ADVERTISEMENT

മലപ്പുറം ∙ കേരള സ്‌കൂൾ ടീച്ചേഴ്‌സ്‌ അസോസിയേഷൻ (കെഎസ്‌ടിഎ) സംസ്ഥാന അധ്യാപക കലോത്സവം നടൻ സുധീർ കരമന ഉദ്‌ഘാടനം ചെയ്‌തു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 29 ഇനങ്ങളിലായി ആയിരത്തോളം അധ്യാപകർ പങ്കെടുക്കും. മലപ്പുറം ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്കൂൾ, ഗവ. ബോയ്‌സ്‌ ഹയർ സെക്കൻഡറി സ്കൂൾ, ടൗൺ ഹാൾ, ജിഎൽപിഎസ്‌ കോട്ടപ്പടി, ടിടിഐ മലപ്പുറം എന്നിവിടങ്ങളാണു വേദി. ഉദ്ഘാടനച്ചടങ്ങിൽ കെഎസ്‌ടിഎ സംസ്ഥാന പ്രസിഡന്റ്‌ ഡി.സുധീഷ്‌ ആധ്യക്ഷ്യം വഹിച്ചു. ജനറൽ സെക്രട്ടറി എൻ.ടി.ശിവരാജൻ, ട്രഷറർ ടി.കെ.എ.ഷാഫി, വി.പി.അനിൽ, കെ.രാഘവൻ തുടങ്ങിയവർ പ്രസംഗിച്ചു.

ചടങ്ങിനൊത്ത അതിഥി

കെഎസ്‌ടിഎ സംസ്ഥാന അധ്യാപക കലോത്സവം മലപ്പുറത്ത് സിനിമാതാരം സുധീർ കരമന ഉദ്ഘാടനം ചെയ്യുന്നു.
കെഎസ്‌ടിഎ സംസ്ഥാന അധ്യാപക കലോത്സവം മലപ്പുറത്ത് സിനിമാതാരം സുധീർ കരമന ഉദ്ഘാടനം ചെയ്യുന്നു.

സിനിമകളുടെ എണ്ണത്തിൽ ഡബിൾ സെഞ്ചറി തികയ്ക്കാൻ തയാറായി നിൽക്കുകയാണ് നടൻ സുധീർ കരമന. റസൂൽ പൂക്കുട്ടിയുടെ സംവിധാനത്തിൽ അടുത്തമാസം ചിത്രീകരണം തുടങ്ങുന്ന സിനിമ സുധീറിന്റെ ഇരുനൂറാം ചിത്രമാണ്. മലപ്പുറത്തു നടക്കുന്ന കെഎസ്‌ടിഎ സംസ്ഥാന അധ്യാപക കലോത്സവത്തിൽ അതിഥിയായി എത്തിയ അദ്ദേഹം സ്വന്തം വിശേഷങ്ങൾ മനോരമയോടു പങ്കുവച്ചപ്പോൾ

സിനിമാ മോഹം

അച്ഛനൊപ്പം (നടൻ കരമന ജനാർദനൻ നായർ) സിനിമാ സെറ്റുകളിൽ പോകുന്നത് ചെറുപ്പത്തിലെന്റെ ഹോബിയായിരുന്നു. അങ്ങനെയൊരിക്കൽ ചെന്നു പെട്ടത് കെ.ജി.ജോർജ് സംവിധാനം ചെയ്യുന്ന ‘മറ്റൊരാൾ’ സിനിമയുടെ സെറ്റിലാണ്. ജോർജ് സാറിന്റെ സംവിധാനരീതിയും സെറ്റിലെ മൊത്തത്തിലുള്ള സാഹചര്യവുമെല്ലാം കണ്ടപ്പോൾ എനിക്കും സിനിമയുടെ ഭാഗമാകണമെന്ന തോന്നലുണ്ടായി. അതിന് അവസരം വന്നതു വർഷങ്ങൾ കഴിഞ്ഞാണെന്നു മാത്രം.

വഴിത്തിരിവ്

∙ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജാണ് കലാകാരനെന്ന നിലയിൽ എന്റെ വളർച്ചയുടെ പ്രധാന അടിത്തറ. നാടകം, പ്രച്ഛന്ന വേഷം, മൈം എന്നിങ്ങനെയുള്ളവയിലെല്ലാം മത്സരിച്ച് പുരസ്കാരങ്ങൾ അന്നു നേടിയിരുന്നു. ഒരു തവണ സമ്മാന വിതരണത്തിന് അതിഥിയായി എത്തിയത് അച്ഛൻ തന്നെയാണ്. ‘മകൻ അച്ഛന്റെ പാരമ്പര്യം കാത്തു’ എന്നിങ്ങനെയുള്ള തലക്കെട്ടുകൾ അന്നു പത്രങ്ങളിൽ വന്നിരുന്നു. എന്റെ ഉള്ളിലുള്ള കലാകാരനെ പരുവപ്പെടുത്തിയെടുത്തത് കോളജ് പഠന കാലമാണ്.

അധ്യാപകൻ

∙ 23 വയസ്സു മുതൽ 51 വയസ്സുവരെ അധ്യാപകനായി ജോലി ചെയ്തയാളാണ് ഞാൻ. കേരളത്തിലും ഖത്തറിലും സ്കൂൾ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. കൂടുതൽ കാലവും ഹയർ സെക്കൻഡറി പ്രിൻസിപ്പലിന്റെ ചുമതലയിലായിരുന്നു.അധ്യാപകരെല്ലാം ഒരു പെർഫോമിങ് ആർട്ടിസ്റ്റാണെന്ന വിശ്വാസക്കാരനാണ് ഞാൻ. ആദ്യം അധ്യാപകൻ കുട്ടികളുടെ മനസ്സിൽ പതിയണം. എന്നാലേ അവർ പഠിപ്പിക്കുന്ന വിഷയം കുട്ടികൾക്കു മനസ്സിലാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com