാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. രാത്രി സ്വകാര്യ ബസുകളുടെ എണ്ണവും ഈ പാതയിൽ കുറവാണ്.
ബസുകളുടെസമയക്രമം
മലപ്പുറം ഭാഗത്തേക്ക് തിരൂരിൽ നിന്നുള്ള ബസുകൾ
∙ 5.45 എഎം പൊന്നാനി – മൈസൂരു
∙ 9.10 എഎം തിരൂർ – മഞ്ചേരി
∙ 12.00 പിഎം തിരൂർ – മലപ്പുറം
∙ 12.20 പിഎം തിരൂർ – മഞ്ചേരി
∙ 12.50 പിഎം തിരൂർ – മഞ്ചേരി
∙ 1.10 പിഎം തിരൂർ – മഞ്ചേരി
∙ 1.20 പിഎം തിരൂർ – മലപ്പുറം
∙ 6.00 പിഎം തിരൂർ – മലപ്പുറം