നെല്ലറയിൽ വെള്ളമെത്തിക്കാൻ എക്സ്പ്രസ് കനാലിന് 5 കോടി

Mail This Article
തിരൂരങ്ങാടി ∙ ബജറ്റിൽ എക്സ്പ്രസ് കനാലിന് തുക അനുവദിച്ചതിൽ കർഷകർക്ക് ആശ്വാസം. താലൂക്കിന്റെ നെല്ലറ എന്നറിയിപ്പെടുന്ന വെഞ്ചാലിയിലെ ഹെക്ടർ കണക്കിന് വരുന്ന കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനാണ് എക്സ്പ്രസ് കനാൽ നിർമിക്കുന്നത്. നേരത്തേ, ഒന്നിലേറെത്തവണ പദ്ധതിക്ക് അംഗീകാരം ലഭിച്ചിരുന്നെങ്കിലും അവസാന നിമിഷം തള്ളിപ്പോകുകയായിരുന്നു. ഇത്തവണ പദ്ധതിക്ക് 5 കോടി രൂപ അനുവദിച്ചു. വെഞ്ചാലി, കണ്ണാടിത്തടം, സികെ നഗർ, കൊടിഞ്ഞി, ചെറുമുക്ക്, കുണ്ടൂർ, കുണ്ടൂർ അത്താണിക്കൽ തുടങ്ങിയ പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കാൻ ചോർപ്പെട്ടി പമ്പ് ഹൗസിൽ നിന്നുള്ള കനാൽ മാത്രമാണുള്ളത്.
5 കിലോമീറ്ററിലേറെ ദുരെയുള്ള കുണ്ടൂർ അത്താണിക്കൽ പാടശേഖരത്തേക്കും പരിസര പാടശേഖരങ്ങളിലേക്കും യഥാസമയം വെള്ളമെത്താൻ ഇത് മതിയാകുന്നില്ല. അടുത്തുള്ള പാടശേഖരങ്ങളിലേക്ക് വെള്ളമെടുക്കുന്നതിനാൽ ദൂരെയുള്ള ഭാഗങ്ങളിലേക്ക് വെള്ളം എത്തുന്നില്ലെന്നാണ് കർഷകരുടെ പരാതി.
പലപ്പോഴും തർക്കത്തിനും കാരണമായിരുന്നു. കുണ്ടൂർ ഭാഗത്തുള്ളവർ തോട്ടിലേക്ക് വെള്ളമെത്തിച്ച് സ്വന്തം ചെലവിൽ ഇവിടെ നിന്ന് കൃഷിയിടത്തിലേക്ക് എത്തിക്കുകയാണ് ചെയ്തിരുന്നത്. കനാലിന്റെ വീതി കുറവും വെള്ളമെത്താതിരിക്കാൻ കാരണമായിരുന്നു.
ഇതിന് പരിഹാരമായി സമാന്തരമായി മറ്റൊരു കനാൽ നിർമിക്കുകയോ അല്ലെങ്കിൽ നിലവിലെ കനാൽ വീതി കൂട്ടുകയോ വെണമെന്നായിരുന്നു കർഷകരുടെ ആവശ്യം. പമ്പ് ഹൗസിൽ 4 മോട്ടറുകളുണ്ടെങ്കിലും രണ്ടെണ്ണമാണ് പ്രവർത്തിക്കുന്നത്. ഒരേ സമയം 2 മോട്ടറുകൾ പ്രവർത്തിപ്പിച്ചാലുള്ള വെള്ളം ശേഖരിക്കാനുള്ള വീതി കനാലിനില്ലാത്തതിനാൽ ഒരു മോട്ടർ മാത്രമാണ് പ്രവർത്തിപ്പിക്കുന്നത്. കർഷകരുമായി ചർച്ചചെയ്ത് കനാൽ സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് കെ.പി.എ.മജീദ് എംഎൽഎ പറഞ്ഞു.