വളാഞ്ചേരി ∙ എടുത്തു പറയാൻ പ്രത്യേക പദ്ധതികളൊന്നുമില്ലാത്ത സംസ്ഥാന ബജറ്റിൽ, മേഖലയോട് കടുത്ത അവഗണന. ആവശ്യപ്പെടുന്ന പല പദ്ധതികളോടും മുഖം തിരിച്ച സ്ഥിതിയും. കോട്ടയ്ക്കൽ മണ്ഡലത്തിൽ ഒരു റോഡ് നവീകരണത്തിനു മാത്രമാണ് ബജറ്റിലുൾപ്പെട്ട് തുക വകയിരുത്തിയത്. ബാക്കിയെല്ലാം ടോക്കൺ തുകയിലൊതുങ്ങി. 10 വർഷം മുൻപ് പണി തുടങ്ങിയ കഞ്ഞിപ്പുര–മൂടാൽ ബൈപാസിന് പണിതീരണമെങ്കിൽ ഇനിയും 25 കോടി രൂപയെങ്കിലും വേണം. ഇത്തവണ ടോക്കൺ തുകയിലൊതുക്കി. കഴിഞ്ഞ ബജറ്റിലും ഇതു തന്നെയായിരുന്നു സ്ഥിതി.
നഗരത്തിലെ വാഹനക്കുരുക്ക് അഴിക്കാനും വട്ടപ്പാറ വളവിലെ അപകടങ്ങൾ ഒഴിവാക്കാനും മികച്ച സംവിധാനമായാണ് കഞ്ഞിപ്പുര–മൂടാൽ ബൈപാസ് ആവിഷ്കരിച്ചത്. മൂടാൽ എംപയർ, കാർത്തല മർകസ്, പാഴൂർ കെഎംസിടി കോളജുകളും കാർത്തല മാൽക്കോടെക്സും ഈ റോഡിനെ ആശ്രയിച്ചുള്ളവയാണ്. വളാഞ്ചേരി സബ്ട്രഷറി, എടയൂർ, ഇരിമ്പിളിയം പഞ്ചായത്ത് ഓഫിസുകൾ, എടയൂർ, നടുവട്ടം, മാറാക്കര വില്ലേജ് ഓഫിസുകൾ എന്നിവയ്ക്കെല്ലാം ടോക്കൺ തുകയാണ് വകയിരുത്തിയിട്ടുള്ളത്.
തിരൂർ–കുറ്റിപ്പുറം റോഡിൽ ചെമ്പിക്കൽ നിന്ന് പാഴൂർ, അമ്പലപ്പടി, ഊരോത്ത്പള്ളിയാൽ വഴി പരിതിയിലേക്കുള്ള റോഡ് റബറൈസ് ചെയ്യാൻ 7 കോടി രൂപ ആവശ്യപ്പെട്ടതും ടോക്കൺ തുകയിലൊതുക്കി. കാവുംപുറത്തുള്ള കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിനു 15 കോടി രൂപ ചെലവിൽ കെട്ടിടം നിർമിക്കാൻ ലക്ഷ്യമിട്ടിരുന്നു. അതിനും ടോക്കൺ സംഖ്യയാണ് വച്ചിട്ടുള്ളത്.